Image

ഫ്‌ളൈ ദുബായ് ആക്രമണം: കോക്പിറ്റിനുള്ളിലെ 12 മിനിറ്റുകള്‍ ഉയര്‍ത്തുന്നത് ഗുരുതര ചോദ്യങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

Published on 05 October, 2026
ഫ്‌ളൈ ദുബായ് ആക്രമണം: കോക്പിറ്റിനുള്ളിലെ 12 മിനിറ്റുകള്‍ ഉയര്‍ത്തുന്നത് ഗുരുതര ചോദ്യങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

വിമാനസുരക്ഷാ സംവിധാനത്തിലെ പഴുതുകളോ, പൈലറ്റ് പരിശോധനയിലെ വീഴ്ചയോ..? ഫ്‌ളൈദുബായ് സംഭവത്തിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഉയരുന്ന നിര്‍ണായക ചോദ്യങ്ങള്‍ ഇങ്ങനെ ടേക്ക് ഓപ് ചെയ്യുന്നു. ദുബായില്‍ നിന്ന് ഇസ്രായേലിലേക്കുള്ള ഫ്‌ളൈദുബായ് വിമാനം എ.സെഡ് 1073-ല്‍ കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം നിയന്ത്രണം നഷ്ടപ്പെടുന്ന തരത്തില്‍ അതിവേഗം താഴേക്ക് പതിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ വ്യോമയാന സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്. സെപ്റ്റംബര്‍ 30-ന് നടന്ന സംഭവത്തില്‍ ഏകദേശം 17,000 അടയിലേറെവിമാനം രണ്ട് മിനിറ്റിനുള്ളില്‍ താഴേക്ക് പതിച്ചതായാണ് ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ആക്രമണത്തിനിടെ കോക്പിറ്റ് വാതില്‍ തുറക്കുകയും യാത്രക്കാര്‍ ഇടപെട്ട് കോ-പൈലറ്റിനെ കീഴടക്കുകയും ചെയ്തതോടെയാണ് ദുരന്തം ഒഴിവായത് എന്നാണ് പുറത്തുവന്ന വിവരം. തുടര്‍ന്ന് സൗദി അറേബ്യയില്‍ വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തു. യു.എ.ഇ. അധികൃതര്‍ സംഭവത്തെ തീവ്രവാദ സ്വഭാവമുള്ള ആക്രമണമായി വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ കൃത്യമായ ഉദ്ദേശ്യവും മറ്റാരെങ്കിലും പിന്നിലുണ്ടായിരുന്നോയെന്നതും അന്വേഷണത്തിലാണ്. ഇതിനിടയില്‍ പുറത്തുവന്ന വിവരങ്ങള്‍ വിമാനസുരക്ഷാ സംവിധാനത്തിലെ പല ഘട്ടങ്ങളെയും ചോദ്യം ചെയ്യുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കോ-പൈലറ്റ് ഹമാം അല്‍-ഹമ്മാമി ഒമാന്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ ആശയപരമായ നിലപാടുകളെക്കുറിച്ച് ഒമാന്‍ അധികൃതര്‍ക്ക് മുമ്പ് സുരക്ഷാ ആശങ്കകളുണ്ടായിരുന്നുവെന്നും, ഇതിന്റെ പേരില്‍ വിമാന പരിശീലനത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ പറക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയോ ചെയ്തിരുന്നുവെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഒമാന്‍ എയറില്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലിയിലേക്ക് മാറ്റപ്പെട്ടതായും പിന്നീട് ഫ്‌ളൈദുബായില്‍ ജോലി നേടിയതായുമാണ് വിവരങ്ങള്‍ ഒരു രാജ്യത്ത് സുരക്ഷാ കാരണങ്ങളാല്‍ ഒരാളെ വിമാന സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെങ്കില്‍, ആ വിവരം പിന്നീട് മറ്റൊരു രാജ്യത്തെ വിമാനക്കമ്പനിയിലേക്കോ സുരക്ഷാ ഏജന്‍സികളിലേക്കോ കൈമാറിയോ എന്നത് ഏറ്റവും ഗൗരവമുള്ള ചോദ്യമാണ്.

ഫ്‌ളൈദുബായില്‍ നിയമിക്കുന്നതിന് മുമ്പ് സാധാരണ സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നുവെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ആ പരിശോധനയില്‍ മുന്‍കാല സുരക്ഷാ മുന്നറിയിപ്പുകള്‍ ഉള്‍പ്പെട്ടിരുന്നോ എന്നത് വ്യക്തമല്ല. ഇത് ഒരു വ്യക്തിയുടെ സ്വഭാവ പരിശോധനയിലെ വീഴ്ച മാത്രമാണോ, അതോ രാജ്യങ്ങള്‍ തമ്മിലുള്ള സുരക്ഷാ വിവര കൈമാറ്റത്തിലെ പോരായ്മയാണോ എന്നതാണ് അന്വേഷണം വ്യക്തമാക്കേണ്ടത്. ഒമാന്‍ പൗരനായ കോ-പൈലറ്റിന് ഇസ്രായേലിലേക്ക് പറക്കാന്‍ എങ്ങനെ അനുമതി ലഭിച്ചുവെന്ന ചോദ്യത്തിനും ഉത്തരം ലഭിക്കണം. ഒമാനും ഇസ്രായേലും തമ്മില്‍ ഔദ്യോഗിക നയതന്ത്രബന്ധമില്ല. ഇത്തരത്തിലുള്ള രാജ്യങ്ങളിലെ പൗരന്മാരായ പൈലറ്റുമാര്‍ ഇസ്രായേലിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ നിലവിലുണ്ടെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശദീകരണം.

ഇതിനിടെ ഫ്‌ളൈദുബായ് വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും പട്ടിക വിമാനം പുറപ്പെടുന്നതിന് മുമ്പ് ഇസ്രായേല്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നുവത്രേ. 2023-ലെ നിയമപ്രകാരം വിദേശ വിമാനക്കമ്പനികള്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും പേരുകളും പൗരത്വവിവരങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്കും ലഭ്യമാകേണ്ടതാണ്. അങ്ങനെയെങ്കില്‍, പട്ടികയില്‍ ഒമാന്‍ പൗരനായ കോ-പൈലറ്റിന്റെ പേര് ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ലേ..? ഇസ്രായേല്‍ പ്രധാനമന്ത്രി തന്നെ പിന്നീട് സംഭവത്തെ ഒരു 'ലൂപ്പ് ഹോളാ'യി വിശേഷിപ്പിച്ചിരുന്നു. ഇനി വിദേശ വിമാന ജീവനക്കാരെ സംബന്ധിച്ച പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം വിമാനം രണ്ട് മിനിറ്റിനുള്ളില്‍ 17,000 അടയിലേറെ താഴേക്ക് പതിച്ചു. യാത്രക്കാരില്‍ വലിയ പരിഭ്രാന്തിയുണ്ടായെങ്കിലും വലിയ തോതിലുള്ള പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. വിമാനം അതിവേഗം താഴേക്ക് പതിക്കുന്നതിനിടെ കോ-പൈലറ്റിനെ കീഴടക്കാനും നിയന്ത്രണം വീണ്ടെടുക്കാനും സാധിച്ചതാണ് ദുരന്തം ഒഴിവാക്കാന്‍ പ്രധാന കാരണമായത്. എന്നാല്‍ വിമാനത്തിന്റെ ഇത്തരം കൂപ്പുകുത്തലില്‍ യാത്രക്കാര്‍ക്കും കാബിനിലുള്ള വസ്തുക്കള്‍ക്കും വലിയ അപകടസാധ്യതയുണ്ടാകുമെന്ന വ്യോമയാന വിദഗ്ധരുടെ വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, വിമാനത്തിന്റെ യഥാര്‍ത്ഥ നിയന്ത്രണാവസ്ഥ എന്തായിരുന്നു? എത്രത്തോളം നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു? യാത്രക്കാര്‍ക്ക് വലിയ പരിക്കുകള്‍ സംഭവിക്കാതിരുന്നതിന് പിന്നിലെ സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാരണങ്ങള്‍ ബ്ലാക്ക് ബോക്‌സ്, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്നിവയുടെ വിശദമായ പരിശോധനയിലൂടെ വ്യക്തമാകുമെന്ന് കരുതുന്നു. ഒരു 'പ്ലംബര്‍' എങ്ങനെ അടിയന്തരമായി വിമാനത്തിന്റെ നിയന്ത്രണം കൈകാര്യം ചെയ്തു എന്നത്  സംഭവത്തിലെ ഏറ്റവും കൗതുകകരമായ വിവരങ്ങളിലൊന്നാണിത്. യാനിവ് ഹയൂണ്‍ എന്ന യാത്രക്കാരന്‍ കോ-പൈലറ്റിനെ കീഴടക്കിയവരില്‍ ഒരാളായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ 'പ്ലംബര്‍' എന്നാണ് വിശേഷിപ്പിച്ചത്.

ക്യാപ്റ്റന്‍ പരിക്കേറ്റ സാഹചര്യത്തില്‍ വിമാനത്തിന്റെ നിയന്ത്രണത്തില്‍ ഇടപെട്ടത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍, വിമാനാപകടങ്ങളെക്കുറിച്ചുള്ള ടെലിവിഷന്‍ പരിപാടികള്‍ കണ്ട പരിചയമാണ് സഹായിച്ചതെന്ന് ഹയൂണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ക്യാപ്റ്റന്‍ മച്ചാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തില്‍, ആക്രമണത്തിന് മുമ്പ് കോ-പൈലറ്റ് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞത്രേ. അതിന് നാലോ അഞ്ചോ മിനിറ്റുകള്‍ക്കുശേഷമാണ് പിന്നില്‍ നിന്ന് വലിയ പ്രഹരം ഏറ്റതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. പ്രാര്‍ത്ഥന നടത്തിയെന്ന വിവരം മാത്രം ആക്രമണത്തിന്റെ മതപരമോ തീവ്രവാദപരമോ ആയ ഉദ്ദേശ്യം തെളിയിക്കുന്നില്ല. ഏതായാലും അന്വേഷണം ഒടുവില്‍ തെളിയിക്കേണ്ടത് ഒരൊറ്റ കാര്യമാണ്: അപകടം സംഭവിച്ചപ്പോള്‍ വിമാനം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നോ, അതോ സുരക്ഷാ സംവിധാനത്തിന്റെ ഏതെങ്കിലും നിര്‍ണായക കണ്ണി ശരിയായ സമയത്ത് പ്രവര്‍ത്തിച്ചതുകൊണ്ടോ..?
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-05 10:40:51
💥🔥 ഇതാണ് ഈ പത്രക്കാരുടെ ലേഖനം എഴുത്തിന്റെ ഏറ്റവും വലിയ പ്രശ്നം.അവര് ലേഖനത്തിന്റെ അവസാനം കൊണ്ട് ഒരു ആവശ്യമില്ലാത്ത കോൺട്രാവേഴ്സി ഒപ്പിക്കും. വല്ലാത്ത രീതിയിൽ വായനക്കാരെ കൺഫ്യൂസ് ചെയ്യിക്കുന്ന അവസ്ഥ. ഇതൊരുതരം 'മുക്കാൽ മീഡിയ' കാരുടെ ടെക്‌നിക് ആണല്ലോ. ദുബായിയിലെ ഭരണാധികാരികളും, ഇസ്രായേൽ ഭരണാധികാരികളും, സൗദിയും ഔദ്യോഗീകമായി പുറത്തു വിട്ട വിവരങ്ങൾ ദിവസങ്ങൾ ഇത്രയായിട്ടും ശ്രീ. ശ്രീകുമാർ എന്തേ അറിയാതെ പോയി.???? ഹമാം അൽ ഹമ്മാമ്മിയേക്കാൾ നിശ്ചയമോ ശ്രീകുമാറിന്?? 🤔 റെജിസ്🔆
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-05 11:40:03
💥👹ചിലർക്കൊക്കെ ചമ്മലും, മറ്റു ചിലർക്കൊക്കെ പേടിയും ആയ സ്ഥിതിക്ക് ഞാൻ പറയാം ; In a nutshell, ശക്തനായ ഹനുമാൻ സ്വാമി, ക്രൂരനായ അല്ലാഹുവിൽ നിന്നും ഉണ്ണാക്കനായ യഹോവയുടെ പ്രീയ മക്കളെയും സ്വന്ത ദേശത്തെയും അത്ഭുതകരമായി രക്ഷിച്ചു.‼️ ഇതല്ലേ യഥാർത്ഥത്തിൽ സംഭവിച്ചത്?? ആർക്കെങ്കിലും ഒരു ചെറിയ അഭിപ്രായ വ്യത്യാസം എങ്കിലും ഉണ്ടോ??, ഇല്ലാ. 💪 ✳️റെജീസ് ജോൺ
Fly Dubai - ഒരു നാടകം 2026-10-06 03:33:52
മനുഷ്യരുടെ കണ്ണിൽ പൊടിയിടൽ എന്നും പറയാം. ഇതൊക്കെയാണ് കാരണങ്ങൾ: 1) ഗാസയിൽ ഇസ്രേലികൾ നടത്തിയ genocide മനുഷ്യരുടെ മനസിൽ നിന്ന് മാറ്റുക. 2) വെറും രണ്ടാഴ്ചക്കുള്ളിൽ വരുന്ന ഇസ്രായേലി ഇലക്ഷന് വോട്ട് പിടിക്കുക. ഇതെല്ലം ഇലെക്ഷന് തോറ്റാൽ കൂട്ടിൽ അടക്കപ്പെടാൻ പോകുന്ന യാഹൂവിന്റെ പരിപാടികൾ. അതിൽ, അറിഞ്ഞോ അറിയാതെയോ ഒരു ഇന്ത്യൻ ക്യാപ്റ്റനും പെട്ടു. പ്ലംബർ പെട്ടന്ന് പൈലറ്റ് ആയി. പൊട്ടിത്തെറിക്കുന്ന ബീപ്പറും ഫോണും നൽകി, സന്ദേശം അയച്ചു അവയെ പൊട്ടിത്തെറുപ്പിക്കാൻ. അങ്ങനത്തെ ജന്തുക്കൾ കസേരക്ക് വേണ്ടി ഇതല്ല, ഇതിൽ അപ്പുറത്തെ പണികളും കാണിക്കും. ആ ജന്തുക്കൾ കുറെ വർഷം മുമ്പ് റഷ്യയുടെ വിമാനത്തിന്റെ മറവിൽ നിന്ന് സിറിയയെ ആക്രമിച്ചു. സിറിയ തിരിച്ചു വെടിവെച്ചു, റഷ്യയുടെ വിമാനം വെടിയേറ്റ് തകർന്നുവീണ് അതിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു. അതുകൊണ്ട്‌, ഫ്ലൈ ദുബായ് കഥ അതേപടി വിശ്വസിക്കരുത്.
A.S SREEKUMAR 2026-10-06 10:10:44
റെജീസ്, ഒരു വാര്‍ത്തയെ വിമര്‍ശിക്കാം. അതിലെ വസ്തുതകള്‍ ചോദ്യം ചെയ്യാം. ഔദ്യോഗിക വിവരങ്ങള്‍ ചൂണ്ടിക്കാട്ടി തിരുത്തലുകള്‍ ആവശ്യപ്പെടാം. അതെല്ലാം ആരോഗ്യകരമായ മാധ്യമ സംവാദത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിനു പകരം ''മുക്കാല്‍ മീഡിയ'' എന്ന പരിഹാസ പ്രയോഗത്തിലേക്ക് താഴുന്നത് വിമര്‍ശനമല്ല; വ്യക്തിയെ ലക്ഷ്യമിട്ടുള്ള കൃത്യമായ അധിക്ഷേപമാണ്. ഞാന്‍ എഴുതിയ ലേഖനം ഒരു അന്തിമ അന്വേഷണ റിപ്പോര്‍ട്ടായി അവതരിപ്പിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉയരുന്ന സുരക്ഷാ ചോദ്യങ്ങളാണ് ലേഖനം ഉന്നയിക്കുന്നത്. ലേഖനത്തില്‍ തന്നെ ''അന്വേഷണം പുരോഗമിക്കുകയാണ്'', ''വ്യക്തമല്ല'', ''അന്വേഷണം വ്യക്തമാക്കേണ്ടത്'' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് അതുകൊണ്ടാണ്. അതായത്, അറിയാത്ത കാര്യങ്ങളെ അറിയാമെന്നു പ്രഖ്യാപിക്കുകയല്ല, അറിയേണ്ട കാര്യങ്ങളെ ചോദ്യങ്ങളായി അവതരിപ്പിക്കുകയാണ് ചെയ്തത്. ദുബായ്, ഇസ്രായേല്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ അധികൃതര്‍ പുറത്തുവിട്ട വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമാണ്. അവയെ ഉദ്ധരിക്കുന്നതും അവയെ അടിസ്ഥാനമാക്കി കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല. ഔദ്യോഗികമായി പുറത്തുവന്ന ഒരു വിവരം ഉണ്ടെന്ന കാരണം കൊണ്ട് അതിനപ്പുറം ചോദ്യങ്ങളൊന്നും ചോദിക്കരുത് എന്നൊരു മാധ്യമനിയമം എവിടെയുമില്ല. പ്രത്യേകിച്ച് വിമാനസുരക്ഷ പോലുള്ള വിഷയത്തില്‍, ''സംഭവം എങ്ങനെ സംഭവിച്ചു?'' എന്നതോടൊപ്പം ''ഇത് സംഭവിക്കാന്‍ അവസരം ലഭിച്ചത് എങ്ങനെ?'' എന്ന ചോദ്യവും പ്രസക്തമാണ്. മുന്‍കാല സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അവ എങ്ങനെ കൈമാറപ്പെട്ടു? നിയമനത്തിന് മുമ്പുള്ള പരിശോധനയില്‍ അവ ഉള്‍പ്പെട്ടിരുന്നോ? ബന്ധപ്പെട്ട രാജ്യങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ തമ്മിലുള്ള വിവര കൈമാറ്റം എങ്ങനെയായിരുന്നു? ഇവയ്ക്കുള്ള അന്തിമ ഉത്തരങ്ങള്‍ അന്വേഷണം നല്‍കേണ്ടതാണ്. അതുകൊണ്ട്, ''ശ്രീകുമാറിന് ഹമാം അല്‍ ഹമ്മാമിയേക്കാള്‍ നിശ്ചയമോ..?'' എന്ന പരിഹാസചോദ്യം യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. എനിക്ക് ഹമാം അല്‍ ഹമ്മാമിയെക്കുറിച്ച് അദ്ദേഹത്തേക്കാള്‍ കൂടുതല്‍ അറിയാം എന്ന അവകാശവാദമല്ല ലേഖനം. അദ്ദേഹത്തെക്കുറിച്ചുള്ള ലഭ്യമായ വിവരങ്ങളില്‍ നിന്ന് വിമാനസുരക്ഷയെ സംബന്ധിച്ച് എന്തെല്ലാം ചോദ്യങ്ങള്‍ ഉയരുന്നു എന്നതാണ് ലേഖനത്തിന്റെ വിഷയം. പത്രപ്രവര്‍ത്തനത്തിന്റെ ജോലി ഔദ്യോഗിക പ്രസ്താവനകള്‍ പകര്‍ത്തിവെക്കുക മാത്രമല്ല. ഔദ്യോഗികമായി പറയപ്പെട്ടതിനെ പരിശോധിക്കുകയും, അതിനിടയിലെ വിടവുകള്‍ കണ്ടെത്തുകയും, പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നതും മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വമാണ്. ഇനി ഒരു കാര്യം കൂടി. ''മുക്കാല്‍ മീഡിയ'' എന്ന പ്രയോഗം ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെയാകെ ഒരു കൂട്ടമായി പരിഹസിക്കുന്നത് യാതൊരു വാദത്തിനും ശക്തി നല്‍കുന്നില്ല. മറിച്ച്, വസ്തുതാപരമായ വിമര്‍ശനത്തിന് പകരം വ്യക്തിഹത്യയിലേക്കാണ് ചര്‍ച്ചയെ കൊണ്ടുപോകുന്നത്. മാധ്യമ പ്രവര്‍ത്തകന്റെ വാദം തെറ്റാണെങ്കില്‍ ഏത് വസ്തുതയാണ് തെറ്റെന്ന് ചൂണ്ടിക്കാണിക്കുക; ഏത് ഔദ്യോഗിക രേഖയാണ് അതിനെ ഖണ്ഡിക്കുന്നതെന്ന് പറയുക; ഏത് ഭാഗമാണ് തിരുത്തേണ്ടതെന്ന് വ്യക്തമാക്കുക. അതാണ് ശക്തമായ വിമര്‍ശനം. ''മുക്കാല്‍ മീഡിയ'' എന്ന് വിളിച്ചതുകൊണ്ട് ഒരു ലേഖനം തെറ്റാകില്ല. അതുപോലെ, ഒരാളെ നിരന്തരം വിമര്‍ശിക്കുന്നതുകൊണ്ട് വിമര്‍ശകന്റെ വാദവും ശരിയാകില്ല. വ്യക്തിയെ അല്ല, വസ്തുതയെ നേരിടാം. പരിഹാസത്തെ അല്ല, തെളിവിനെ മുന്നില്‍ വെക്കാം. അതാണ് ആരോഗ്യകരമായ മാധ്യമ സംവാദത്തിന്റെ നിലവാരം. എ.എസ് ശ്രീകുമാര്‍
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-06 14:27:53
💥🔥ഓക്കേ, ശ്രീ. ശ്രീകുമാറേ , ഞാൻ എഴുതുന്ന പ്രതികരണങ്ങളുടെ മുക്കും മൂലയും അരികും തലയും സൈഡും എല്ലാം മുറിച്ചു മാറ്റിയ നിലയിലാണ് ചിലപ്പോളൊക്കെ post ചെയ്യപ്പെടാറ്. കാതലായിട്ടുള്ള ചില കാര്യങ്ങളൊക്കെ മിക്കവാറും എന്റെ പ്രതികരണത്തിൽ നിന്ന് നഷ്ടപ്പെട്ടു പോകാറുമുണ്ട്. എവിടെ വച്ചാണ് അത് സംഭവിക്കുന്നത് എന്ന് എനിക്കറിയാൻ മേല. അത് എത്ര ആയിരം അടി ഉയരത്തിൽ വച്ചാണോ , അല്ലെങ്കിൽ ലാൻഡ് ചെയ്തിട്ടാണോ എന്നൊന്നും എനിക്കറിയത്തില്ല. 🔹ഇനി കാര്യത്തിലേക്കു വരാം. താങ്കളുടെ ഒക്ടോബർ അഞ്ചിന് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലെ അവസാനത്തെ നാല് പാര ഗ്രാഫിൽ താങ്കൾ ഉന്നയിച്ചിട്ടുള്ള സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും എല്ലാം വ്യക്തമായിട്ട് ഒക്ടോബർ മൂന്നിന് തന്നെ , ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള അന്വേഷണ ഏജൻസികൾ, ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾ അവരുടെ ഉന്നത ഭരണാധികാരികൾ, എല്ലാവരും ചേർന്ന് വ്യക്തമായിട്ട് കാര്യങ്ങൾ പുറത്ത് വിട്ടിരുന്നു. UAE യുടെ അറ്റോണി ജനറൽ, UAE യുടെ ഭരണാധികാരി , UAE യുടെ കിരീടാവകാശി, മത ഭീകരനായ co- പൈലറ്റ് ശ്രീ. ഹമാം അൽ - ഹമ്മാമ്മി യെ ചോദ്യം ചെയ്യുന്ന അന്വേഷണ ഉദ്യഗസ്ഥർ, സൗദി അറേബിയ - ഇവർ ഒക്കെ ചേർന്ന് പുറത്തു വിട്ട ആധികാരികമായ വിവരങ്ങൾ ലോകം മുഴുവൻ അറിഞ്ഞതാണ് ; കൺഫേം ചെയ്തിട്ടുള്ളതാണ്. ഊഹാപോഹങ്ങൾ അല്ലാ. . ഇതിലെ അക്രമകാരിയെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ ഇൻഫർമേഷൻ വരെ വ്യക്തമായിട്ട് പബ്ലിക്കിലേക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 🔺താങ്കൾ ലേഖനം ഒക്ടോബർ 5 - ന് എഴുതിയിട്ട് പോലും, താങ്കൾക്ക് ഇതൊന്നും അറിയാൻ മാർഗ്ഗം ഉണ്ടായിരുന്നില്ലേ എന്നാണ് എന്റെ ചോദ്യം.🔺വീണ്ടും same സംശയങ്ങൾ ചോദിച്ചതു കൊണ്ടാണ്താ ഞാൻ അങ്ങനെ എഴുതിയത്. താളുടെ പേര് പരാമർശിച്ചു എന്നതുകൊണ്ട് മാത്രം എങ്ങനെ 'വ്യക്തി അധിക്ഷേപം' ആകും.?? അങ്ങനെയൊന്നും ഞാൻ ചെയ്യാറില്ല , എന്നെ ചെയ്യാറുണ്ടെങ്കിലും. വസ്തുതകളെ മാത്രമേ ഞാൻ കാര്യമായി എടുക്കാറുള്ളൂ. ആശയങ്ങളെ വിമർശിച്ചു കൊണ്ട് ആളെ വെറുതേ വിടും. പന്തിനിട്ടേ അടിക്കൂ , കാലിനിട്ട് ഒരിക്കലും Never അടിക്കില്ല.‼️. ഏതു മീഡിയ ആയാലും വസ്തുതകൾക്ക് നിരക്കാത്തതോ, വാസ്തവത്തിനെ വളച്ചൊടിക്കുകയോ, വാസ്തവത്തിൽ നിന്ന് വിദഗ്ധമായി മെയിൻ കോർ ആയിട്ടുള്ള ആശയങ്ങൾ വെട്ടി മാറ്റി പ്രസിദ്ധീകരിക്കുന്നതോ ആയാൽ, അതെല്ലാം "മുക്കാൽ" അല്ലെങ്കിൽ 'അര: പ്രസിദ്ധീകരണങ്ങളാണ് എന്റെ കാഴ്ചപ്പാടിൽ. അതിനെയൊന്നും ഒരു "Full ഒന്നായിട്ട് " ഞാൻ കൗണ്ട് ചെയ്യാറില്ല. ആടിനെ പട്ടിയാക്കുകയോ, പട്ടിയെ ആട് ആക്കുക ഞാൻ ചെയ്യാറില്ല . എന്താണ് ഉള്ളത്, അത് മാത്രമേ ഞാൻ എടുക്കൂ. എന്നെ സംബന്ധിച്ച് മനുഷ്യൻ പട്ടിയെ കടിക്കുന്നതും വാർത്തയാണ് , പട്ടി മനുഷ്യനെ കടിക്കുന്നതും വാർത്തയാണ്. കാരണം രണ്ടും വസ്തുതകളാണ്. കാല്പനികതകളുടെ പുറകെ ഞാൻ ഓടാറില്ല.വസ്തുതകളാണ്, തെളിവുകളാണ്, data ആണ് എന്നെ നയിക്കുന്നത്. സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നത് ,ഞാൻ സാധാരണ എല്ലാവരുടെയും ലേഖനങ്ങളിൽ എല്ലാം കാണാറുള്ളതാണ്. ഒന്നു കൂടി പറയാം, വ്യക്തി പരമായി ഞാൻ താങ്കൾക്ക് അപമതിപ്പ് ഉണ്ടാക്കിയിട്ടില്ല. ഒന്നു കൂടി ചോദിക്കാം, ഒക്ടോബർ മൂന്നിന് തന്നേ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ കിട്ടിയിട്ടും താങ്കൾ എന്തിന് ഒക്ടോബർ അഞ്ചിനു വീണ്ടും 'തത്തമ്മ വർത്തമാന'ത്തിലൂടെ 'ഗൂഡലോചനാ സിദ്ധാന്തം' എഴുതി വിട്ടു ??? ഇതാണോ ധർമ്മം??? അതായത് പത്ര ധർമ്മം??? ഒരു സെൻസേഷൻ ഉണ്ടാക്കാൻ ആയിരുന്നുവോ??? കുറുപ്പിനെ ഹാശ്മി സ്റ്റുഡിയോയിൽ ഇരുന്ന് അറസ്റ്റ്‌ ചെയ്തത് താങ്കൾ കണ്ടു പഠിക്കുകയായിരുന്നോ??? തത്ക്കാലം നിർത്തട്ടെ. ഇതൊക്കെ എന്റെയും സംശയങ്ങളാണ്. ഒന്നും personal ആയി എടുക്കരുതേ🙏. Rejice ജോൺ✳️
A.S SREEKUMAR 2026-10-07 01:36:56
റെജീസ്, താങ്കളുടെ രണ്ടാമത്തെ പ്രതികരണം വായിച്ചു. ''വസ്തുതകളാണ്, തെളിവുകളാണ്, ഡാറ്റയാണ് എന്നെ നയിക്കുന്നത്'' എന്ന് താങ്കള്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നതിനാല്‍, അതേ മാനദണ്ഡത്തില്‍ തന്നെ താങ്കളുടെ ആരോപണങ്ങളെയും പരിശോധിക്കാം. വ്യക്തിപരമായി എടുക്കേണ്ടതില്ലെന്ന് താങ്കള്‍ അവസാനം പറയുന്നുണ്ടെങ്കിലും, ''മുക്കാല്‍ മീഡിയ'', ''അര പ്രസിദ്ധീകരണം'', ''തത്തമ്മ വര്‍ത്തമാനം'', ''ഗൂഢാലോചനാ സിദ്ധാന്തം'', ''സെന്‍സേഷന്‍ ഉണ്ടാക്കാന്‍'', ''ഹാഷ്മി സ്റ്റുഡിയോയില്‍ ഇരുന്ന് അറസ്റ്റ് ചെയ്തത് കണ്ടുപഠിക്കുകയായിരുന്നോ'' തുടങ്ങിയ പ്രയോഗങ്ങള്‍ ഒരു ലേഖനത്തിലെ വസ്തുതാപരമായ പിശക് ചൂണ്ടിക്കാണിക്കുന്ന ഭാഷയല്ല. അത് എഴുത്തുകാരന്റെ ഉദ്ദേശ്യത്തെയും വിശ്വാസ്യതയെയും പരിഹസിക്കുന്ന ഭാഷയാണ്. അതിനാല്‍ ആദ്യം ഒരു കാര്യം വ്യക്തമാക്കാം. എന്റെ ലേഖനത്തില്‍ ഏത് വസ്തുതയാണ് തെറ്റെന്ന് താങ്കള്‍ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടോ? ഇല്ല. ഏത് ഔദ്യോഗിക രേഖയാണ് ഞാന്‍ ഉന്നയിച്ച ചോദ്യത്തെ അസാധുവാക്കുന്നതെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ടോ? ഇല്ല. ഏത് ഔദ്യോഗിക പ്രസ്താവനയാണ് എന്റെ ലേഖനത്തിലെ ഏത് ഭാഗത്തെ തിരുത്തുന്നതെന്ന് താങ്കള്‍ വ്യക്തമാക്കിയിട്ടുണ്ടോ? അതുമില്ല. പകരം, ''ഒക്ടോബര്‍ മൂന്നിന് എല്ലാം വ്യക്തമായി പറഞ്ഞിരുന്നു; ഒക്ടോബര്‍ അഞ്ചിന് വീണ്ടും എന്തിന് ചോദിച്ചു?'' എന്നതാണ് താങ്കളുടെ പ്രധാന വാദം. ഇവിടെയാണ് നമ്മുടെ മാധ്യമ വീക്ഷണങ്ങള്‍ തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. ഒരു ഔദ്യോഗിക പ്രസ്താവന പുറത്തുവന്നു എന്നതുകൊണ്ട് ഒരു സംഭവത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും അവസാനിക്കുന്നില്ല. ഒരു സംഭവത്തെക്കുറിച്ച് അധികാരികള്‍ ഒരു വിശദീകരണം നല്‍കുന്നു. മാധ്യമപ്രവര്‍ത്തകന്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടൊപ്പം ആ വിശദീകരണത്തില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങളും പരിശോധിക്കുന്നു. അതാണ് അന്വേഷണാത്മകവും ഉത്തരവാദിത്വമുള്ളതുമായ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന സ്വഭാവം. ഞാന്‍ എഴുതിയ ലേഖനത്തിലും അതുതന്നെയാണ് ചെയ്തത്. ''ഇതാണ് സത്യം'' എന്ന് ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. ''അന്വേഷണം പുരോഗമിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍'' എന്നാണ് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ''വ്യക്തമല്ല'', ''അന്വേഷണം വ്യക്തമാക്കേണ്ടത്'', ''ചോദ്യമാണ്'' തുടങ്ങിയ പദങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുമുണ്ട്. അതിനാല്‍ താങ്കള്‍ പറയുന്ന ''ഗൂഢാലോചനാ സിദ്ധാന്തം'' എവിടെയാണ് ലേഖനത്തിലുള്ളത് എന്ന് താങ്കള്‍ ആദ്യം കാണിച്ചുതരേണ്ടതുണ്ട്. ഒരു ചോദ്യം ചോദിക്കുന്നത് ഗൂഢാലോചനാ സിദ്ധാന്തമല്ല. ഒരു സാധ്യത പരിശോധിക്കണമെന്ന് പറയുന്നത് ഗൂഢാലോചനാ സിദ്ധാന്തമല്ല. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ വ്യക്തമല്ലെന്ന് പറയുന്നതും ഗൂഢാലോചനാ സിദ്ധാന്തമല്ല. മറിച്ച്, തെളിവില്ലാത്ത ഒരു നിഗമനം സത്യമായി അവതരിപ്പിക്കുന്നതായിരിക്കും ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ സ്വഭാവം. എന്റെ ലേഖനത്തില്‍ അത്തരമൊരു നിഗമനം എവിടെയാണെന്ന് താങ്കള്‍ തെളിയിക്കണം. ''മുക്കാല്‍ മീഡിയ'' അതിന്റെ അര്‍ത്ഥമെന്താണ്? താങ്കള്‍ ഇപ്പോള്‍ വിശദീകരിക്കുന്നത് ''വസ്തുതകള്‍ക്ക് നിരക്കാത്തതോ, വാസ്തവത്തെ വളച്ചൊടിക്കുന്നതോ, പ്രധാന ആശയങ്ങള്‍ വെട്ടിമാറ്റി പ്രസിദ്ധീകരിക്കുന്നതോ ആയ മാധ്യമങ്ങളെ താങ്കള്‍ 'മുക്കാല്‍' അല്ലെങ്കില്‍ 'അര പ്രസിദ്ധീകരണം' എന്ന് വിളിക്കുന്നു'' എന്നാണ്. അത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. പക്ഷേ, ഒരു മാധ്യമസ്ഥാപനത്തെക്കുറിച്ച് അത്തരമൊരു വിശേഷണം ഉപയോഗിക്കുമ്പോള്‍ ഏത് വാര്‍ത്തയാണ് വസ്തുതാവിരുദ്ധം, ഏത് ഭാഗമാണ് വളച്ചൊടിച്ചത്, ഏത് പ്രധാന ആശയമാണ് വെട്ടിമാറ്റിയത് എന്ന് തെളിവോടെ പറയണം. അല്ലാതെ ''മുക്കാല്‍ മീഡിയ'' എന്ന് മുദ്രകുത്തിയാല്‍ അത് വിമര്‍ശനമാകില്ല. ഒരു പത്രവാര്‍ത്ത തെറ്റാണെങ്കില്‍ പറയേണ്ടത്: ''ഈ വസ്തുത തെറ്റാണ്.'' ഒരു റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെങ്കില്‍ പറയേണ്ടത്: ''ഈ വിവരം വിട്ടുപോയി.'' ഒരു നിഗമനം തെളിവില്ലാത്തതാണെങ്കില്‍ പറയേണ്ടത്: ''ഈ നിഗമനത്തിന് തെളിവില്ല.'' ഇതാണ് വസ്തുതാപരമായ വിമര്‍ശനം. ''മുക്കാല്‍ മീഡിയ'', ''അര പ്രസിദ്ധീകരണം'' തുടങ്ങിയ വിശേഷണങ്ങള്‍ അതിന് പകരമാകില്ല. ''തത്തമ്മ വര്‍ത്തമാനം'' എന്ന പരിഹാസം ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനത്തെ ''തത്തമ്മ വര്‍ത്തമാനം'' എന്ന് വിളിക്കുന്നത് വളരെ എളുപ്പമാണ്. പക്ഷേ, അതില്‍ പറഞ്ഞിട്ടുള്ള ഏത് വാചകമാണ് അസത്യമെന്ന് ചൂണ്ടിക്കാണിക്കുകയാണ് പ്രയാസം. ആ പ്രയാസമുള്ള ജോലി ചെയ്യാതെ പരിഹാസത്തിന്റെ എളുപ്പവഴി തിരഞ്ഞെടുക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ മാധ്യമ സംവാദത്തെ ദുര്‍ബലമാക്കുന്നത്. ഞാന്‍ എഴുതിയത് തത്തമ്മ വര്‍ത്തമാനമാണെങ്കില്‍, അതിലെ തെറ്റായ വസ്തുതകള്‍ ഓരോന്നായി താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാം. ഒരു വാചകം പോലും തെറ്റാണെങ്കില്‍ അത് തെളിവോടെ തിരുത്താന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ''തത്തമ്മ വര്‍ത്തമാനം'' എന്ന് വിളിച്ചതുകൊണ്ട് ഒരു വസ്തുത തെറ്റായി മാറുകയില്ല. ''ഗൂഢാലോചനാ സിദ്ധാന്തം'' എന്ന ആരോപണം ഇതാണ് താങ്കളുടെ പ്രതികരണത്തിലെ ഏറ്റവും ഗൗരവമുള്ള ആരോപണം. ഒരു മാധ്യമപ്രവര്‍ത്തകന്‍ ''ഗൂഢാലോചനാ സിദ്ധാന്തം'' എഴുതിയെന്ന് ആരോപിക്കുന്നുവെങ്കില്‍, ആ ആരോപണത്തിന് തെളിവുണ്ടാകണം. എന്റെ ലേഖനത്തില്‍ ഞാന്‍ ആരെയാണ് ഗൂഢാലോചനയ്ക്ക് ആരോപിച്ചത്? എന്താണ് ഞാന്‍ ഗൂഢാലോചനയായി അവതരിപ്പിച്ചത്? ഏത് തെളിവില്ലാത്ത കഥയാണ് ഞാന്‍ സത്യമായി പ്രഖ്യാപിച്ചത്? ഇവയില്‍ ഒന്നിനും താങ്കളുടെ പ്രതികരണത്തില്‍ ഉത്തരമില്ല. പകരം, ''സംശയങ്ങള്‍ ചോദിച്ചു'' എന്നതിനെ ''ഗൂഢാലോചനാ സിദ്ധാന്തം'' എന്ന് വിശേഷിപ്പിക്കുകയാണ്. സംശയം ഉന്നയിക്കുന്നത് കുറ്റമല്ല; തെളിവില്ലാത്ത സംശയത്തെ സത്യമായി അവതരിപ്പിക്കുന്നതാണ് പ്രശ്‌നം. എന്റെ ലേഖനം രണ്ടാമത്തെ കാര്യം ചെയ്തിട്ടില്ല. ''പത്രധര്‍മ്മം'' ആരാണ് നിര്‍വചിക്കുന്നത്? താങ്കള്‍ ചോദിക്കുന്നു: ''ഇതാണോ ധര്‍മ്മം? അതായത് പത്രധര്‍മ്മം?'' അതെ, പത്രധര്‍മ്മത്തെക്കുറിച്ച് സംസാരിക്കാം. പത്രധര്‍മ്മം അധികാരികള്‍ പറയുന്നത് പകര്‍ത്തിവയ്ക്കുക മാത്രമല്ല. അധികാരികള്‍ പറഞ്ഞതിനെ പരിശോധിക്കുക, അവകാശവാദങ്ങളുടെ അടിസ്ഥാനങ്ങള്‍ പരിശോധിക്കുക, പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുക, ഉത്തരമില്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക ഇതെല്ലാം പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അധികാരികളുടെ ഔദ്യോഗിക വിശദീകരണം പ്രസിദ്ധീകരിക്കേണ്ടത് മാധ്യമത്തിന്റെ ഉത്തരവാദിത്വമാണ്. അതുപോലെ തന്നെ, ആ വിശദീകരണത്തിന് അപ്പുറം ഉയരുന്ന പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നതും മാധ്യമത്തിന്റെ ഉത്തരവാദിത്വമാണ്. അധികാരികള്‍ പറഞ്ഞതെല്ലാം ചോദ്യം ചെയ്യാതെ സ്വീകരിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകനും ഔദ്യോഗിക വക്താവിനും തമ്മിലുള്ള വ്യത്യാസം എന്താണ്? ''സെന്‍സേഷന്‍ ഉണ്ടാക്കാന്‍ ആയിരുന്നോ?'' ഇതിലും താങ്കള്‍ എന്റെ ഉദ്ദേശ്യം തന്നെ വിധിച്ചുകഴിഞ്ഞു. ഞാന്‍ സെന്‍സേഷന്‍ ഉണ്ടാക്കാനാണ് എഴുതിയതെന്ന് താങ്കള്‍ എങ്ങനെ ഉറപ്പിച്ചു? എന്റെ ലേഖനത്തിന് പിന്നിലെ ഉദ്ദേശ്യം താങ്കള്‍ക്ക് എങ്ങനെ അറിയാം? ഒരു ലേഖനത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിക്കുന്നതിനു പകരം എഴുത്തുകാരന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അനുമാനം നടത്തുന്നത് തന്നെയല്ലേ താങ്കള്‍ എനിക്കെതിരെ ആരോപിക്കുന്ന ''ഊഹാപോഹം''? എന്റെ ഉദ്ദേശ്യം സെന്‍സേഷന്‍ സൃഷ്ടിക്കലായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു വസ്തുത താങ്കളുടെ പ്രതികരണത്തിലില്ല. അതുകൊണ്ട് അതും ഒരു ആരോപണം മാത്രമാണ്. ''ഹാഷ്മി സ്റ്റുഡിയോയില്‍ ഇരുന്ന് കുറുപ്പിനെ അറസ്റ്റ് ചെയ്തത് കണ്ടുപഠിക്കുകയായിരുന്നോ?'' ഇതാണ് താങ്കളുടെ പ്രതികരണത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള പരാമര്‍ശം എന്ന് പറയേണ്ടിവരും. ഒരു വിമാനസുരക്ഷാ സംഭവത്തെക്കുറിച്ചുള്ള മാധ്യമലേഖനത്തെ വിമര്‍ശിക്കുമ്പോള്‍, മറ്റൊരു ടെലിവിഷന്‍ പരിപാടിയിലോ സ്റ്റുഡിയോ ചര്‍ച്ചയിലോ നടന്നതായി പറയുന്ന ഒരു സംഭവത്തെ പരിഹാസമായി കൊണ്ടുവരുന്നതിന് വിഷയവുമായി എന്താണ് ബന്ധം? എന്റെ ലേഖനത്തിലെ ഏത് വസ്തുതയാണ് അതിലൂടെ തെറ്റാകുന്നത്? ഏത് വാദമാണ് അതിലൂടെ തെളിയിക്കപ്പെടുന്നത്? ഒന്നുമില്ല. അതുകൊണ്ട് ആ പരാമര്‍ശം വാദമല്ല; പരിഹാസമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ വിശകലനം തെറ്റാണെങ്കില്‍, അദ്ദേഹത്തിന്റെ മറ്റേതെങ്കിലും മാധ്യമപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സംഭവങ്ങള്‍ വലിച്ചുകൊണ്ടുവരാതെ അതേ ലേഖനത്തിലെ വസ്തുതകളെ നേരിട്ട് ചോദ്യം ചെയ്യുകയാണ് വേണ്ടത്. ഇനി താങ്കള്‍ പറഞ്ഞ ''വസ്തുത, തെളിവ്, ഡാറ്റ'' എന്ന മാനദണ്ഡത്തിലേക്ക് വരാം താങ്കള്‍ പറയുന്നത് ഒക്ടോബര്‍ മൂന്നിന് തന്നെ എല്ലാ കാര്യങ്ങളും ''കണ്‍ഫേം'' ചെയ്തുവെന്നാണ്. അങ്ങനെയെങ്കില്‍ വളരെ ലളിതമായ ഒരു കാര്യം ചെയ്യാം. താങ്കള്‍ പറയുന്ന ഓരോ ഔദ്യോഗിക സ്ഥിരീകരണത്തിന്റെയും: ഔദ്യോഗിക രേഖ / പ്രസ്താവന ഏതാണ്? അത് ആരാണ് പുറപ്പെടുവിച്ചത്? തീയതി എന്താണ്? എന്റെ ലേഖനത്തിലെ ഏത് വസ്തുതയെയാണ് അത് തിരുത്തുന്നത്? ഞാന്‍ ഉന്നയിച്ച ഏത് ചോദ്യത്തിനാണ് അതില്‍ അന്തിമ ഉത്തരം നല്‍കിയിരിക്കുന്നത്? ഇവ ചൂണ്ടിക്കാണിക്കുക. അപ്പോള്‍ വ്യക്തിപരമായ തര്‍ക്കത്തിന് യാതൊരു ആവശ്യവുമില്ല. തെറ്റുണ്ടെങ്കില്‍ ഞാന്‍ തിരുത്താം. വിവരം അപൂര്‍ണ്ണമാണെങ്കില്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കാം. പക്ഷേ, ''മുക്കാല്‍ മീഡിയ'', ''അര പ്രസിദ്ധീകരണം'', ''തത്തമ്മ വര്‍ത്തമാനം'', ''ഗൂഢാലോചനാ സിദ്ധാന്തം'', ''സെന്‍സേഷന്‍'' തുടങ്ങിയ വിശേഷണങ്ങള്‍ ഉപയോഗിച്ച് ഒരു ലേഖനത്തെ തള്ളിക്കളയുന്നത് വസ്തുതാപരമായ വിമര്‍ശനമല്ല. ഒടുവില്‍ ഒരു കാര്യം മാത്രം. ഞാന്‍ എഴുതിയ ലേഖനത്തെ താങ്കള്‍ തോല്‍പ്പിക്കേണ്ടത് പരിഹാസം കൊണ്ടല്ല; തെളിവുകൊണ്ടാണ്. എന്റെ ഒരു വസ്തുത തെറ്റാണെങ്കില്‍ തെളിവോടെ തിരുത്തുക. ഒരു ചോദ്യം പ്രസക്തമല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദീകരിക്കുക. ഒരു ഔദ്യോഗിക രേഖ എന്റെ വാദത്തെ ഖണ്ഡിക്കുന്നുണ്ടെങ്കില്‍ അത് മുന്നോട്ടുവയ്ക്കുക. അങ്ങനെ ചെയ്താല്‍ അതാണ് യഥാര്‍ത്ഥ മാധ്യമസംവാദം. പക്ഷേ ഒരു ലേഖനത്തെ ''മുക്കാല്‍ മീഡിയ'' എന്നും ''തത്തമ്മ വര്‍ത്തമാനം'' എന്നും വിളിക്കുകയും, അതിനെ ''ഗൂഢാലോചനാ സിദ്ധാന്തം'' എന്ന് മുദ്രകുത്തുകയും, എഴുത്തുകാരന്റെ ഉദ്ദേശ്യത്തെ ''സെന്‍സേഷന്‍'' എന്ന് വ്യാഖ്യാനിക്കുകയും, ഒടുവില്‍ മറ്റൊരു സംഭവത്തെ പരിഹാസമായി വലിച്ചുകൊണ്ടുവരികയും ചെയ്താല്‍ അത് വസ്തുതകളെ നേരിടുന്ന മറുപടിയല്ല; വസ്തുതകളെ നേരിടാന്‍ കഴിയാത്തപ്പോള്‍ ഉപയോഗിക്കുന്ന ഭാഷ മാത്രമാണ്. താങ്കള്‍ തന്നെ പറഞ്ഞതുപോലെ 'പന്തിനിട്ടേ അടിക്കൂ; കാലിനിട്ട് അടിക്കില്ല.'' അത് നല്ലൊരു തത്വമാണ്. അത് നമുക്ക് രണ്ടുപേര്‍ക്കും പാലിക്കാം. പന്ത് - വസ്തുത. കളി - ആശയം. വിധി - തെളിവ്. കാലില്‍ അടിക്കേണ്ട ആവശ്യം ആര്‍ക്കും ഇല്ല. എ.എസ്. ശ്രീകുമാര്‍
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-07 13:17:55
💥🔥ഒന്നു wait ചെയ്യണേ ശ്രീമാൻ. ശ്രീകുമാറേ. ഒരു പ്രതികരണം കൂടെ ഞാൻ അയയ്ക്കാം. സ്വൽപ്പം സമയം വേണം. 🙏 ✳️Rejice
A.S SREEKUMAR 2026-10-07 14:05:35
ക്ഷമിക്കുക റെജീസ്, ഒരു ലേഖനത്തിന്റെ പിന്നാലെ ഇനിയുമിങ്ങനെ പോകുന്നതില്‍ അര്‍ത്ഥമില്ല. അഭിപ്രായമില്ലാഞ്ഞിട്ടല്ല. അതിന് എനിക്ക് സമയമില്ലെന്ന് എളിമയോടെ പറയട്ടെ. താങ്കള്‍ ഇനി എന്തെഴുതിയാലും എനിക്ക് പ്രശ്‌നമില്ല.ഞാന്‍ ആ ഭാഗത്തേയ്ക്ക് നോക്കുന്നില്ല. വായിക്കുന്നുമില്ല. പറയാനുള്ളതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇവിടെ ഇങ്ങനെ അവസാനിക്കട്ടെ...ശ്രീകുമാര്‍
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-07 19:10:06
💥🔥 🔹മെയിൻ പൈലറ്റിനെ വെട്ടിക്കൊന്ന ശേഷം സ്വന്തമായി വിമാനം നിയന്ത്രണത്തിലാക്കി ബെൻ ഗോറിയോൻ വിമാനത്താവളത്തിലേക്കോ,അല്ലെങ്കിൽ ഒരു വലിയ കെട്ടിടത്തിലേക്കോ {9/11 മോഡലിൽ } ഇടിച്ചിറക്കുക എന്നതായിരുന്നു മത ജിഹാദിയായ ഹമാം അൽ - ഹമ്മാമിയുടെ ലക്ഷ്യം എന്ന് സംയുക്ത അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ ഒക്ടോബർ മൂന്നിന് പുറത്തു വിട്ടത് താങ്കൾ ഒക്ടോബർ അഞ്ചിനു പോലും അറിഞ്ഞില്ലേ???. 🔹സംഭവത്തിന്‌ ശേഷം post ചെയ്യപ്പെടാൻ വേണ്ടി Schedule ചെയ്ത, ഭീകരരായ സവാഹിരിയുടെ കൂടെയും മറ്റും ഉള്ള ഫോട്ടോസും, മത postings -ഉം ഒക്കെ ഓട്ടോ matic ആയി post ആയതും അറിഞ്ഞില്ലേ Oct 3-ന് ?????. 🔹തന്റെ ശ്രമം പാളി എന്നു കണ്ടപ്പോൾ,വിമാനത്തിൽ വച്ചു തന്നേ {എല്ലാവരാലും പിടിക്കപ്പെട്ടപ്പോൾ} "എന്നെ കൊല്ലൂ, എന്നെ കൊല്ലൂ" എന്നു മത ഭീകരനായ പൈലറ്റ് അലറി വിളിച്ചു പറഞ്ഞതും ഒക്ടോബർ മൂന്നിന് പുറത്തു വന്നിരുന്നു. 🔹ഇറാന് ഈ സംഭവുമായി ബന്ധമില്ലെന്നു ഇസ്രായേൽ സ്ഥിരീകരിച്ചതും ഒക്ടോബർ മൂന്നിന് തന്നേ.. 🔹 ഈ സംഭവം ,മതത്തിന്റെ പേരിൽ ആണെങ്കിലും, അല്ലാ, തെറ്റിദ്ധാരണയുടെ പേരിൽ ആണെങ്കിലും ലോകത്തിന്റെ സംശയങ്ങൾ തീർക്കേണ്ടത് ഞങ്ങൾ മുസ്‌ലീങ്ങളായ വിശ്വാസികളുടെ ഉത്തരവാദിത്തം ആണെന്ന് ധൈര്യത്തോടെയും ആത്മാർത്ഥതയോടെയും ദുബായ് ഭരണാധികാരി ലോകത്തോട് വിളിച്ചു പറഞ്ഞതും ഒക്ടോബർ മൂന്നിന് ആയിരുന്നു.🔹 മത മൗലീക വാദിയായ പൈലറ്റിന്റെ മറ്റു backup പ്ലാനുകളും പുറത്തു വന്നു. 🔹സംഭവത്തിന്‌ ശേഷം അൽ- ഖ്വൈദ നേതാക്കൾ കോ- പൈലറ്റിനെ അഭിനന്ദിച്ചതും തങ്ങൾ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുമെന്നു പറഞ്ഞതും മൂന്നിന് തന്നേ പുറത്തു വന്നിരുന്നു. 🔺ഇതൊക്കെ കൊണ്ടാണ് ശ്രീ. ശ്രീ കുമാറേ അത്തരത്തിൽ ഞാൻ സംശയങ്ങൾ ഉന്നയിച്ചത്. 🔻താങ്കൾക്ക് മനോ വിഷമം ഉണ്ടാക്കിയ എല്ലാ വാക്കുകളും പ്രയോഗങ്ങളും തിരിച്ചെടുക്കുന്നു. { ഈ പ്രതികരണം e.malayalee പോസ്റ്റ്‌ ചെയ്യണേ. 🤔 } ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക