
ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും, മുന്‍ ഭരണസമിതിക്കുള്ള ആദരവും, 'വിളക്കുമരം 2026' സുവനീര്‍ പ്രകാശനവും കെസിഎ ഹാളില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു.കെപിഎ ഫെസ്റ്റ് 2026 എന്ന പേരില്‍ നടന്ന ചടങ്ങിനു ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ മുന്‍ ചെയര്‍മാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍ മുഖ്യപ്രഭാഷണം നടത്തി.
സംഘടനയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'വിളക്കുമരം 2026' എന്ന സുവനീര്‍ എഡിറ്റര്‍ സലീം തയ്യിലും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് കെ.പി.എയുടെ മുതിര്‍ന്ന അംഗം റഹീം വാവാകുഞ്ഞിന് കൈമാറി പ്രകാശനം ചെയ്തു.

പുതിയ ഭരണസമിതിക്കുള്ള ബാഡ്ജ് വിതരണം പിവി രാധാകൃഷ്ണപിള്ളയും പ്രിന്‍സ് നടരാജനും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.ടി സലിം, അസീല്‍ അബ്ദുല്‍റഹ്‌മാന്‍, റഫീക്ക് അബ്ദുള്ള, ചന്ദ്രബോസ്, റഹിം വാവാകുഞ്ഞു എന്നിവര്‍ മുന്‍ ഭരണസമിതി അംഗങ്ങളെ ആദരിച്ചു.

പുതുതായി ചുമതലയേറ്റ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് കെ.പി.എയുടെ കലാ-സാംസ്‌കാരിക വിഭാഗങ്ങളായ കെ.പി.എ സിംഫണി, പ്രവാസിശ്രീ, സൃഷ്ടി, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് എന്നിവയുടെ നേതൃത്വത്തില്‍ സംഗീത-നൃത്ത പരിപാടികള്‍ അരങ്ങേറി. കുട്ടികളുടെയും വനിതകളുടെയും ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കെ.പി.എ ഫെസ്റ്റ് 2026ന് കൂടുതല്‍ മികവേകി.
കെപിഎ കുടുംബാംഗങ്ങള്‍, ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ് പുതു ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കമായി.