
തന്റെ ഏറ്റവും ഇഷ്ടപെട്ട മോഹന്‍ലാല്‍ സിനിമകളെക്കുറിച്ച് എസ് എസ് രാജമൗലി. ദൃശ്യം ഓള്‍ ടൈം ഫേവറിറ്റ് ആണെന്നും ബ്രോ ഡാഡി അടുത്തിടെ കണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയ സിനിമകള്‍ മുതല്‍ വലിയ ചിത്രങ്ങള്‍ വരെയും സാമൂഹിക വിഷയങ്ങള്‍ പറയുന്ന സിനിമകള്‍, പ്രണയകഥകള്‍, ആക്ഷന്‍ സിനിമകള്‍, ത്രില്ലറുകള്‍ തുടങ്ങി വ്യത്യസ്തമായ സിനിമകള്‍ മലയാളം ഒരുക്കുന്നതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.
ഞാന്‍ ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടില്ല. പക്ഷേ ഫഹദിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്, 'ട്രാന്‍സ് എന്റെ ഓള്‍ ടൈം ഫേവറിറ്റാണ്. തീര്‍ച്ചയായും 'ആവേശവും ഞാന്‍ വളരെ ആസ്വദിച്ച് കണ്ടിട്ടുണ്ട്. എന്റെ ഓള്‍ ടൈം ഫേവറിറ്റുകളില്‍ ഒന്നാണ് ലാല്‍ സാറിന്റെ ദൃശ്യം. ദൃശ്യം 1, ദൃശ്യം 2 എന്നിവ എന്റെ ഓള്‍ ടൈം ഫേവറിറ്റുകളാണ്. രണ്ട് ദിവസം മുമ്പാണ് 'ബ്രോ ഡാഡി' കണ്ടത്. ഇപ്പോഴും അതിലെ ഡയലോഗുകള്‍ ഇവരോടൊക്കെ ആവര്‍ത്തിച്ചുപറയാറുണ്ട്', രാജമൗലി പറഞ്ഞു.
തന്റെ ഒരിക്കല്‍ സഹോദരി മോഹന്‍ലാല്‍ അഭിനയിച്ച ഒരു സിനിമയിലെ ഒരു രംഗം കാണിച്ചുതന്നതോടെയാണ് തന്റെ ധാരണ മാറിയതെന്നും രാജമൗലി ഓര്‍ത്തെടുത്തു. സിനിമയുടെ പേര് അന്ന് അറിയില്ലായിരുന്നെന്നും മോഹന്‍ലാല്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ലാല്‍ സാറിന്റെ കഥാപാത്രം പോകുന്ന രംഗമായിരുന്നു അതെന്നും, എന്നാല്‍ ആ രംഗത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിച്ച രീതി തന്നെ ഏറെ ഭയപ്പെടുത്തിയെന്നും രാജമൗലി പറഞ്ഞു.
അതേസമയം, ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ ഇന്‍ തിയേറ്ററുകളില്‍ എത്തി. എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ചിത്രം ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു.