Image

സൗദി വ്യോമപാതയിൽ സർവീസ് നടത്തരുതെന്ന് ഹൂതികളുടെ മുന്നറിയിപ്പ്

Published on 06 October, 2026
സൗദി വ്യോമപാതയിൽ സർവീസ് നടത്തരുതെന്ന് ഹൂതികളുടെ മുന്നറിയിപ്പ്

സനാ: സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിഭാഗം. സൗദിയും ഹൂതികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ സൗദിയുടെ വ്യോമപരിധി ‘സൈനിക പ്രവർത്തനങ്ങളുടെ മേഖലയായി’ മാറാൻ സാധ്യതയുണ്ടെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. 

ഹൂതി നിയന്ത്രണത്തിലുള്ള അൽ-മസീറ ടെലിവിഷൻ ചാനൽ പുറത്തുവിട്ട പ്രസ്താവനയിലാണ് സൗദി വ്യോമപാതയിൽ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികൾക്കും മുന്നറിയിപ്പ് നൽകിയത്. യാത്രക്കാരുടെയും സിവിലിയൻ വ്യോമഗതാഗതത്തിന്റെയും സുരക്ഷ മുൻനിർത്തിയാണ് നിർദേശം നൽകിയതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ഹ്യൂമാനിറ്റേറിയൻ ഓപ്പറേഷൻസ് കോർഡിനേഷൻ സെന്റർ അറിയിച്ചു.

സൗദി സൈനിക വിമാനങ്ങൾ ഹൂതി നിയന്ത്രണത്തിലുള്ള യെമൻ മേഖലകളിൽ ആക്രമണം നടത്തുകയാണെന്നും അതിനാൽ സൗദി വ്യോമപാത സിവിലിയൻ വിമാനങ്ങൾക്ക് സുരക്ഷിതമല്ലെന്നും ഹൂതികൾ ആരോപിച്ചു. മുന്നറിയിപ്പിന് സൗദി അധികൃതർ ഉടൻ പ്രതികരിച്ചിട്ടില്ല.

അതേസമയം, യെമനിൽ പോരാട്ടം ശക്തമായിരിക്കുകയാണ്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തിങ്കളാഴ്ച ‘ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ’ എന്ന പേരിൽ വ്യാപക വ്യോമാക്രമണം ആരംഭിച്ചു. 100 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായും 324 ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങൾ തകർത്തതായും സഖ്യസേന അറിയിച്ചു.

ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനായി സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേനയും ഹൂതി കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നീക്കം ആരംഭിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ കടലിടുക്ക് ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയാണ്. 

സംഘർഷം രൂക്ഷമായതോടെ സൗദിയിലെ വിമാന സർവീസുകളെയും പ്രാദേശിക വ്യോമഗതാഗതത്തെയും കുറിച്ചുള്ള ആശങ്കകളും വർധിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക