Image

മാസ് ലുക്കില്‍ ധനുഷും മമ്മൂട്ടിയും; 'ഓം' പുതിയ റിലീസ് തിയതി പുറത്തുവിട്ടു

Published on 03 October, 2026
 മാസ് ലുക്കില്‍ ധനുഷും മമ്മൂട്ടിയും; 'ഓം' പുതിയ റിലീസ് തിയതി പുറത്തുവിട്ടു

 

പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി ധനുഷ് കൂട്ടുകെട്ടിലെത്തുന്ന ഓം. സിനിമയുടെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം നവംബര്‍ 20ന് ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. തോക്കേന്തി നില്‍ക്കുന്ന ധനുഷും മമ്മൂട്ടിയും ആണ് പോസ്റ്ററില്‍ ഉള്ളത്. അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമി ആണ് ഓം സംവിധാനം ചെയ്യുന്നത്.

നേരത്തെ ഓം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ജയിലര്‍ 2വിന്റെ റിലീസ് പ്രമാണിച്ച് രജനികാന്തിനോടുള്ള ആദര സൂചകമായി ഓമിന്റെ റിലീസ് മാറ്റിവയ്ക്കുക ആയിരുന്നു. ജയിലര്‍ 2 ഒക്ടോബര്‍ 15നാണ് തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ്, ആര്‍ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്ഫോമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷ് അതിഥി വേഷത്തില്‍ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാര്‍. സായ് അഭ്യങ്കര്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. വമ്പന്‍ ബജറ്റില്‍ ഒരു ആക്ഷന്‍ ഇമോഷണല്‍ ത്രില്ലര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക