Image

'പ്രിയനോടൊപ്പം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 'തേന്മാവിന്‍ കൊമ്പത്ത്'; വീഡിയോയുമായി മോഹന്‍ലാല്‍

Published on 05 October, 2026
 'പ്രിയനോടൊപ്പം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 'തേന്മാവിന്‍ കൊമ്പത്ത്'; വീഡിയോയുമായി മോഹന്‍ലാല്‍

 

മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്നായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം 'തേന്മാവിന്‍ കൊമ്പത്ത്' പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റീ റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകളും ആവേശവും പങ്കുവെച്ച് മോഹന്‍ലാല്‍. മികച്ച ഫ്രെയിമുകളിലൂടെ ദൃശ്യഭംഗി തീര്‍ത്തും തിയേറ്ററുകളില്‍ പൊട്ടിച്ചിരി സമ്മാനിച്ചും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചിത്രം പ്രിയദര്‍ശനൊപ്പം ചെയ്ത തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 4K ദൃശ്യ മികവില്‍ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററില്‍ കാണാന്‍ മാണിക്യനായി താനും എത്തുകയാണെന്നും മോഹന്‍ലാല്‍ പങ്കുവെച്ചു. ഒക്ടോബര്‍ 8 ന് ആണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്.

1994ല്‍ പുറത്തിറങ്ങിയ 'തേന്മാവിന്‍ കൊമ്പത്ത്' മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി തുടരുകയാണ്. മോഹന്‍ലാലിന്റെ മാണിക്യനും ശോഭനയുടെ കാര്‍ത്തുമ്പിയും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണന്‍ തമ്പുരാനും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലവും പ്രണയവും നര്‍മ്മവും നിറഞ്ഞ മുഹൂര്‍ത്തങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പുതിയ തലമുറയ്‌ക്കൊപ്പം പഴയ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീനില്‍ ചിത്രം വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് റീ റിലീസ് ഒരുക്കുന്നത്.

പുതിയ പതിപ്പില്‍ 4K ദൃശ്യ മികവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒറിജിനല്‍ 35mm നെഗറ്റീവ് 4Kയില്‍ സ്‌കാന്‍ ചെയ്ത് സൂപ്പര്‍ 4K നിലവാരത്തിലേക്ക് ഡിജിറ്റല്‍ റീസ്റ്റോര്‍ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ.വി. ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകള്‍ കൂടുതല്‍ മികവോടെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന പ്രത്യേകതയും റീ റിലീസിനുണ്ട്. ഒറിജിനല്‍ ചിത്രത്തിന്റെ ദൃശ്യഭാവവും സ്വഭാവവും നിലനിര്‍ത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ദൃശ്യ മികവിനൊപ്പം ഡോള്‍ബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണമാണ്. ബേണി-ഇഗ്‌നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങളും പശ്ചാത്തല ശബ്ദങ്ങളുമെല്ലാം പുതിയ സൗണ്ട് മിക്‌സിലൂടെ കൂടുതല്‍ തിയേറ്റര്‍ അനുഭവം സമ്മാനിക്കും. അതുകൊണ്ട് തന്നെ പഴയ ഓര്‍മ്മകളെ പുതിയ സാങ്കേതിക മികവോടെ വീണ്ടും അനുഭവിക്കാന്‍ കഴിയുന്ന റീ റിലീസായിരിക്കും 'തേന്മാവിന്‍ കൊമ്പത്ത്'.

മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്. ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയന്‍, സോണിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷന്‍ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

പ്രസിദ്ധി ക്രിയേഷന്‍സിന്റെയും സൂര്യ സിനി ആര്‍ട്‌സിന്റെയും ബാനറില്‍ എന്‍. ഗോപാലകൃഷ്ണന്‍ നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ 8ന് ആഗോളതലത്തില്‍ വീണ്ടും തിയേറ്ററുകളിലെത്തും. റീ റിലീസിനായി ചിത്രം 4Kയില്‍ റീമാസ്റ്റര്‍ ചെയ്തത് മാറ്റിനി നൗവും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്. മാണിക്യനെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകര്‍. രചന, സംവിധാനം: പ്രിയദര്‍ശന്‍, നിര്‍മ്മാതാവ്: എന്‍. ഗോപാലകൃഷ്ണന്‍, ബാനര്‍: പ്രസിദ്ധി ക്രിയേഷന്‍സ്, സൂര്യ സിനി ആര്‍ട്‌സ്, ഛായാഗ്രഹണം: കെ.വി. ആനന്ദ്, സംഗീതം: ബേണി-ഇഗ്‌നേഷ്യസ്, പശ്ചാത്തല സംഗീതം: എസ്.പി. വെങ്കടേഷ്, എഡിറ്റിംഗ്: എന്‍. ഗോപാലകൃഷ്ണന്‍, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു സിറില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രന്‍, പിആര്‍ഒ: ഐശ്വര്യ രാജ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക