
ചിലപ്പോൾ ചോദ്യങ്ങളുടെ
സഹജമായ അന്ത്യമാകാം
ശരിയുത്തരം.
വളഞ്ഞ വഴിയിലൂടെ
കണ്ടുപിടിച്ചാലും
നേർവഴിയിലൂടെ
കണ്ടുപിടിച്ചാലും
ഒരിക്കൽ ഉത്തരം കിട്ടുന്നതോടെ
വഴികളൊക്കെ തികച്ചും അപ്രസക്തം.
ഒഴിഞ്ഞ ഇടത്തിന്റെ
ഒളിഞ്ഞിരിക്കുന്ന പ്രയോജനം
ചോദ്യങ്ങൾക്കതീതമായ
ഉത്തരമാകട്ടെ.
ഊർജ്ജസ്വലമായ മഹാമുദ്രകൾ
പ്രാചീനമായ ഉത്തരത്തിനു നവഭാഷ്യങ്ങൾ നൽകട്ടെ.
മരണത്തെയല്ല
മറിച്ച് മരണശേഷവും സജീവമാകുന്ന ജീവനെക്കുറിച്ച് അനുനിമിഷം ധ്യാനിക്കാം.
ഉത്തരത്തെക്കുറിച്ചല്ല, മറിച്ച് ചോദ്യത്തെക്കുറിച്ച് തന്നെ
പേർത്തും പേർത്തും ചിന്തിക്കാം.
തെറ്റായ ചോദ്യങ്ങൾ
ശരിയുത്തരത്തിൽ നിന്നും
നമ്മെ പതിനായിരം മൈൽ
അകലെ എത്തിക്കും.
വഴിയിലെങ്ങാനും
ഉത്തരംമുട്ടിയ അനാഥ-
ചോദ്യങ്ങളെ കണ്ടുമുട്ടിയാൽ
അന്തം വിട്ടു നിൽക്കരുത്.
അവയ്ക്ക് താമസിക്കാൻ
കടം വാങ്ങിയെങ്കിലും
ഉത്തരക്കല്ലുള്ള
ഒരു വീട് പണിയാം.
ഇറവെള്ളത്തിന്റെ ചോദ്യം
സമുദ്രം ഉത്തരം!
കീഴാളന്റെ ന്യായമായ ചോദ്യത്തിന്
മേലാളന്റെ തർക്കുത്തരം.
മുള്ളിന്റെ നൃശംസാത്മകമായ
ചോദ്യത്തിന്
പരിമളം ചൊരിയുന്ന ഉത്തരം
റോസാപ്പൂവിന്.
ഞാനാരെന്ന ചോദ്യത്തിന്റെ
മഹത്തായ മൌനോത്തരം
മണ്ണപ്പത്തെയും
കടൽമുത്തുകളേയും
ഉത്തരോത്തരം പുൽകട്ടെ!
മഹാനായ ചോദ്യകർത്താവിനെ
കണ്ടെത്തട്ടെ!!
ഇനിയങ്ങോട്ട് ഉത്തരങ്ങളെ
ചോദ്യം ചെയ്യുന്നതിനു പകരം
ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ
വിശ്രാന്തിയിൽ താലോലിക്കാം.
ഞാനാര് നീയാര്
നമ്മളൊക്കെ എവിടെ നിന്നു വന്നു
ഇനിയെങ്ങോട്ട് പോകും
പോയാൽ ഇനിയൊരു
തിരിച്ചു വരവുണ്ടാകുമൊ
നിത്യതയുടെ പൂക്കാലം
മണ്ണിന്റെ ഭാസുരസങ്കൽപ്പങ്ങളിൽ
മാത്രം ഒതുങ്ങിപ്പോകുമൊ?
ഉത്തരാഭാസത്തെക്കാൾ നന്ന്
ഒരു നിമിഷം ഉത്തരം മുട്ടി
സ്വന്തം മുറ്റത്ത് ഒന്നമ്പരന്നു നിൽക്കുന്നത്.
ഇതളുകൾ കൂമ്പിത്തുടങ്ങിയ
മന്ദാരപ്പൂവ് ഒരുത്തരമല്ലേ?
സാന്ധ്യാകാശത്ത് മിഴി തുറക്കുന്ന
കുഞ്ഞുനക്ഷത്രം മറ്റൊരുത്തരമല്ലേ?
കാലക്കുതിരയുടെ കുളമ്പടി നാദത്തിനു
വഴങ്ങാതെ എനിക്കും നിനക്കും
ചോദ്യങ്ങളായി ജീവിക്കാം;
ഒരു പൊൻപുലരിയിൽ
ഉത്തരക്രിയക്ക് വഴങ്ങാതെ
ശലഭച്ചിറകുകളിൽ പറന്നുയരാം!
അനന്തതയിൽ നിന്ന്
അനന്തതയിലേക്ക്!!