
ചുടുജീവനൊഴുകും സിരകൾ
തെളിയുമുടലിൻ മൃദുത്വം
പതിരില്ലാത്ത പച്ചത്തിളക്കം -
പാവമൊരിലയായിരുന്നപ്പോഴും,
പിന്നെയെന്നോ മിനുസമറ്റ്
ഇലപ്പച്ച വറ്റിക്കരിഞ്ഞ്,
കരയുന്ന കരളിനൊപ്പം
പലർക്കായ് പലതുണ്ടായ് -
പ്പകുത്തുവീതിച്ചപ്പോഴും,
മോഹദുഃഖങ്ങളും
പകയും നിരാശയും
രതിയും ലഹരിയും
തരികളായുള്ളിൽ നിറച്ച്,
അഴിയരുതെന്ന വിലക്കിനാൽ
ചുരുട്ടിക്കെട്ടിവച്ചപ്പോഴും,
ഒന്നുപൊള്ളി, യതിൽപ്പിന്നെ
യോരോരോ ശ്വാസത്തിലും,
എരിഞ്ഞൊടുങ്ങിയൊരുനാൾ
എടുത്തെറിയപ്പെടുംവരെ നീറിനീറിപ്പിടയുമ്പോഴും,
ബീഡിയെന്നവൻ നീ,
അരുമയായ് ചുണ്ടോടു
ചേരുന്നവൻ നീ,
ജീവിച്ചതെന്റെ ജീവിതമല്ലേ?
നീ, ഞാൻതന്നെയല്ലേ?