Image

ജല്പനം (കവിത: വേണുനമ്പ്യാർ)

Published on 03 October, 2026
ജല്പനം (കവിത: വേണുനമ്പ്യാർ)

കവിളിലുരുമ്മാൻ
ഒരു നീലശലഭത്തെ പറത്താം
മുടിയിൽ ചൂടാൻ
ഒരു കൊച്ചു പൂവെ വിടാം
നെഞ്ചിൽ ചേർത്തു വെക്കാൻ
ഒരു ചുവന്ന ഹൃദയത്തെ അയക്കാം
പറയാതെ തന്നെ 
എല്ലാം അറിയുവാൻ കെൽപ്പുള്ള
ഒരു സഞ്ചിയുണ്ടെന്നാണല്ലൊ
നിന്റെ നേർപൊങ്ങച്ചം
ആ സ്ഥിതിക്ക്
പറഞ്ഞു പോയതൊക്കെ
ഒരു ഭ്രാന്തൻ ഇമോജിയുടെ
ജല്പനമായി കരുതിയാൽ മതി.

2

നരകത്തിൽ വറക്കപ്പെടും
സ്വർഗ്ഗത്തിൽ പൊറുക്കപ്പെടും
തൽക്കാലം ഈ ഗ്രഹത്തിൽ
നിന്നാകട്ടെ
രണ്ടിടത്തേക്കും
നമുക്കൊരു തീവണ്ടിയില്ല
തീവണ്ടിയില്ലെങ്കിലെന്താ
പ്ലാറ്റ്ഫോമുകൾക്ക് ഒരു കുറവുമില്ല
ഒരു ഫ്ലാറ്റിൽത്തന്നെ 
നാലൊ അഞ്ചൊ വ്യത്യസ്തങ്ങളായ
പ്ലാറ്റ്ഫോമുകൾ കാണും
അവനവന്റെ പ്ലാറ്റ്ഫോമിൽ കയറി
സ്വകാര്യമായി നരകത്തിലൊ
സ്വർഗ്ഗത്തിലൊ ചെന്ന്
അർമാദിക്കാം
നരകത്തിൽ വറക്കപ്പെടും
സ്വർഗ്ഗത്തിൽ പൊറുക്കപ്പെടും
തൽക്കാലം ഈ ഗ്രഹത്തിൽ
നിന്നാകട്ടെ
രണ്ടിടത്തേക്കും
നമുക്കൊരു തീവണ്ടിയില്ല.

3

വരയെന്തിനാ
തലവര മറപ്പാൻ
വീഞ്ഞെന്തിനാ
വെള്ളം പോലെ മോന്താൻ
കടലെന്തിനാ
പാത വെട്ടാതെ മുങ്ങി നടപ്പാൻ
ആകാശമെന്തിനാ
ബഹിരാശക്കപ്പലിന് 
ഒരു തീരദേശ ഹൈവേ പണിയാൻ
മൈ വേ ഓർ ഹൈ വേ
ബോത്ത് വേ ലൈഫ് ഈസ്
ബ്യൂട്ടിഫുൾ ഓൺ ലി ഫോർ
റിയൽ ടൈം ഫൂൾസ്
പകയെന്തിനാ
പുകഞ്ഞ്‌ വേഗം 
പുകയാകാൻ.

4

പഴയ ബുദ്ധന്റെ 
പിറകെ കൂടിയാൽ
ഒരു ബുദ്ദുവാകാം
ഒരു ബുദ്ദുവിന്റെ 
പിറകെ കൂടിയാൽ
പുതിയ ബുദ്ധനാകാം!

5

കലക്ക് തെളിയാൻ
കോലിട്ടിളക്കരുത്
കരയ്ക്കിത്തിരി നേരം
ചുമ്മാതിരിക്കുക
കലക്ക് താനേ തെളിയും
ആത്മാവിലെ കലക്ക് തെളിയാൻ
ഹൃദയസൗന്ദര്യത്തിൽ 
ഒരു മാത്ര മഗ്നനായിരിക്കാം
അന്തർലീനബോധത്തിന്റെ
മാന്ത്രികത കാവ്യാത്മകതയുടെ ഉന്നതിയിലേക്ക്
കൈ പിടിച്ചുയർത്താതിരിക്കില്ല
പണ്ടൊരു പ്രവാചകൻ 
അരുളിയതു പോലെ,
ജ്ഞാനം ചിലപ്പോൾ
കവിതയിൽ കണ്ടെത്താം!

6

ഒരു തുള്ളിയിൽ
കടൽ കാണിക്കുന്ന മാന്ത്രികന്
ആകാശം കാണിക്കാം
ഒരു കിളിത്തൂവലിൽ.
മരുഭൂമി കാണിക്കാം
ഒരു മലർവാടിയിൽ.
ദൈവികതയുടെ സൗന്ദര്യം കാണിക്കാം
ഒരു ശിശുഹൃദയത്തിൽ.
ശ്മശാനത്തിന്റെ ഈശാനകോണിൽ
കാണിക്കാം ഒരു വസന്തം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക