
ന്യു യോർക്ക്: ഫോമാ ന്യൂയോർക്ക് എംപയർ റീജിയന്റെ റീജിയണൽ വൈസ് പ്രസിഡന്റായി ഹ്യൂസ്റ്റൺ കൺവൻഷനിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട സണ്ണി കല്ലൂപ്പാറക്ക് മടക്ക യാത്രയിൽ വിമാനത്തിൽ വച്ച് ലഭിച്ച ആദരം ഇരട്ടി മധുരമായി
ഹ്യൂസ്റ്റനിൽ നിന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സണ്ണിയും ഭാര്യ ജെസിയും പുത്രനും മടങ്ങുന്നത്. വിമാനം കുറച്ച് ദൂരം പിന്നിട്ടപ്പോൾ അതാ അവരുന്നു പൈലറ്റിന്റെ അനൗൻസ്മെന്റ്. ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സണ്ണി നൈനാനും ഭാര്യക്കും സൗത്ത് വെസ്റ്റിന്റെയും യാത്രക്കാരുടെയും ആശംസകൾ എന്നായിരുന്നു സന്ദേശം.

അതോടെ എയർ ഹോസ്റ്റസുമാർ ഷാമ്പെയിനുമായി എത്തി ആശംസാഗീതം ആലപിച്ചു.
കണ്വന്ഷനിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഗോപിനാഥ കുറുപ്പ്, ജി.കെ. നായർ തുടങ്ങി ഏതാനും മലയാളികളും വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തിന്റെ പാർട്ടുകൾ ഉണ്ടാക്കുന്ന ക്രോംഅലോയി എന്ന കമ്പനിയിലാണ് കഴിഞ്ഞ 38 വർഷമായി സണ്ണി പ്രവർത്തിക്കുന്നത്.

പിന്നീട് പൈലറ്റുമാരെ നേരിൽ കാണാനും കോക്പിറ്റിൽ പ്രവേശിക്കാനുമുള്ള അപൂർവ അവസരം നൽകുകയും ചെയ്തു. പൈലറ്റ് തന്നെ ഫോട്ടോ എടുത്ത് കൊടുത്തു. 'അവരുടെ സ്നേഹവും കരുതലും ആത്മാർത്ഥതയും ഞങ്ങളുടെ വിവാഹ വാർഷികത്തെ അവിസ്മരണീയമായ അനുഭവമാക്കി' സണ്ണി പറയുന്നു.
'എന്റെ ഹൃദയം ഇരട്ടിയായ സന്തോഷവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ആദ്യം, ന്യൂയോർക്ക് എംപയർ റീജിയന്റെ റീജിയണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് വലിയ അഭിമാനവും വിനയവും നൽകുന്ന നിമിഷമാണ്. എന്നിൽ വിശ്വാസമർപ്പിച്ച് എന്നെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സമർപ്പണത്തോടെയും സത്യസന്ധതയോടെയും ഐക്യത്തിന്റെ മനോഭാവത്തോടെയും നിങ്ങളെ സേവിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.
ഈ സന്തോഷദിനത്തിന് കൂടുതൽ മധുരം പകർന്നത്, ജെസിയും ഞാനും മടങ്ങിവരുന്നതിനിടെ സൗത്ത്‌വെസ്റ്റ് എയർലൈൻസ് ഞങ്ങളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ മനോഹരമായ സർപ്രൈസാണ്. വിമാന ജീവനക്കാർ ഞങ്ങൾക്ക് ഷാംപെയിൻ നൽകി ആശംസിക്കുകയും, പൈലറ്റുമാരെ നേരിൽ കാണാനും കോക്പിറ്റിൽ പ്രവേശിക്കാനുമുള്ള അപൂർവ അവസരം നൽകുകയും ചെയ്തു.
ജീവിതം അപ്രതീക്ഷിതമായ അനുഗ്രഹങ്ങളാൽ നിറഞ്ഞതാണ്. ഇന്നത്തെ ദിവസം ദൈവത്തിന്റെ അളവറ്റ കൃപയുടെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും എന്നെ പിന്തുണച്ച എല്ലാവർക്കും ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും പ്രോത്സാഹനത്തിനും എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,' സണ്ണി പറയുന്നു.
