
സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലറിന് ശേഷം നേരമ്പോക്ക് ബാനറില്‍ നിര്‍മ്മിച്ച പുതിയ ചിത്രം 'ടൈറ്റന്‍സ്' ട്രെയ്ലര്‍ പുറത്ത്. ഒക്ടോബര്‍ 22 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ്, അവനിര്‍ ടെക്, എന്നീ ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസന്‍ എന്നിവരും, ബാബു ഏട്ടന്‍ ഫിലിംസ് ബാനറില്‍ പ്രദീപ് സി എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കോമഡി, ത്രില്‍, ഫാന്റസി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ജയസൂര്യ, വിനായകന്‍ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു കോമഡി ഫാന്റസി ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചന.നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
'ഡിഫറന്റ് ഗെയിംസ്, ഡിഫറന്റ് റൂള്‍സ്' എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നത്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിന്‍സ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ടൈറ്റന്‍സ്'. ജെയിംസ് സെബാസ്ട്യന്‍ ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ ഫാര്‍സ് ഫിലിംസ് ആണ്. 123 മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.