Image

'ഭര്‍ത്താവിന്റെ കാല്‍ക്കീഴിലാണ് ഭാര്യയുടെ സ്വര്‍ഗം' എന്ന ഡയലോഗ് പറയാന്‍ അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചു; ഭാഗ്യലക്ഷ്മി

Published on 07 October, 2026
 'ഭര്‍ത്താവിന്റെ കാല്‍ക്കീഴിലാണ് ഭാര്യയുടെ സ്വര്‍ഗം' എന്ന ഡയലോഗ് പറയാന്‍ അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചു; ഭാഗ്യലക്ഷ്മി


മലയാള സിനിമയിലെ എണ്ണമറ്റ നായികമാര്‍ക്ക് ശബ്ദം നല്‍കി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. താന്‍ ഡബ്ബ് ചെയ്ത ചില സിനിമകളും ഡയലോഗുകളും കേട്ടപ്പോള്‍ തനിക്ക് തന്നെ ക്രിഞ്ചായി തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുന്നു. ആര്‍ജെ ഗദ്ദാഫിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എപ്പോഴെങ്കിലും പണ്ട് ഡബ്ബ് ചെയ്ത സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ ക്രിഞ്ച് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി.

'കുറേ സിനിമകളുണ്ട്. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ കണ്ടപ്പോള്‍ ക്രിഞ്ച് അടിച്ചു. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ട്. കാവ്യ മാധവന് മാടമ്പിയില്‍ ചെയ്തപ്പോള്‍, ശബ്ദം ചേരുക എന്നതിലുപരിയായി ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നിയിട്ടുണ്ട്.'' എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ചില സിനിമകളില്‍ സ്ത്രീവിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന ഡയലോഗുകള്‍ പറയേണ്ടി വന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ സംവിധായകരോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ കഥാപാത്രത്തിന്റെ സ്വഭാവം ഉള്‍ക്കൊണ്ട് അവ ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

''മമ്മൂക്കയുടെ സിനിമയിലെ ആ ഒരു ഡയലോഗുണ്ട്, അത് ഞാനാണ് പറഞ്ഞിരിക്കുന്നത്. ആ സമയത്തൊക്കെ ഞാന്‍ എതിര്‍പ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഷോട്ടൊക്കെ ക്ലോസായതുകൊണ്ട് നമുക്ക് ഡയലോഗ് പറയുക എന്നല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. മാത്രമല്ല, അവിടെ ഒന്നും നമ്മള്‍ ഫെമിനിസം പറഞ്ഞിട്ട് കാര്യമില്ല. ആ കഥാപാത്രം ചിലപ്പോള്‍ അങ്ങനെയായിരിക്കും. അതുകൊണ്ട് നമുക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറയാന്‍ പറ്റില്ല,' ഭാഗ്യലക്ഷ്മി പറഞ്ഞു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക