
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് മാസ് ചിത്രം ഖലീഫ ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയറ്ററുകളില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്നതിനിടയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ഒക്ടോബര്‍ ഒമ്പത് മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ആഗോളതലത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം റിലീസ് ദിവസം തന്നെ 14.5 കോടി രൂപ കളക്ഷന്‍ നേടി ഗംഭീര ഓപ്പണിംഗാണ് സ്വന്തമാക്കിയത്.
മാമ്പറക്കല്‍ ആമിര്‍ അലി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് തകര്‍ത്താടിയ ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരന്നിരിക്കുന്നത്. ചിത്രത്തില്‍ മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹന്‍ലാലും ഐവര്‍ അലക്സാണ്ടര്‍ എന്ന കഥാപാത്രമായി ടോവിനോ തോമസും അതിഥി വേഷങ്ങളില്‍ എത്തിയത് തിയറ്ററുകളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഒപ്പം നീല്‍ നിതിന്‍ മുകേഷ്, മാളവിക ശര്‍മ്മ, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.
ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്ന് ജിനു ഇന്നോവേഷസ് ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ആയ ദിവസം തന്നെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാം ഭാഗവും സ്വര്‍ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്.