Image

കൂടു തുന്നുന്നവർ (കവിത: അമിത്രജിത്ത് പുന്നയൂർക്കുളം)

Published on 06 October, 2026
കൂടു തുന്നുന്നവർ (കവിത: അമിത്രജിത്ത് പുന്നയൂർക്കുളം)

പച്ചിലച്ചാർത്തിനൊരു കോണിലായ് തുന്നാരൻ-
പക്ഷിയൊരത്ഭുതം നെയ്യുന്നുവോ,
ചിലന്തിതൻ നൂലും സസ്യനാരും കോർത്തു
ചിന്തുകൾ പോലെ മെനയുന്നുവോ.

ഒരു നുള്ളു പഞ്ഞിയും പുൽക്കൊടിയും വെച്ചു
തുണയേകി കൂടെയൊരുത്തനുണ്ട്,
അകലങ്ങൾ തുന്നിപ്പടുക്കുന്ന വിരുതിലാ-
ണവരുടേതായൊരാ ലോകമുള്ളത്.

മനുഷ്യന്റെ നെഞ്ചിലെ ബന്ധങ്ങൾ നമ്മൾ
തുന്നിത്തുടങ്ങേണ്ടതിങ്ങനെയാകാം,
വാക്കുകൾ കൊണ്ടാ കനംകുറഞ്ഞൂടുകൾ
കീറിപ്പോകാതെ നോക്കേണ്ടതാകാം.

അല്പം വിട്ടുകൊടുക്കലിൻ നാരുകളാൽ
അറ്റുപോകാതെ ബന്ധങ്ങളെ തുന്നണം,
പരസ്പരം താങ്ങുന്ന സ്നേഹത്തിൻ പഞ്ഞിയാൽ
ഉള്ളിലെ കൂടുകൾ ചൂടുള്ളതാക്കണം.

കാലവർഷക്കാറ്റിൽ ഉലഞ്ഞുപോയാലുമീ
കരുതലിൻ തയ്യലുകൾ വിട്ടുപോകില്ല,
ഹൃദയം കൊണ്ട് തുന്നിയ കൂടുകളിൽ-
സ്നേഹത്തിൻ കിളികൾ പറന്നുപോവില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക