
റാകിപ്പറന്ന പരുന്തിന്റെ പാഠങ്ങൾ
റാന്തൽവെട്ടത്തിൽ പഠിച്ചുവളർന്ന, നാം;
റൂൾത്തടിയാലടി നൽകുവാനായുന്ന
റസീനടീച്ചറിൻ ക്ലാസ്സിൽ പഠിച്ച നാം
റേഷനരിവാങ്ങിത്തിരികേ വരുംവഴി
റിക്ഷകളോടുന്ന വഴികളിലൂടെയും
റൊട്ടിയും വാങ്ങുവാനോ ടിത്തളർന്നവർ;
റവറന്റ് ഫാദറിൻ സ്കൂളിൽ പഠിച്ചവർ.
റവുക്കയും മുണ്ടുമണിഞ്ഞ മുത്തശ്ശിമാർ
റാമും റഹീമുമൊന്നാണെന്നുരച്ചനാൾ;
റോസാച്ചെടികൾക്കു നന്നായ്ക്കൊതിച്ച നാം
റംസാനും ക്രിസ്മസ്സും പൊന്നോണവും പിന്നെ,
റേഡിയോ ഗാനമായാസ്വദിച്ചെത്രനാൾ
റോക്കറ്റുപോലകന്നില്ലെയാ, ബാല്യവും;
റൊക്കം പണംനൽകി മാഞ്ഞില്ലെ സ്നേഹവും ?
റാഞ്ചൽനടത്തിക്കടന്ന പരുന്തുപോൽ
റോഡിലൂടോരോ സൈക്കിളിൽച്ചുറ്റിയും
റിഹേഴ്സൽനടത്തിപ്പഠിച്ചതാം നാടകം
റീലാക്കിമാറ്റുവാനറിയാതെ നീങ്ങിയും;
റാട്ടിൻസ്വരത്താലുണർന്ന ഗ്രാമങ്ങളിൽ
റാഗി പൊടിച്ചു വറുത്തു ഭക്ഷിച്ചതും
റബ്ബർമരങ്ങളന്നന്നം പകർന്നതും
റാത്തലിറച്ചി വാങ്ങാൻപോലുമാകാതെ,
റുപ്പികയ്ക്കായിക്കൊതിച്ചു, കരഞ്ഞതും
റാങ്കു നൽകാത്തതാം ജീവിതപാഠങ്ങൾ;
റോസാദളംപോലടർന്നതാം കനവുകൾ.
റമ്മെന്ന ലഹരിയില്ലാത്തയാക്കാലവും റഷ്യൻ നാടോടിക്കഥകൾതൻ ലഹരിയും
റീനയോർക്കുന്നില്ലെ,യിന്നുമെന്നുള്ളിലും
റിംഗുകൊണ്ടമ്മാനമാടുന്നു ബാല്യകം
റാകിപ്പറക്കുന്ന ചെമ്പരുന്തേ, നിന്നെ
റോമിങ്ങിലറിയാതെയാക്കുന്നു നഗരവും...