Image

പി.എം. മാത്യു വെല്ലൂർ ഓർമ്മയായിട്ട് ആറുവർഷം : ആർ. ഗോപാലകൃഷ്ണൻ

Published on 29 September, 2026
പി.എം. മാത്യു വെല്ലൂർ  ഓർമ്മയായിട്ട് ആറുവർഷം : ആർ. ഗോപാലകൃഷ്ണൻ

കേരളത്തിലെ ഒരു മനഃശാസ്ത്ര ചികിത്സകനും ആദ്യകാല 'മനഃശാസ്ത്ര' മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ. പി.എം. മാത്യു വെല്ലൂർ. ദീഘകാലത്തെ ആയുസുണ്ടായ മലയാളത്തിലെ ആദ്യ മനശാസ്ത്ര മാസികയായ, ചിലവൂർ വേണുവിൻ്റെ 'സൈക്കോ' നല്ല പ്രചാരത്തിൽ ഇരിക്കുമ്പോഴാണ് 'മനശാസ്ത്രം' മാസികയുടെ പിറവി.

'ജനപ്രിയവായന' facebook കൂട്ടായ്മയിൽ

മുഹമ്മദ് തട്ടാച്ചേരി എഴുതി: "മനഃശാസ്ത്രജ്ഞൻ എന്ന് കേൾക്കുമ്പോൾ വലിയ കണ്ണടക്കുള്ളിലൂടെ നമ്മെ ചുഴിഞ്ഞു നോക്കുന്ന ബുൾഗാൻ താടിക്കാരനായ ഒരു ഡോക്ടറുടെ മുഖം നമ്മുടെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞുവരും. എപ്പോഴും പ്രസന്നവദനനായിരുന്ന ആ ഡോക്ടറാണ് ഡോ. പി. എം. മാത്യു വെല്ലൂർ."

"മലയാള മനോരമ ആഴ്ചപ്പതിപ്പിലെ 'മനഃശാസ്ത്രജ്ഞന്റെ മറുപടി' എന്ന പംക്തിയിലൂടെ വർഷങ്ങളോളം വായനക്കാരുടെ മാനസിക ആരോഗ്യ /മനോരോഗ സംബന്ധിയായ സംശയങ്ങൾക്കും ആകുലതകൾക്കും ആശ്വാസകരമായ മറുപടികളും നിർദ്ദേശങ്ങളും നല്കിയിരുന്ന ഡോ. മാത്യു നമുക്കെല്ലാം പണ്ടേ സുപരിചിതനാണ്. മനോരമയിലെ കഥകളും നോവലുകളും ചിത്രകഥകളുമൊക്കെ വായിച്ചിരുന്ന അതേ താല്പര്യത്തോടെ അദ്ദേഹത്തിന്റെ മന:ശാസ്ത്രപംക്തിയിലെ ചോദ്യങ്ങളും മറുപടികളും നമ്മൾ വായിച്ചിരുന്ന കാലം ഓർമ്മയിൽ നിന്ന് മാഞ്ഞു പോകില്ല."

പാലയ്ക്കൽ താഴെ പി.എം. മത്തായിയുടെയും എണ്ണയ്ക്കാട് ചക്കാലയിൽ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31-ന് മാവേലിക്കര കരിപ്പുഴയിൽ ജനിച്ചു.

കേരളാ സർവകലാശാലയിൽ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനശ്ശാസ്ത്രത്തിൽ ഡിപ്ലോമയും ഉണ്ട്. ‘ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം’ എന്ന പ്രബന്ധത്തിനായിരുന്നു ഡോക്‌ടറേറ്. തുടർന്ന് 1970 വരെ വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു. മെഡിക്കൽ കോളജിൽ അധ്യാപകനായും പ്രവർത്തിച്ചു. പേരിനോടൊപ്പം വെല്ലൂർ എന്ന സ്ഥലപ്പേരുകൂടി ചേർന്നത് അങ്ങനെയാണ്.

'മനഃശാസ്ത്രം' മാസികയുടെയും 'കുടുംബജീവിതം' മാസികയുടെയും സ്ഥാപക പത്രാധിപരുമായിരുന്നു. 'സർവവിജ്ഞാന കോശ'ത്തിൽ മനഃശാസ്‌ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവർഷം സേവനമനുഷ്‌ഠിച്ചു. 1975 മുതൽ തിരുവനന്തപുരത്തുളള മനഃശാസ്‌ത്ര ചികിത്സാകേന്ദ്രത്തിന്റെയും 'ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്‌' എന്ന സ്‌ഥാപനത്തിന്റെയും ഡയറക്‌ടർ ആയിരുന്നു...

മന:ശാസ്ത്രം, കൗൺസലിങ്, രതിവിജ്ഞാനം, ചെറുകഥ, ബാലസാഹിത്യം, നർമ്മം എന്നീ മേഖലകളിലായി ഇരുപതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. 'അച്ഛാ ഞാന്‍ എവിടെനിന്നു വന്നു?', 'കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍', 'കുടുംബജീവിതം', 'ബാല്യം കൗമാരം യൗവനം വാര്‍ദ്ധക്യം', 'അച്ഛന്‍ കുട്ടിയായിരുന്നപ്പോള്‍', 'നിങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍', 'അഴിയുന്ന കുരുക്കുകള്‍', 'മാനസിക പ്രശ്നങ്ങള്‍', 'എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം? റാങ്ക് നേടാന്‍', 'ദാമ്പത്യം ബന്ധം ബന്ധനം' എന്നിവയാണ് മുഖ്യകൃതികള്‍. 'രതിവിജ്ഞാനകോശം' എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ്.

ലെനിൻ രാജേന്ദ്രന്റെ 'രാത്രിമഴ', അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കുത്ത്', കെ. ജി. ജോർജിന്റെ 'ഈ കണ്ണി കൂടി' എന്നീ സിനിമകളിൽ ഡോ. മാത്യു അഭിനയിച്ചിട്ടുണ്ട്.

ഭാര്യയായ സൂസി, 'നിശാന്ധത' എന്ന രോഗത്തിന് അടിമയായിരുന്നു എന്നുള്ള യാഥാർത്ഥ്യം വിവാഹശേഷമാണ് മാത്യു തിരിച്ചറിഞ്ഞത്. അന്ന് അദ്ദേഹം ഒരു മന:ശാസ്ത്ര ചികിത്സകനായിരുന്നില്ല. സൂസിയുടെ ആ രോഗാവസ്ഥയും അതുമൂലമുള്ള മനോവ്യഥയുമാണ് മനഃശാസ്ത്ര മേഖലയിലെ പഠന ഗവേഷണങ്ങളിലേക്ക് അദ്ദേഹത്തിന്റെ താല്പര്യവും ശ്രദ്ധയും തിരിയാൻ ഇടവരുത്തിയത്. ആത്മവിശ്വാസത്തോടെ അദ്ദേഹം ഭാര്യയുടെ രോഗത്തെ നേരിട്ടു. സൂസിയുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടുവെങ്കിലും ഡോ. മാത്യുവിന്റെ മനഃശാസ്ത്രപരമായ പഠനങ്ങളും പരിശീലനങ്ങളും സമീപനങ്ങളും അവരുടെ ദാമ്പത്യജീവിതത്തിൽ വെളിച്ചം വിതറി.

2020 സെപ്റ്റംബർ 28-ന്, തിരുവനതപുരം പട്ടം ചാരാച്ചിറയിലെ വസതിയിൽ അന്തരിച്ചു. ദീർഘനാളായി കിടപ്പിലായിരുന്ന ശേഷമാണ് മരണം....

ഭാര്യ സൂസി ദുബായിയിൽ പുത്രിയോടൊപ്പം കഴിയുന്നു. മക്കൾ: ഡോ. സജ്ജൻ (ബഹ്റൈൻ), ഡോ. റേബ, ലോല (ഇരുവരും ദുബായ്). മരുമക്കൾ: ഡോ. ബീന (ബഹ്റൈൻ), ലാലു വർഗീസ്, മാമ്മൻ സാമുവൽ (ഇരുവരും ദുബായ്)

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക