
ദക്ഷിണ കൊറിയയില്‍ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ 31-ാമത് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാര്‍പ്പറ്റില്‍ മലയാളി തനിമയുള്ള പരമ്പരാഗത വേഷത്തില്‍ 'ചെവിട്ടോര്‍മ്മ' (The Soul Whisperer) സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും സാക്ഷിനിര്‍ത്തിയാണ് മലയാളത്തിന്റെ ഈ അഭിമാന ചിത്രം റെഡ് കാര്‍പ്പറ്റില്‍ ശ്രദ്ധകേന്ദ്രമായത്.
ഈ വര്‍ഷത്തെ ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് 'ചെവിട്ടോര്‍മ്മ'. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ലിയോ തദേവൂസ് ആണ്. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ ലിയോ തദേവൂസ്, പ്രമുഖ അഭിനേതാക്കളായ ദിലീഷ് പോത്തന്‍, പൗളി വത്സന്‍, സ്റ്റാന്‍ സ്റ്റീഫന്‍, നിര്‍മ്മാതാക്കളായ സ്റ്റീഫന്‍ സക്കറിയാസ്, ലോഗന്‍ രവി തുടങ്ങിയവര്‍ റെഡ് കാര്‍പ്പറ്റിലൂടെ പ്രവേശിച്ചു.
ഒക്ടോബര്‍ 8-ന് മേളയിലെ പ്രശസ്തമായ 'ഏഷ്യന്‍ സിനിമാ പനോരമ' (A Window on Asian Cinema) വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വേദിയില്‍ മലയാള സിനിമയ്ക്ക് ഇതൊരു വലിയ അഭിമാനമുഹൂര്‍ത്തമാണ്.