
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിയിലേയ്ക്ക് പുതിയ അംഗങ്ങള്‍. സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാരായി നടന് സിജോയ് വര്‍ഗീസും നടി ആശ അരവിന്ദും ചുമതലയേറ്റു.
നടി നീനാ കുറുപ്പിനെ പുതിയ ട്രഷററായും നടി സരയുവിനെ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. ഇന്നലെ ചേര്‍ന്ന നിര്‍ണായക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ഭരണസമിതിയിലെ മുന്‍ ഭാരവാഹികളുടെ രാജി മൂലമുണ്ടായ ഒഴിവുകളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. നടി ലക്ഷ്മി പ്രിയ, ജയന് ചേര്‍ത്തല എന്നിവര്‍ ഒഴിഞ്ഞ പദവികളിലേക്കാണ് ആശ അരവിന്ദിനെയും സിജോയ് വര്‍ഗീസിനെയും തിരഞ്ഞെടുത്തത്.
നടി അന്‍സിബ ഹസന് രാജിവച്ച ഒഴിവിലേക്കാണ് സരയു ജോയിന്റ് സെക്രട്ടറിയായി എത്തുന്നത്. നടന് ഉണ്ണി ശിവപാലായിരുന്നു ഇതുവരെ ട്രഷറര്‍ പദവി വഹിച്ചിരുന്നത്. കൂടാതെ, നടന് ജോയ് മാത്യു സമര്‍പ്പിച്ച രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു.
എന്നാല്‍ നടന് കൈലാഷ് നല്കിയ രാജി അപേക്ഷ കമ്മിറ്റി തള്ളുകയും രാജി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. തുടര്‍ച്ചയായി എക്സിക്യൂട്ടീവ് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന നടന് വിനു മോഹന്‍ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്.
നിലവില്‍ നടി ശ്വേതാ മേനോന് പ്രസിഡന്റായും കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറിയായും തുടരുന്ന നേതൃത്വത്തിലാണ് ഈ പുതിയ മാറ്റങ്ങള്‍ വരുത്തിയത്.
നേതൃത്വത്തില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആശ അരവിന്ദിനെയും നീനാ കുറുപ്പിനെയും സരയുവിനെയും പ്രധാന ചുമതലകളിലേക്ക് എത്തിച്ചത്. സംഘടനാ കാര്യങ്ങളിലെ മുന്‍പരിചയവും അനുഭവസമ്പത്തും മുന്‍നിര്‍ത്തിയാണ് സിജോയ് വര്‍ഗീസിന് വൈസ് പ്രസിഡന്റ് പദവി നല്‍കിയത്.