Image

'ഫഹദിനെപ്പോലെ സിനിമ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല'; അപൂര്‍വ സൗഹൃദത്തെക്കുറിച്ച് സൂര്യ

Published on 30 September, 2026
 'ഫഹദിനെപ്പോലെ സിനിമ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല'; അപൂര്‍വ സൗഹൃദത്തെക്കുറിച്ച് സൂര്യ

 

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ചു തമിഴ് സൂപ്പര്‍താരം സൂര്യ. ഫഹദ് പ്രധാന വേഷത്തിലെത്തുന്ന 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയാണു ഫഹദുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചു സൂര്യ മനസുതുറന്നത്.

'ഞങ്ങള്‍ ഒരുപാടു സമയം ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. പുലര്‍ച്ചെ വരെ സംസാരിച്ചിരുന്നിട്ടുണ്ട്. തുടക്കത്തില്‍ പ്രശസ്തിയും പദവിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. വീണു പരിക്കേറ്റു പതറിയ ശേഷമാണു സിനിമയില്‍ സ്വന്തമായി ഇടം കണ്ടെത്തി നിവര്‍ന്നുനില്‍ക്കാന്‍ ഞങ്ങള്‍ക്കായത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഫഹദിനെപ്പോലെയാകാന്‍ എനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ കാതല്‍ എന്താണെന്നും പ്രേക്ഷകര്‍ക്ക് എന്തുതരം പുതിയ അനുഭവം നല്‍കാന്‍ കഴിയുമെന്നുമാണു ഫഹദ് നോക്കുന്നത്. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ സമീപിക്കുന്നതു കൊണ്ടാണ് അവന്റെ സിനിമകള്‍ ഇത്രയേറെ മികച്ചതാകുന്നത്...' - സൂര്യ പറഞ്ഞു.

ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' ഒക്ടോബര്‍ രണ്ടിന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ തിയേറ്ററുകളിലെത്തും. ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് ഫഹദുമൊത്തുള്ള അപൂര്‍വ സൗഹൃദം സൂര്യ പങ്കുവച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക