
സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഒപ്പം വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത കഥാപാത്രമായിരുന്നു അമല പോള്‍ അഭിനയിച്ച 'ആടൈ'യിലേ വേഷം. എന്നാല്‍ അത്തരം സീനുകളില്‍ അഭിനയിക്കുമ്പോള്‍ താന്‍ അനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചും അന്ന് തോന്നിയ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയത്തെക്കുറിച്ചും അമല പോള്‍ തുറന്നുപറയുന്നു. ഇന്നായിരുന്നെങ്കില്‍ അങ്ങനെ ഒരു കഥാപാത്രം ചെയ്യില്ലെന്നും അമല പറയുന്നു. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവിലാണ് നടിയുടെ പ്രതികരണം.
'ആടൈ' സിനിമയിലെ ആ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് സംവിധായകനെയും ക്യാമറമാനെയും പൂര്‍ണ്ണമായി വിശ്വസിക്കണമായിരുന്നു. 'ഇതൊരു വൈകാരികമായ നല്ല സിനിമയാക്കാനാണോ ഇവര്‍ ശ്രമിക്കുന്നത്, അതോ വെറും നഗ്‌നത കാണിക്കാന്‍ മാത്രമാണോ?' എന്നതായിരുന്നു എന്റെ ഉള്ളിലെ പ്രധാന സംശയം.
എന്നാല്‍ ഇത് വളരെ ക്രിയേറ്റീവായാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്ന് ഉറപ്പായതോടെ എനിക്ക് ആ വിശ്വാസം വന്നു. അതിനുശേഷം അത് ഞങ്ങള്‍ക്കെല്ലാം വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. സെറ്റില്‍ വളരെ കുറച്ചു ആളുകളെ മാത്രം നിര്‍ത്തി അവര്‍ എന്നെ വളരെയധികം കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തി.
പക്ഷെ, ആ സമയത്ത് എന്റെ ഇമേജിനെക്കുറിച്ച് എനിക്ക് വലിയ പേടിയുണ്ടായിരുന്നു. ഇങ്ങനെയുള്ള കഥാപാത്രങ്ങളില്‍ മാത്രം ഞാന്‍ ഒതുങ്ങിപ്പോകുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചതുമില്ല. അങ്ങനെയൊരു രംഗം ഇന്ന് ചെയ്യുമോ എന്ന് ചോദിച്ചാല്‍, ഇനി ഞാന്‍ അത് ചെയ്യില്ല; അമല പോള്‍ പറഞ്ഞു.
രത്ന കുമാറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'ആടൈ'. ശക്തമായ അഭിനയ മുഹൂര്‍ത്തത്തിലൂടെ അമല തിളങ്ങിയ ചിത്രമായിരുന്നു അത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സിനിമക്ക് കഴിഞ്ഞില്ല. വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ അമലക്ക് അന്ന് നേരിടേണ്ടി വന്നിരുന്നു.