Image

റിക്കാര്‍ഡ് തുടക്കത്തിലേക്ക് അജയ് ദേവ്ഗണിന്റെ 'ദൃശ്യം 3'; റിലീസ് ദിനം 60 കോടിയിലേറെ നേടുമെന്ന് റിപ്പോര്‍ട്ട്

Published on 30 September, 2026
 റിക്കാര്‍ഡ് തുടക്കത്തിലേക്ക് അജയ് ദേവ്ഗണിന്റെ 'ദൃശ്യം 3'; റിലീസ് ദിനം 60 കോടിയിലേറെ നേടുമെന്ന് റിപ്പോര്‍ട്ട്

 

ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസി ചിത്രം 'ദൃശ്യം 3' റിലീസിനു മുന്നോടിയായി വന്‍ ബോക്‌സ് ഓഫീസ് തരംഗം സൃഷ്ടിക്കുന്നു. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ തിയറ്ററുകളിലെത്തുന്ന ചിത്രം ആദ്യദിനം 60 കോടി രൂപയിലേറെ നെറ്റ് കളക്ഷന്‍ നേടുമെന്നാണു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. മികച്ച അഡ്വാന്‍സ് ബുക്കിംഗും ഗാന്ധി ജയന്തി അവധിയും ചിത്രത്തിനു വലിയ രീതിയില്‍ തുണയാകുമെന്നാണു വിലയിരുത്തല്‍.

റിലീസിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്റെ മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന പത്തു കോടി രൂപ കടന്നു. പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളായ പിവിആര്‍, സിനിപോളിസ് എന്നിവയില്‍ അജയ് ദേവ്ഗണിന്റെ 'സിങ്കം എഗെയ്ന്‍' സ്ഥാപിച്ച 2.27 ലക്ഷം ടിക്കറ്റുകളുടെ അഡ്വാന്‍സ് ബുക്കിംഗ് റിക്കോര്‍ഡ് 'ദൃശ്യം 3' മറികടക്കുമെന്നാണ് പ്രവചനങ്ങള്‍. ആദ്യദിനം പിവിആര്‍ ഐനോക്‌സില്‍ മാത്രം 2.5 ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ആദ്യദിനം 45 മുതല്‍ 60 കോടി രൂപ വരെ നേടാന്‍ സാധ്യതയുള്ള ചിത്രം, വാരാന്ത്യത്തോടെ (ഓപ്പണിംഗ് വീക്കെന്‍ഡ്) 140 മുതല്‍ 170 കോടി രൂപ വരെ കളക്ട് ചെയ്‌തേക്കാം. മികച്ച അഭിപ്രായം ലഭിക്കുകയാണെങ്കില്‍ അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനായിരിക്കും നേടുക.

മോഹന്‍ലാല്‍ ചിത്രത്തില്‍നിന്നു വ്യത്യസ്തമായാണ് ഇത്തവണ ഹിന്ദി പതിപ്പ് അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ തിരിച്ചെത്തുമ്പോള്‍, ക്രൈംബ്രാഞ്ച് എസ്പിയുടെ വേഷത്തില്‍ ജയ്ദീപ് അഹ്ളാവത് രംഗപ്രവേശം ചെയ്യുന്നതാണു പുതിയ ഭാഗത്തിന്റെ പ്രധാന ആകര്‍ഷണം. 'ദൃശ്യം 3' ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുമെന്നാണു ബി ടൗണിന്റെ പ്രതീക്ഷ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക