Image

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; റിലീസിനൊരുങ്ങി ആര്‍ ജെ പ്രസാദിന്റെ 'അശാന്തം'

Published on 26 September, 2026
പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; റിലീസിനൊരുങ്ങി ആര്‍ ജെ പ്രസാദിന്റെ 'അശാന്തം'

കൈലാസ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച് ആര്‍ ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 'അശാന്തം' ഒടിടി റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയ്ലര്‍ പുറത്തിറക്കി. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.

പുതുമുഖങ്ങളായ രജിത്ത് വി ചന്തു, റെയ്‌ന റോയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍, ശാന്തകുമാരി, സിന്ധു ജേക്കബ്, മധു, പ്രിന്‍സ് മോഹന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. കിന്നാരത്തുമ്പികള്‍ (2000), മഞ്ഞുകാലപ്പക്ഷി (2000), പുന്നാര പൂങ്കുയില്‍ (2003), മാണിക്യം (2015) എന്നീ സിനിമകള്‍ക്ക് ശേഷം ആര്‍ ജെ പ്രസാദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും.

ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് ഒരു യുവതിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും കുടുംബബന്ധങ്ങളിലെ തകര്‍ച്ചയുമാണ് ചിത്രത്തിന്റെ പ്രമേയം. 2025 ലെ ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരത്തില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രം ആ വര്‍ഷത്തെ അജന്ത-എല്ലോറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വിന്ദ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫോക്ലോര്‍ ഫിലിം ഫെസ്റ്റിവല്‍, ഫെസ്റ്റിവല്‍ ആഞ്ചലിക്ക എന്നീ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.

എഡിറ്റര്‍: ജയചന്ദ്ര കൃഷ്ണ, പശ്ചാത്തല സംഗീതം റോണി റാഫേല്‍, കല പ്രേംരാജ് ബാലുശ്ശേരി, മേക്കപ്പ് അര്‍ജുന്‍ ബാലരാമപുരം, വസ്ത്രാലങ്കാരം ഷാജിറ ഷെറീഫ്, റൂബി പൊന്നാലയം, സൗണ്ട് മിക്‌സിംഗ് എന്‍ ഹരികുമാര്‍, കളറിസ്റ്റ് മഹാദേവന്‍, സ്റ്റില്‍സ് പ്രേമകുമാര്‍, പോസ്റ്റര്‍ സിസൈന്‍ രമേഷ് എം ചാനല്‍.

 

Trailer link: https://youtu.be/OLiVkR7E1jI
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക