
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രം കണ്ട് വൈകാരികമായി പ്രതികരിച്ച് കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാര്‍. സിനിമ തന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഓര്‍മ്മിപ്പിച്ചുവെന്നും, ചിത്രം കഴിഞ്ഞിട്ടും ആ വൈകാരിക നിമിഷം മനസ്സില്‍ തങ്ങിനില്‍ക്കുകയാണെന്നും നടന്‍ വ്യക്തമാക്കി. ഒരു അഭിമുഖത്തില്‍ ശിവരാജ്കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
'ഞാന്‍ അടുത്തിടെയാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കണ്ടത്. ചിത്രം കണ്ടു കഴിഞ്ഞ് ഒരു മണിക്കൂറോളം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. എന്റെ അച്ഛനമ്മമാരെയും കുടുംബത്തെയുമാണ് അത് ഓര്‍മ്മിപ്പിച്ചത്. അതോര്‍ത്ത് കണ്ണീരോടെയാണ് ഞാന്‍ അവിടെ കിടന്നത്. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്', ശിവരാജ്കുമാര്‍ പറഞ്ഞു. ഭാവിയില്‍ ഇതുപോലൊരു വൈകാരിക ചിത്രം ചെയ്യാനുള്ള ആഗ്രഹവും നടന്‍ പങ്കുവെച്ചു.
അതേസമയം, സൂര്യ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികാരങ്ങളാണ് ലഭിച്ചത്. തിയേറ്റര്‍ റിലീസിന് ശേഷം ഇപ്പോള്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ടോപ് 10 സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ്. മമിത ബൈജു നായികയായി എത്തിയ ചിത്രം വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം ചെയ്തത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ചിത്രമാണ്.
ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.