Image

സൗദിയിലെ രണ്ട് വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

Published on 07 October, 2026
സൗദിയിലെ രണ്ട് വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ, നജ്‌റാൻ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

 ജിസാനിലെ കിങ് അബ്ദുല്ല ബിൻ അബ്ദുലസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ആക്രമണമുണ്ടായത്. അടിയന്തര പ്രതികരണ സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും ഉടൻ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. പരുക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനത്താവളങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

തെക്കൻ സൗദിയിലെ സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സൗദിയിലെ സാധാരണക്കാരെയും സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന ഹൂതി ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

യെമനിലെ ഹൂതി നിയന്ത്രണം അവസാനിപ്പിച്ച് രാജ്യത്തെ നിയമാനുസൃത സർക്കാരിനെയും സ്ഥാപനങ്ങളെയും പുനഃസ്ഥാപിക്കുന്നതിനുള്ള രാഷ്ട്രീയ-സൈനിക പിന്തുണ തുടരുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലും ലോകത്തും ഹൂതികൾ ഉയർത്തുന്ന ഭീഷണി നേരിടാൻ അന്താരാഷ്ട്ര സമൂഹവും പ്രത്യേകിച്ച് യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും സൗദി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക