Image

ബാൽക്കണി ( കഥ : രമണി അമ്മാൾ )

Published on 07 October, 2026
ബാൽക്കണി ( കഥ : രമണി അമ്മാൾ )

വീടിനുള്ളിൽ കുടുങ്ങിപ്പോയ പകലുകൾക്ക് പുറത്തേക്കിറങ്ങാനുള്ള ഒരു ചെറിയ വഴിയായിരുന്നു ആ ബാൽക്കണി.
വിവാഹം കഴിഞ്ഞ് ഈ നഗരത്തിലെ ഫ്ലാറ്റിൽ താമസമാക്കിയ ആദ്യനാൾ മുതൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടവും.  വീടിനുള്ളിൽ പകൽ മുഴുവൻ പല ജോലികളിൽ വ്യാപൃതയായിരുന്നാലും, വൈകുന്നേരമാകുമ്പോൾ അവൾ ബാൽക്കണിയിലെത്തും.
ആകാശത്തിന്റെ നിറം മാറുന്നത് നോക്കിനിൽക്കുകയായിരുന്നു അവളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം.
ആദ്യം ഇളംനീല...
പിന്നെ ഇളംമഞ്ഞ...
അതിനുശേഷം ഓറഞ്ചും ചുവപ്പും കലർന്ന സായംസന്ധ്യ.
ഒടുവിൽ, നിറങ്ങളെയെല്ലാം പതുക്കെ വിഴുങ്ങിക്കൊണ്ട് അരിച്ചെത്തുന്ന ഇരുട്ടും...
അങ്ങനെ സന്ധ്യകളെ എണ്ണിക്കൊണ്ടിരിക്കുമ്പോഴാണ് അവൾ കരെയോ കാത്തിരിക്കാൻ തുടങ്ങിയത്.
താഴെ, റോഡിലൂടെ ഓരോ ദിവസവും ഒരുപാട് മനുഷ്യർ കടന്നുപോകും. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. ഓരോരുത്തർക്കും അവരവരുടേതായ തിരക്കുകൾ...!
പക്ഷേ, അവളുടെ കണ്ണുകൾ മാത്രം  ഒരു മുഖം തിരഞ്ഞുകൊണ്ടിരുന്നു.
വർഷങ്ങൾക്കുമുമ്പ്ഇതേ നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽവെച്ച് പരിചയപ്പെട്ട ഒരാളെ...!
അന്നാ ദിവസം, ഉച്ചമുതൽ നിർത്താതെ മഴപെയ്തുകൊണ്ടിരുന്നു. വൈകുന്നേരമായപ്പോഴേക്കും മഴയ്ക്കു കൂട്ടായി ചെറിയ കാറ്റും.. 
അവളുടെ  കുട കാറ്റടിച്ച്
മേലോട്ടു മടങ്ങിയപ്പോൾ,
അവൾക്കു പുറകിലായി നടന്നുവരികയായിരുന്ന അയാൾ  അതു നേരെയാക്കി...
“ഈ കാറ്റത്തും മഴയത്തും ഒറ്റയ്ക്ക് ...?”
അവൾ ചിരിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ അതേ ബസ് സ്റ്റോപ്പിൽ അവർ പലതവണ കണ്ടുമുട്ടി. ചെറിയ സംഭാഷണങ്ങൾ നീണ്ടു. പരിചയം സൗഹൃദമായി. സൗഹൃദം പതിയെ, പേരിടാനാവാത്ത മറ്റെന്തോ വികാരമായി വളർന്നിരുന്നു..
ചില കഥകൾ അവസാനിക്കുന്നത് പ്രണയം തീർന്നതുകൊണ്ടല്ല,
സാഹചര്യങ്ങൾ വഴിതിരിച്ചുവിടുന്നതുകൊണ്ടായിരിക്കും..
ഒരു വാക്കുപോലും പറയാതെ, ഒരു വിടപറയലുപോലുമില്ലാതെ അയാൾ അപ്രത്യക്ഷനായി..!
വർഷങ്ങൾ വേഗം വേഗം കടന്നുപോയി.
അവൾ വിവാഹിതയായി. മക്കൾ വളർന്നു. വീടുകൾ മാറി.
പഴയ കാത്തിരിപ്പ് മാത്രം അവളിൽനിന്ന് മാറിയില്ല.
മഴയുള്ള രാത്രികളിൽ അവൾ ബാൽക്കണിയിൽ വന്നിരിക്കും. കൈവരിയിൽ പറ്റിപ്പിടിച്ച മഴത്തുള്ളികൾ.. 
പറയാതെ പോയ വാക്കുകൾക്കും മഴത്തുള്ളികളെപ്പോലെ ഒരു രൂപമുണ്ടാകുമോ?
അവൾ പലപ്പോഴും ചിന്തിച്ചു.
ഒരു രാത്രി, പതിവുപോലെ ബാൽക്കണിയിൽ വന്നിരിക്കുമ്പോൾ താഴെ റോഡരികിൽ ഒരു കാർ വന്നു നിന്നു.
അവൾ അറിയാതെ മുന്നോട്ടാഞ്ഞു നോക്കി..
കാറിന്റെ വാതിൽ തുറന്ന്
ഒരു വയോധികൻ പുറത്തേക്കിറങ്ങുന്നു..
അവൾ ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചു.
അത് അയാളല്ലായിരുന്നു.!
സ്വയം പരിഹസിച്ചുകൊണ്ട് അവൾ ചിരിച്ചു.
“ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അയാൾ...”
അവൾ തിരിഞ്ഞു താഴേക്കിറങ്ങാൻ
തുടങ്ങവേ പിന്നിൽനിന്നൊരു ശബ്ദം..
“ക്ഷമിക്കണം...”
അവൾ തിരിഞ്ഞുനോക്കി.
താഴെ നിന്നിരുന്ന വയോധികൻ..!
“ഈ ഫ്ലാറ്റിൽ... സരള ടീച്ചർ ഏന്നു പേരുളള ഒരാൾ താമസിക്കുന്നുണ്ടോ?”
അവളുടെ ഹൃദയം പെട്ടെന്ന് പിടഞ്ഞു.
“ഞാനാണ്.”
അയാൾ കുറച്ചുനേരം അവളെ നോക്കി.
പിന്നെ പതുക്കെ,
“എന്നെ ഓർമ്മയില്ലേ?”
അവൾ മറുപടി പറഞ്ഞില്ല.
അയാൾ ചിരിച്ചു.
“മഴയുള്ള ഒരു വൈകുന്നേരം... മുകളിലേക്ക് മടങ്ങിയ കുട നേരെയാക്കിത്തന്ന ഒരാളെ?”
ഒരു ചെറിയ കാറ്റ് പെട്ടെന്ന് ബാൽക്കണിയിലൂടെ കടന്നുപോയി.
തിരശ്ശീല മെല്ലെ ഇളകി.
അവൾ കൈവരിയിൽ മുറുകെപ്പിടിച്ചു നിന്നു.
വർഷങ്ങളോളം കാത്തിരുന്ന മുഖം..! അന്നു കണ്ട മുഖമായിരുന്നില്ല.
പക്ഷേ... ആ കണ്ണുകൾ
അവൾക്ക് പരിചിതമായിരുന്നു.
വളരെ പരിചിതം.
അവൾ ഒന്നും ചോദിച്ചില്ല.
അയാൾ ഒന്നും വിശദീകരിച്ചുമില്ല. വർഷങ്ങൾക്കപ്പുറത്തുനിന്ന് മടങ്ങിയെത്തിയ ഒരു നിശ്ശബ്ദത അവർക്കിടയിൽ വന്നു നിന്നതുപോലെ.
ഒടുവിൽ അവൾ ചോദിച്ചു..
“എന്തേ... ഇത്രയും വൈകിയത്?”
അയാൾ പതുക്കെ പറഞ്ഞു:
“വരാൻ കഴിയാത്തതുകൊണ്ടല്ല...
വരാനുള്ള ധൈര്യം കിട്ടാത്തതുകൊണ്ട്.”
അവൾ പുഞ്ചിരിച്ചു.
വർഷങ്ങളായി അടച്ചിട്ടിരുന്ന ഒരു വാതിൽ ഉള്ളിൽനിന്ന് പതുക്കെ തുറന്നതുപോലെ..!
അവർ ഏറെനേരം സംസാരിച്ചു..
പഴയ കാര്യങ്ങൾ...
നഷ്ടപ്പെട്ട സമയങ്ങൾ...
പറയാതെ പോയ വാക്കുകൾ...
ജീവിതം അവരിൽനിന്ന് കവർന്നെടുത്ത വഴികൾ...!
അവർ രണ്ടുപേരും
പോയകാലത്തേക്ക് മടങ്ങണമെന്ന് പറഞ്ഞില്ല...!
കാരണം ചില കാത്തിരിപ്പുകളുടെ പൂർത്തീകരണം ഒരാളെ തിരികെ ലഭിക്കുന്നതിലല്ല.
ഒരിക്കൽ കാത്തിരുന്നുവെന്ന്, ആരെങ്കിലും തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിലാണ്.
അയാൾ പോയശേഷവും അവൾ അവിടെതാതന്നെ ഏറനേരം നിന്നു.
ആകാശത്ത് വസന്തോത്സവം..!
പൂർണ്ണ ചന്ദ്രൻ..
കാറ്റുവന്ന് ബാൽക്കണിയുടെ കൽട്ടൻ മെല്ലെ നീക്കി.
അവളോട് വർഷങ്ങളായി ആരോ ചോദിച്ചുകൊണ്ടിരുന്ന അതേ ചോദ്യം വീണ്ടും ചോദിക്കുന്നതുപോലെ ..
“ഇനിയും ആരെയെങ്കിലും കാത്തിരിക്കാനുണ്ടോ..?”
“ഇല്ല...”
“ഇനി എന്നെത്തന്നെയാണ് ഞാൻ കാത്തിരിക്കുന്നത്.”

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക