Image

ഓർമ്മയിലെ 'ഓർക്കുട്ട്' : ആർ. ഗോപാലകൃഷ്ണൻ

Published on 30 September, 2026
ഓർമ്മയിലെ 'ഓർക്കുട്ട്' : ആർ. ഗോപാലകൃഷ്ണൻ

'ഓർക്കുട്ട്' പരിപൂർണമായി നിർത്തിയിട്ട് ഒരു പതിറ്റാണ്ടാകുന്നു....

സാക്ഷാൽ ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിങ്ങ് വെബ്സൈറ്റ് ആയിരുന്നു 'ഓർക്കൂട്ട്'. വ്യപകമായി പ്രചാരം സിദ്ധിച്ച ആദ്യ സോഷ്യൽ നെറ് -വർക്ക്. ഇന്ത്യയിലും, ബ്രസീലിലും വലിയ പ്രചാരം ഉണ്ടായിരുന്നു ഓർക്കട്ടിന്. 2008 -ലെ കണക്കു പ്രകാരം ഈ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട വെബ്സൈറ്റ് ആയിരുന്നു 'ഓർക്കട്ട്'. ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മുൻഗാമി.

ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ 'ഓർക്കട് ബുയുക്കൊട്ടനാ'ണ് (Orkut Büyükkökten): 'ഓർക്കുട്ട്' എന്ന പേര് വരാൻ കാരണം ഇതാണ്. മലയാളികൾ ഓമനിച്ച് 'ഓർമ്മക്കൂട്' എന്നും വിളിക്കാറുണ്ട്.

ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബർ മാസം വരെ ഇതിൽ റജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളിൽ 56 ശതമാനവും ബ്രസീലിൽനിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓർക്കട്ട് വഴി സാധ്യതയുണ്ടായിരുന്നു. പ്രത്യേകവിഷയത്തിൽ ആശയവിനിമയത്തി നായി കമ്മ്യൂണിറ്റികളിൽ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ടായിരുന്നു. ചിത്രങ്ങൾ, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാം.

'ടെസ്റ്റിമൊണിയൽ' എന്ന പേരിൽ നമ്മുടെ സുഹൃത്തുക്കൾക്ക് നമ്മെപ്പറ്റിഎഴുതുവാൻ ഒരു ഇടം 'ഓർക്കുട്ട്' നൽകിയിരുന്നു എന്നത് ഓർക്കുട്ടിന്റെ ഒരു വലിയ പ്രത്യേകത ആയി ഇപ്പോൾ തോന്നുന്നു.... (നമ്മെപ്പറ്റി 'ജീവിച്ചിരിക്കെ തന്നെ നമ്മുടെ ചരമക്കുറിപ്പുകൾ' വായിക്കുവാനുള്ള ഇടം എന്നാണ് 'കുബുദ്ധികളായ' സഹൃദയർ ഇതിനെപ്പറ്റി പറഞ്ഞിരുന്നത്! )

എന്നാൽ, യു.എ.ഇ., സൌദി അറേബ്യ, ഇറാൻ പോലുള്ള ചില രാജ്യങ്ങളിൽ ഓർക്കട്ട് സേവനം തടഞ്ഞിരുന്നു.

മലയാളത്തിൽ ഈ പേരിൽ ഒരു സിനിമ പോലും ഉണ്ടായി: ജോണി സാഗരിക നിര്‍മ്മിച്ച സിനിമയാണ് 'ഓർക്കുട്ട്- ഒരു ഓര്‍മ്മക്കൂട്ട്'- റീമ കല്ലിങ്ങല്‍ നായിക.

മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലേക്ക് ലോകം അതിവേഗം നീങ്ങിയപ്പോൾ 'ഓര്‍ക്കുട്ടി'ൻറെ വേദി ആളൊഴിഞ്ഞ നാടകശാലയായി മാറി...

അങ്ങനെ, ലോകത്തിന്റെ വാതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലേക്ക് തുറന്നിട്ട 'ഓർക്കുട്ടി'ന് പത്താം വാര്‍ഷികത്തില്‍, 2014 സെപ്റ്റംബര്‍ 30 നാണ് ഗൂഗിള്‍ ദയാവധം വിധിച്ചത്. 2014 സെപ്റ്റംബർ 30-നു ശേഷം ഓർക്കുട്ട് ലഭ്യമാകിലെന്ന് 'ഗൂഗിൾ' അറിയിച്ചിരുന്നു; ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുമായി ബന്ധപ്പെപ്പെട്ട റിക്കാർഡുകൾ എല്ലാം തന്നെ സെപ്റ്റംബർ 2016 വരെ ഗൂഗിൾ ടേക്കൗട്ട് -ൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതായി തുടർന്നിരുന്നു.

2016 സെപ്റ്റംബർ 30-നു 'ഓർക്കട്ട്' പരിപൂർണമായി നിലച്ചു .

‘ബായ്’ പറഞ്ഞു പിരിഞ്ഞ ഓര്‍ക്കുട്ട് ‘ഹലോ’ പറഞ്ഞു തിരിച്ചെത്തുകയാണെന്നു രണ്ടു വർഷം കഴിഞ്ഞു 2018-ൽ അറിയിപ്പ് വന്നു: 'ഹലോ' ആയി ഓര്‍ക്കുട്ട് തിരിച്ചെത്തുന്നു! 'ഹലോ' എന്ന ആപ്പിന്റെ രൂപത്തിലാണ് ഓര്‍ക്കുട്ടിന്റെ രണ്ടാംവരവ് കൊട്ടിഘോഷിച്ചത്.

ഓര്‍ക്കുട്ടിന്റെ അടുത്ത തലമുറ എന്നാണ് തന്റെ ബ്ലോഗിലൂടെ 'ബുയോകോട്ടന്‍' ഈ 'ഹലോ'യെ വിശേഷിപ്പിക്കുന്നത്. ഓര്‍ക്കുട്ട് പോലെ ഒരു വെബ്‌സൈറ്റായിട്ടല്ല ഒരു മൊബൈല്‍ ആപ്ലിക്കേഷനായാണ് ഇത്തവണ വന്നന്നത്. മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി, യൂസര്‍മാരെ വീണ്ടും ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് 'ഹലോ'യുടെ രൂപകല്‍പന ആസൂത്രണം ചെയ്തത് എന്നെല്ലാം കൊട്ടിഘോഷിച്ചു. ('എല്ലോ' (Ello) എന്ന പേരിലും ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉണ്ട്.) ഓർക്കട് ബുയുക്കൊട്ടന്‍ തന്നെയായിരുന്നു പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ 'ഹലോ'യുടെയും പിന്നില്‍....

പക്ഷേ, 'ഹലോ'യും 'ക്ലെച്ചു' പിടിച്ചില്ല: ഔദ്യഗികമായി 'ഹലോ' സേവനം ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി നിലവിലില്ല; 'ഹലോ ആപ്പ്' മൊബൈൽ പ്ലാറ്റുഫോമുകളായ Android, iOS എന്നിവയിൽ ലഭ്യമല്ല...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക