Image

ആശാലതയുടെ കാമുകന്മാർ ( തുടർക്കഥ : അന്നാ പോൾ )

Published on 06 October, 2026
ആശാലതയുടെ കാമുകന്മാർ ( തുടർക്കഥ : അന്നാ പോൾ )

എന്റെ പ്രിയ സ്നേഹിത ആശാലത കണ്ടുമുട്ടുമ്പോഴൊക്കെയും അവളുടെ പുതിയ പുതിയ കാമുകന്മാരെക്കുറിച്ചു വാചാലയാവും... കലാലയ പഠന കാലo മുതലേ പ്രണയം അവൾക്ക് ഒരു ഹോബിയാണ്.... ഒന്നുരണ്ടു കിളികൾ

രണ്ടു മൂന്നു ഡ്രൈവർമാർ പിന്നെ അത്രയും തന്നെ കണ്ടക്റ്റേഴ്സ് .

അതെല്ലാമൊന്നും അവൾ മനപ്പൂർവ്വം ആകർഷിച്ചെടുത്തവരല്ല.

അവളുടെ നക്ഷത്രക്കണ്ണുകളിലും സമൃദ്ധമായ മുടിയഴകിലും ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി പൂക്കളിലും പറന്നു വന്നു വീണവരാണ്.

പണ്ടൊരിക്കൽ ഞാൻ അതൊക്കെ ഓർത്തു ചോദിച്ചപ്പോൾ അവളതൊന്നും ഓർക്കാറേയില്ല... മറന്നേ പോയ മുഖങ്ങൾ !!

പൊങ്കലിന്റെ അവധിയ്ക്കു അവൾ നാട്ടിലെത്തി. ഇന്നലെക്കണ്ടപ്പോൾ അവൾ പറഞ്ഞതു അവളുടെ പതിനൊന്നാമത്തെ കാമുകനെക്കുറിച്ചായിരുന്നു.(നമ്പർ കഥാകൃത്ത് വക )

അയാൾക്കു വിദ്യാഭ്യാസം കുറവാണെങ്കിലും ബോറനല്ലായിരുന്നു.

സായാഹ്ന സൂര്യന്റെ ശോഭ

മലമടക്കുകളിൽ മഞ്ഞുവീഴുന്ന നനുത്ത പ്രഭാതം

അഗാധനീലിമയാർന്ന ആകാശ ചുവട്ടിൽ നാം രണ്ടിണക്കുരുവികൾ"...

എന്നൊക്കെപ്പറഞ്ഞു മടുപ്പിക്കുന്ന ഒൻപതാമനെപ്പോലെ

സാഹിത്യ ഭ്രാന്തനല്ലായിരുന്നു.

പിന്നെ, അവനെ വിട്ടുകളയാനുള്ള കാരണം

കുടുംബ മഹിമ പറഞ്ഞു സ്വയം ആനന്ദിക്കുന്നതു അവന്റെ ശീലമായിരുന്നു.

അപ്പോഴൊക്കെ അവൾ അവന്റെ അമ്മയെയും

നിയാണ്ടർതാലിൽ വെച്ചു കണ്ടിട്ടുണ്ടെന്നു തിരിച്ചടിക്കും.

അവനു മനസ്സിലായോ ആവോ? സഹതാപമർഹിക്കുന്ന വിവരക്കേടുകൾഎങ്കിലും

ഏഴാമത്തെ കാമുകനെപ്പോലെ പെരും നുണകൾ

ഉളുപ്പില്ലാതെ പറയുന്നവനല്ലായിരുന്നു.

ഹോ...എൻറെ ദൈവമേ അവന്റെ കൂടെ കൂടി എന്തുമാത്രം നുണകൾ ഞാനും പറഞ്ഞിരിക്കുന്നു.

"കട്ടയ്ക്കുനിയ്ക്കണ്ടേ? പൊട്ടിച്ചിരിച്ചു കൊണ്ടവൾ പറഞ്ഞു.

പക്ഷേ

ആ നുണയൻ വിട്ടുപോയിട്ടും നുണ പറയുന്ന ശീലം അവളെ വിട്ടു പോയില്ല.

ഹാ..എന്തൊരു ഇൻഫ്ളുവൻസർ !! ഞാനറിയാതെ പറഞ്ഞുപോയി.

ഒന്നാമത്തെക്കാമുകനെ മറന്നിട്ടല്ല...അവനെക്കുറിച്ചു പറയുമ്പോൾ അവൾ വികാരധീനയായ്ക്കാണപ്പെട്ടു.

: അതു വിചിത്രവും വിലോഭനീയവും ആയിരുന്നു. തികച്ചും അപ്രതീക്ഷിതവും അപ്രതിഹിതവുമായ ഒന്ന് !!

മനസ്സിന്റെ ഓരോ തന്ത്രികളേയും വിറകൊള്ളിച്ചു കൊണ്ട് ഉടലാകെ പടർന്നു കയറിയ പ്രഹർഷം !! ആദ്യമായി തരളിതയായ നിമിഷം .

അവൾക്ക് അന്ന് പതിന്നാലു വയസ്സ്. ബാലികയെന്നു പറയാനാവില്ല.

ഋതുമതിയായ് മനസ്സും ശരീരവും നവോന്മേഷത്തോടെ താരുണ്യത്തിലേക്ക്... മിനിറ്റുകളുടെ ആയുസ്സ് മാത്രമുണ്ടായിരുന്ന ആദ്യ പ്രണയം ...

ആശാലതയുടെ കാമുകന്മാർ -ഭാഗം 2 .

ഇപ്പോൾ ആശാലത അമ്മാവന്റേയും അമ്മയുടേയും ഒപ്പം മറ്റൊരമ്മാവന്റെ വീട്ടിലേയ്ക്കുള്ള .യാത്രയിലാണ്...

പൊടുന്നനെ വണ്ടി ഒന്നു കുലുങ്ങി നിന്നു.ടയർ പഞ്ചറായി. വഴിയിൽക്കിടക്കുന്ന ബസിന്റെ ടയർ മാറ്റാൻ സമയം എടുക്കും.

ജനാല വഴി പുറത്തേയ്ക്കുനോക്കി ഇരുന്നു.

കുറെക്കഴിഞ്ഞാണ് കണ്ടത് തന്റെ പ്രായക്കാരനായ ഒരാൾ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്നു. ആശാലത ഒന്നു രണ്ടു തവണ നോക്കി. അപ്പോഴും അയാൾ അവിടെത്തന്നെ നിൽക്കുന്നു. തന്നെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട്.... ഒരു ചെറു പുഞ്ചിരി അങ്ങോട്ട്....ഇങ്ങോട്ടും കിട്ടി..

നാണത്തിൽ പൊതിഞ്ഞ ഒരു ചിരി വീണ്ടും

നിമിഷങ്ങൾ.... പുതിയ ചക്രത്തിൽ വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ തകർന്ന ഹൃദയവുമായി നിരത്തിനരികിൽ നിന്ന് അവളെ നോക്കിയ അനാഗതശ്മശ്രു അവനാണവളുടെ ആദ്യകാമുകൻ ... പേരോ നാടോ വീടോ ഒന്നുമറിയാത്ത ഒരാൾ... യാത്ര പുനരാരംഭിച്ചതിന്റെ ആഹ്ലാദത്തിൽ യാത്രക്കാർ. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ അതിവേഗത്തിലോടുന്ന ബസിനുള്ളിലിരുന്ന് കാഴ്ചമറയും വരെ നോക്കി.

പൂവിട്ടു നിന്ന എന്റെ ശരീരത്തിൽ നിന്നും

പൂക്കൾ ഒന്നൊന്നായ്ക്കൊഴിഞ്ഞു വീണു.. ഓരോ പൂവും കൊഴിയുമ്പോൾ പിടയുന്ന നെഞ്ച്

ഉടലാകെ കോരിത്തരിച്ച ഒരു നൊടിയിട...ആ കണ്ണുകളിലെ തിളക്കം ഒടുവിൽ തെളിഞ്ഞ സങ്കടം... ജാലകത്തിനു വെളിയിൽ എന്നോടൊപ്പം സഞ്ചരിച്ചു കൊണ്ടിരുന്നു. ദിവസങ്ങളോളം എന്നെ അസ്വസ്തമാക്കിയ ആദ്യാനുരാഗം !!

പിന്നെ വിദ്യാർത്ഥി ജീവിതത്തിന്റെ തിരക്കിൽ വീണു പോയി..എങ്കിലും ചിലപ്പോഴൊക്കെ ആ കണ്ണുകൾ ഓർമ്മയിൽ തെളിഞ്ഞുവരുമെന്ന് അവൾ പറഞ്ഞപ്പോൾ

അവളുടെ കണ്ണുകളിൽ നനവ്‌ പടരുന്നത് ഞാൻ കണ്ടു.

പിന്നെയും കാലമെത്രകഴിഞ്ഞു.... ഒരിയ്ക്കല വൾ പത്താമത്തെക്കാമുകനെക്കുറിച്ചു പറഞ്ഞു.

ഒരു വായന ദിനത്തിനു വേദി പങ്കിട്ട ഒരാൾ... പരന്ന വായനക്കാരൻ പണ്ഡിതൻ... പരിചയപ്പെടലിനു ശേഷം ഒരു ദിവസം... ക്ണിം... മെസഞ്ചറിന്റെ ഇടവഴിയിലൂടെ നടന്നു വന്നു.... സംസാരം വഴിതെറ്റിത്തുടങ്ങി....

പ്രായാധിക്യത്തിന്റെ വികൃതികളെന്നു അയാളതിനെ വിശേഷിച്ചു.

Old People are mischievious നോട്ടി ലൈക്ക് ചിൽഡ്രൻ ...ഹ.ഹ.ഹ... വല്ലാത്തൊരു ചിരിയും. കാർന്നോരേ ഈ ചിരി അൺസഹിക്കബിൾ ....ഉണ്ണിക്കുട്ടന്റെ വികൃതി കൂടുന്നതിനു മുൻപ് അവൾ Block ചെയ്തു....

ഫീമെയിൽ വോയ്സ്: അതിനു വേണ്ടി ദാഹിച്ചു വലയുന്നവർ

കിടക്കുവാണോ? മോളേ...

ഉം"

എന്താ ഇട്ടിരിക്കു ന്നത്?

നൈറ്റ് ഗൗൺ..നൈറ്റി..

ഉം...

ഉമ്മ തരട്ടെ.

ഉം

അതോടെ കാർനോർ f.. l.. a.. t

പിന്നെ മൗനത്തിന്റെ ഇടവേള

സ്ക്രീനിൽ ശുഭരാത്രി...

അവളിതൊക്കെ പറയുമ്പോൾ ഞാനല്പം ദേഷ്യത്തിൽ ചോദിച്ചു:

നീയെന്തിനാണ് തലവെച്ചു കൊടുക്കുന്നത്?

പൊട്ടിച്ചിരിച്ചു കൊണ്ടവൾ പറഞ്ഞു. ഒരു പരോപകാരം... ആനാൽ പെരിയ interesting...

അടുത്ത നിമിഷം അവളുടെ മുഖം കനത്തു.

ഒരവധൂതിയെപ്പോലെ പറഞ്ഞു തുടങ്ങി.

മനുഷ്യൻ...

എത്രയെത്ര തരം മനുഷ്യർ വിചിത്രമായ

മനോരഥങ്ങളിൽ കറങ്ങുന്നവർ!!

നാം കാണുന്നവരേയല്ല പലരും... അടുത്തു കഴിയുമ്പോൾ--..

അഹങ്കാരം

ധാർഷ്ട്ര്യം... ചതി വഞ്ചന... പുസ്തകങ്ങളിലെങ്ങും കാണാത്ത മനുഷ്യൻ...

ഇനിയും അനുഭവിച്ചു മതിവരാത്ത കാമോന്മാദങ്ങൾ ഭ്രാന്തുകൾ... വിചിത്ര രതി സങ്കല്പങ്ങൾ...

നാൻസി ഫ്രൈഡേ പോലും എണീറ്റ് നമസ്കരിച്ചു പോകുന്നവർ

മനോവൈകൃതങ്ങൾ!!

അവളൊന്നു നിർത്തി...പിന്നെ വിദൂരതയിൽ നോക്കി ആരോടെന്നില്ലാതെ സ്വരം താഴ്ത്തി

പിറുപിറുക്കുന്ന പോലെ പറഞ്ഞു.

"എനിയ്ക്കുമിപ്പോൾ ഹരമാണ്... പുതിയ പുതിയ മനസ്സുകൾ അനാവരണം ചെയ്തു കാണാൻ... 

പഴയ ഞ്ഞെട്ടലൊന്നുമില്ല. മനസ്സ് ഒരു മാന്ത്രികക്കുതിര തന്നെ!! കടിഞ്ഞാണില്ലാതെ പായുന്ന കാട്ടുകുതിര അല്ലെങ്കിൽ ഖസാക്കിന്റെ നടുപറമ്പിലൂടെ ഒരു ചിരി കടിച്ചമർത്തി നടന്നു പോയ ആ

യാഗാശ്വം. ഞാനോർത്തു,

ഒടുവിലവൾ പറഞ്ഞുനിർത്തി " പുതിയ പുതിയ ഭൂമികകൾ തേടി അലയുന്ന പഴയ സമുദ്ര സഞ്ചാരിയുടെ അടങ്ങാത്ത അഭിനിവേശം... ചുരമാന്തി നിൽക്കുന്ന ഒരു മനസ്സാണിപ്പോഴെനിയ്ക്ക്....

ആസക്തികളൊടുങ്ങാത്ത ഒരു കാമുകന്റെ കഥ പറയാനവൾ തുടങ്ങി....

ഒരു നാൾ ശുഭരാത്രി നേർന്ന് പിരിഞ്ഞു പോയവൻ.

( തുടരും .. )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക