
മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് ബഹ്റൈന് സംഘടിപ്പിച്ച 'ഓണോത്സവം 2026' ഓണാഘോഷ പരിപാടികള് സല്മാനിയ കെ. സിറ്റി ഹാളില് വച്ച് വര്ണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പ്രവാസലോകത്ത് നാടിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരസ്മരണകളും ഉണര്ത്തിയ ആഘോഷത്തില് അസോസിയേഷന് അംഗങ്ങളും കുടുംബാംഗങ്ങളും ഉള്പ്പെടെ വന് ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
അസോസിയേഷന് പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയില് ചേര്ന്ന സാംസ്കാരിക സമ്മേളനം സീനിയര് ജേര്ണലിസ്റ്റും എഴുത്തുകാരിയുമായ ശ്രീമതി രാജി ഉണ്ണികൃഷ്ണന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി സാഹിത്യ രത്ന അവാര്ഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ശ്രീ റോയി പൂച്ചേരില് ചടങ്ങില് മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം കൈമാറി.

അസോസിയേഷന് ജനറല് സെക്രട്ടറി അനൂപ് പള്ളിപ്പാട് ചടങ്ങില് സ്വാഗതം ആശംസിച്ചു. അസോസിയേഷന് രക്ഷാധികാരിയും സീനിയര് അംഗവുമായ ശ്രീ ജോര്ജ്ജ് അമ്പലപ്പുഴ, വൈസ് പ്രസിഡന്റ് ശ്രീമതി ആതിര പ്രശാന്ത് എന്നിവര് ആശംസകള് അര്പ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കണ്വീനര് അനീഷ് ആലപ്പുഴ ചടങ്ങിന് ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി.
സനോജ് ഭാസ്കര്, സഞ്ജു എം. സനു എന്നിവരുടെ അവതരണ മികവും വിനായക് വിജയകുമാറിന്റെ സ്റ്റേജ് കണ്ട്രോളും പരിപാടികളുടെ ഒഴുക്കും ആകര്ഷണീയതയും ഇരട്ടിയാക്കി.

രാവിലെ മനോഹരമായ അത്തപ്പൂക്കളമത്സരത്തോടെയും മാവേലിമന്നനെ ഹാളിലേക്ക് വരവേറ്റും ആഘോഷങ്ങള്ക്ക് തുടക്കമായി. തുടര്ന്ന് അസോസിയേഷന് അംഗങ്ങളും കുട്ടികളും അണിനിരന്ന വിവിധ കലാപരിപാടികള് അരങ്ങേറി. പൂജാ ഡാന്സ്, തിരുവാതിരക്കളി, കൈകൊട്ടിക്കളി, മാര്ഗ്ഗംകളി, സംഘനൃത്തങ്ങള്, നാടന് പാട്ടുകള്, ഓണപ്പാട്ടുകള് എന്നിവ കാണികളുടെ മനംകവര്ന്നു. കാണികളെ ആവേശത്തിലാഴ്ത്തിയ വിവിധ ഓണക്കളികളും ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടി.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു. ചടങ്ങില് വിവിധ കലാപരിപാടികള് അവതരിപ്പിച്ച കലാകാരന്മാര്ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു.
പ്രവാസി സമൂഹത്തിന് ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം പകര്ന്ന 'ഓണോത്സവം 2026' വന് വിജയമാക്കാന് സഹകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്ക്കും, അസോസിയേഷന് അംഗങ്ങള്ക്കും, വടംവലി ടീമായ ബ്ലാസ്റ്റേഴ്സ് ആലപ്പുഴയുടെ പ്രിയപ്പെട്ടവര്ക്കും, ഒപ്പം നിന്ന എല്ലാവര്ക്കും സംഘാടക സമിതി നന്ദി രേഖപ്പെടുത്തി.