Image

'പൊക്കം കുറഞ്ഞ ആളുകളെ അലങ്കാര വസ്തുക്കളാക്കി'; പ്രീ-വെഡിംഗ് കാര്‍ണിവല്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അഹാന

Published on 01 October, 2026
 'പൊക്കം കുറഞ്ഞ ആളുകളെ അലങ്കാര വസ്തുക്കളാക്കി'; പ്രീ-വെഡിംഗ് കാര്‍ണിവല്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അഹാന

 

വിവാഹത്തോടനുബന്ധിച്ച് നടത്തിയ 'അമ്മു-നിമ്മു' കാര്‍ണിവല്‍ ആഘോഷ ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി നടി അഹാന കൃഷ്ണ.

ഉയരം കുറഞ്ഞ (ഡ്വാര്‍ഫിസം ഉള്ള) വ്യക്തികളെ കാര്‍ണിവലില്‍ പങ്കെടുപ്പിച്ച് വിനോദത്തിനായുള്ള അലങ്കാര വസ്തുക്കളാക്കി മാറ്റിയെന്ന ആക്ഷേപങ്ങള്‍ക്കാണ് താരം വ്യക്തത വരുത്തിയത്.

തന്റെ പോസ്റ്റിന് താഴെ വന്ന ഒരു വിമര്‍ശന കമന്റിനാണ് അഹാന നേരിട്ട് മറുപടി നല്‍കിയത്. 'പൊക്കം കുറഞ്ഞ ആളുകളെ വസ്തുവല്‍ക്കരിക്കുന്നതും, വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ വലിയ അസ്വസ്ഥത തോന്നുന്നു.'-ഇതായിരുന്നു വിമര്‍ശന കമന്റ്.

പ്രൊഫഷണല്‍ കലാകാരന്മാരെ ഒരു ഏജന്‍സി വഴിയാണ് തങ്ങള്‍ ബുക്ക് ചെയ്തതെന്നും, കലാകാരന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ ഉയരമോ ശരീരപ്രകൃതിയോ തങ്ങള്‍ മാനദണ്ഡമാക്കിയിരുന്നില്ലെന്നും അഹാന വ്യക്തമാക്കി.

അഹാനയുടെ പ്രതികരണം ഇങ്ങനെ

'ഒരു ഏജന്‍സി വഴിയാണ് ഞങ്ങള്‍ ജഗ്ഗ്‌ലര്‍മാരെയും കാര്‍ണിവല്‍ കലാകാരന്മാരെയും ബുക്ക് ചെയ്തത്. അത് പ്രഫഷണലും മാന്യവുമായ ഒരു ജോലിയാണ്. ഉയരം, ലിംഗഭേദം, അല്ലെങ്കില്‍ ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങള്‍ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങള്‍ക്ക് ഒരു ഘടകമേ ആയിരുന്നില്ല. പ്രഫഷനല്‍ കലാകാരന്മാരെയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്, ഏജന്‍സി അവരുടെ പക്കലുള്ള ടീമിനെ അയച്ചു.

അവിടെ എത്തിയതില്‍ അവര്‍ സന്തോഷവാന്മാരായിരുന്നു, ഞങ്ങള്‍ക്കെല്ലാവര്‍ക്കും മികച്ച ഒരു അനുഭവം ലഭിക്കുകയും ചെയ്തു. അവര്‍ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു, അല്ലാതെ അലങ്കാര വസ്തുക്കളായിരുന്നില്ല. കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോള്‍, ഒബ്‌ജെക്ടിഫിക്കേഷന്‍ നടത്തുന്നത് ഞങ്ങളല്ല എന്നാണ് ഞാന്‍ കരുതുന്നത്.'' അഹാന കുറിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക