Image

എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം മിനി പുഷ്പറാണിക്ക് നാട്ടിലേക്ക് മടക്കം; കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കെയര്‍ ടീം

വിപിന്‍ രാജേന്ദ്രന്‍ Published on 11 September, 2026
എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം മിനി പുഷ്പറാണിക്ക് നാട്ടിലേക്ക് മടക്കം; കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കെയര്‍ ടീം

കുവൈറ്റ്: തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ മിനി പുഷ്പറാണിക്ക് എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കി ഒഐസിസി കുവൈറ്റ് കെയര്‍ ടീം.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് താഴേക്ക് വീണ് കാലുകള്‍ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മിനി പുഷ്പറാണി കഴിഞ്ഞ എട്ട് മാസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതിയും തുടര്‍ചികിത്സയുടെ ആവശ്യകതയും പരിഗണിച്ച് നാട്ടിലേക്ക് അടിയന്തരമായി മടങ്ങേണ്ട സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് ഒഐസിസി കെയര്‍ ടീം സഹായവുമായി രംഗത്തെത്തിയത്.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ യാത്രാരേഖകളും നിയമപരമായ നടപടിക്രമങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം വിമാനയാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കെയര്‍ ടീം ഒരുക്കി.

തുടര്‍ന്ന് ആവശ്യമായ യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി മിനി പുഷ്പറാണി ജസീറ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് യാത്ര തിരിച്ചു.

നാട്ടിലെ വിമാനത്താവളത്തില്‍ എത്തിയ ശേഷം സ്വന്തം വീട്ടിലെത്തിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് മുഖേന ലഭിക്കുന്ന സൗജന്യ ആംബുലന്‍സ് സേവനവും ബന്ധപ്പെട്ടവരുമായി ഏകോപിപ്പിച്ച് ഒരുക്കുകയുണ്ടായി.

പ്രവാസികള്‍ അപകടങ്ങളിലും രോഗബാധയിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും അകപ്പെടുമ്പോള്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ഒഐസിസി കുവൈറ്റിന്റെ പ്രധാന സേവന വിഭാഗമാണ് ഒഐസിസി കെയര്‍ ടീം.

പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട് ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനും ഇന്ത്യന്‍ എംബസി, ആശുപത്രികള്‍, വിമാനക്കമ്പനികള്‍, നോര്‍ക്ക റൂട്ട്‌സ് തുടങ്ങിയ വിവിധ സംവിധാനങ്ങളുമായി ഏകോപിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും കെയര്‍ ടീം സജീവമായി ഇടപെടുന്നു.

ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി പ്രതിസന്ധിയിലാകുന്ന പ്രവാസികള്‍ക്ക് ''നിങ്ങള്‍ ഒറ്റയ്ക്കല്ല'' എന്ന ആത്മവിശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒഐസിസി കുവൈറ്റ് കെയര്‍ ടീമിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക