Image

എവിടിരുന്നാലും വരാനുള്ളത് വരും ( വിചാരസീമകൾ : പി.സീമ )

Published on 05 October, 2026
എവിടിരുന്നാലും വരാനുള്ളത് വരും ( വിചാരസീമകൾ : പി.സീമ )

ഓരോ തുലാമഴയും ഓരോ ഓർമ്മയാണ്.  ബാല്യത്തിൽ കിഴക്ക് മാനം കറുത്താൽ വീടിന്റെ പടിഞ്ഞാറേ മുറിയിൽ പേടിച്ചരണ്ടു ചുരുണ്ടു കൂടും ഞാൻ... നല്ല ഒരു ഇടി മിന്നൽ വന്നാൽ ഗോവണി മുറിയിലെ മെയിൻ സ്വിച്ചിൽ നിന്ന് തീ പാറും..ഒപ്പം ഒരു ശബ്ദവും കേൾക്കും.. "വൈക്കത്തപ്പാ " എന്നു അമ്മ ഭയന്ന് വിളിക്കും.. ഞാൻ "അർജുനൻ ഫൽഗുനൻ, പാർത്ഥൻ, വിജയൻ" എന്നു അർജുനപ്പത്തു ജപിക്കും.. ഇപ്പോഴും തുലാമഴ പെയ്യുന്നുണ്ട്... മനസ്സിൽ എവിടെയോ  ഒരു പെൺകുട്ടി അർജുനപ്പത്തു ജപിക്കുന്നു. "കിഴക്ക് മാനം കറുത്താൽ തൂറാൻ മുട്ടും "എന്നു പറഞ്ഞിരുന്ന അന്ന മുത്തിയെ ഓർക്കുന്നു. കൊയ്ത്തു കാലവും മെതിക്കളവും ഓർമ്മിക്കുന്നു. കാറ്റിൽ കതിരിൽ നിന്ന് വേർപെട്ട് പോയ പതിരു പോലെ ജീവിതം അനന്തമായി മുന്നോട്ട് നീങ്ങുന്നു.

ഇപ്പോൾ സ്വയം എന്നിലേക്ക്‌ തന്നെ ചുരുണ്ടു കൂടുമ്പോൾ ബെഡിൽ ഷീറ്റ് കൊണ്ട് മൂടി രണ്ട് പന്തുകൾ പോലെ കട്ടിൽ കാൽക്കൽ ചെവി പൊത്തി ചുരുണ്ടു കൂടിയ ആൺമക്കളെ ഓർക്കുന്നു... ഇപ്പോൾ അവരുടെ മടിയിൽ ഓരോ പെൺമക്കൾ ഉണ്ട് .

ഏത് തുലാമഴയിലും വീട്ടിൽ എത്തിയാൽ ഉടനെ യാതൊരു  പേടിയും കൂടാതെ വാതിൽ തുറന്നിട്ട്‌ സിറ്റ് ഔട്ടിൽ ഇരുന്ന് മഴ കാണുന്ന ആളെയും ഓർക്കുന്നു.." മിന്നലേ മിന്നലെ" എന്നും കൂടി പാടാത്തത് എന്തെന്ന് ചോദിച്ചു ഞാൻ അകത്തു കയറാൻ കലഹിക്കുമ്പോൾ എവിടിരുന്നാലും വരാനുള്ളത് വരും എന്നു നിസ്സാരമാക്കിയ ആൾ...

ഒരു തുലാമഴക്കാലത്തു തന്നെ ആൾ യാത്രയായൊരു ദിവസവും തന്നു കടന്നു പോയ 2019 ലെ തുലാമാസവും ഒരോർമ്മ...അതേ എവിടെ ആയാലും എപ്പോൾ ആയാലും വരാനുള്ളത് വരും.. വന്നിരിക്കും..അതിനെ തടയാൻ മരണത്തെ ജയിക്കാൻ  മാത്രം ആർക്കും ആകില്ലല്ലോ..

ഇന്നലെ മിന്നൽ ഏറ്റു ചരിഞ്ഞ പല്ലാട്ടു ബ്രഹ്മദത്തനും ഇന്നൊരു കണ്ണീരോർമ്മ.വളരെ ശാന്തനും സ്നേഹശീലനുമായിരുന്ന ആരെയും ഉപദ്രവിക്കാത്ത ആന. എവിടെ ഇരുന്നാലും ഏത് സമയത്തും സംഭവിക്കാവുന്നതാണ് മിന്നൽ മരണം. ഇടി വെട്ടുമ്പോൾ എന്റെ പ്രിയപ്പെട്ട പോമേറെനിയൻ നായ ചിന്നനെ ഞാൻ കഴുത്തിലെ ചങ്ങല ഊരി സ്വതന്ത്രനായി വിടുമായിരുന്നു. എന്നാലും നല്ല ഇടി വെട്ടിയാൽ അവൻ ഓടി വന്ന്‌ കട്ടിലിൽ കയറിയിരുന്നു മുന്തിരിക്കണ്ണിൽ സ്നേഹവും ഭയവും നിറച്ച് എന്നെ നോക്കുമായിരുന്നു.  ഒരു ഓഗസ്റ്റ് പുലരി അവനെയും കൊണ്ട് പോയല്ലോ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക