
പരസ്യചിത്രങ്ങളിലും ഡോക്കുമെൻ്ററികളിലും തിളങ്ങിയ ഒരു സിനിമാ സംവിധായകനാണ് മാത്യു പോൾ (കുന്നപ്പള്ളി). പ്രശസ്തമായ നൂറുകണക്കിന് പരസ്യചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒരറ്റ കഥാചിത്രവും: 2000-ൽ പുറത്തിറങ്ങിയ 'അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു'- ഇത് കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈനിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും യഥാർത്ഥത്തിൽ അത് മാതാപിതാക്കൾ കാണേണ്ട സിനിമായിരുന്നു.....
അലപ്പുഴ സ്വദേശിയാണ് മാത്യു പോൾ; ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ പഠനം. കുറച്ചുകാലം 'കലാമണ്ഡല'ത്തിൽ നിന്ന് ചെണ്ടയും അഭ്യസിച്ചു.
നവോദയയുടെ ജീജോ പുന്നൂസിൻ്റെ സുഹൃത്തും അസോസിയേറ്റുമായിരുന്നു മാത്യു പോൾ. മലയാളത്തിലെ ചരിത്ര സിനിമകളായ 'പടയോട്ടം', 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിലെ സാങ്കേതിക പരിചയം ഇക്കാലത്ത് നേടിയതാണ്.
മാത്യു പോളിൻ്റെ പ്രശസ്തമായ പരസ്യചിത്രങ്ങളിൽ ഒന്ന് ഇതാണ്: മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത ഒന്ന്..... 'പോപ്പി അംബ്രല്ല'ക്കു വേണ്ടി മാത്യു പോൾ ഒരുക്കിയ "മഴ മഴ കുട കുട പോപ്പി കുട..." എന്ന പ്രശസ്തമായ പരസ്യഗാനവും പരസ്യ ചിത്രവും! ഇങ്ങനെ നിരവധി പരസ്യ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായി ഉണ്ട്.
മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ 'കലാമണ്ഡലം കൃഷ്ണൻ നായർ' (1984) എന്ന ചിത്രത്തിന് ലഭിച്ചിട്ടുണ്ട്; ഇതിൻ്റെ ഡയറക്റ്ററും പ്രൊഡ്യൂസറും മാത്യു പോളാണ്.
അർബുദ ബാധിതനായ മാത്യു പോൾ 2015 ഒക്ടോബർ ഒന്നിന് 60-ാം വയസ്സിൽ നിര്യാതനായി.