
ദമ്മാം: സാഹിത്യസ്‌നേഹികള്‍ക്ക് വായനയുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നവയുഗം വായനവേദിയുടെ 'അക്ഷരസദസ്സ്' എന്ന പ്രതിമാസ സംവാദ പരിപാടിയ്ക്ക് ദമ്മാമില്‍ തുടക്കമായി.
ദമ്മാം നവയുഗം ഓഫിസ് ഹാളില്‍ അരങ്ങേറിയ അക്ഷരസദസ്സ്, നവയുഗത്തിന്റെ മുതിര്‍ന്ന നേതാവ് ഉണ്ണിപൂച്ചടിയല്‍ ഉത്ഘാടനം ചെയ്തു.
വായനവേദി പ്രസിഡന്റ് ശ്രീകുമാര്‍ വെള്ളല്ലൂര്‍ ആദ്ധ്യക്ഷത വഹിച്ച പരിപാടിക്ക്, സെക്രട്ടറി ബിനു കുഞ്ഞ് സ്വാഗതം പറഞ്ഞു.
അക്ഷരസദസ്സില്‍ പ്രശസ്തമായ ആറു പുസ്തകങ്ങളുടെ വായനാനുഭവം അവതരിപ്പിയ്ക്കുകയുണ്ടായി. എം ടി വാസുദേവന്‍ നായരുടെ 'നിന്റെ ഓര്‍മ്മയ്ക്ക് ' എന്ന പുസ്തകം പ്രിജി കൊല്ലവും, 'രണ്ടാമൂഴം' എന്ന പുസ്തകം ഫൈസലും, നിത്യ ചൈതന്യയതിയുടെ 'സ്‌നേഹ സ്പര്‍ശം' എന്ന പുസ്തകം സജീഷ് പട്ടാഴിയും, ബ്രാം സ്റ്റോക്കര്‍ എഴുതിയ 'ഡ്രാക്കുള' എന്ന പുസ്തകം സുധീഷും, അഖില്‍ പി ധര്‍മജന്റെ 'റാം C/O ആനന്ദി' എന്ന പുസ്തകം ബിനു കുഞ്ഞുവും, വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍ ' എന്ന പുസ്തകം ബെന്‍സി മോഹനും വിശകലനം ചെയ്തു അവതരിപ്പിച്ചു.
പ്രണയവും, വിരഹവും, ഭയവും, ബൗധികവുമായ വികാരങ്ങള്‍ പങ്കുവയ്ക്കുന്ന ഈ വ്യത്യസ്ത പുസ്തകങ്ങളുടെ വായനാനുഭവം സംവാദത്തിന്റെ പുതിയ വഴികളാണ് അക്ഷര സദസ്സിന് നല്‍കിയത്. പങ്കെടുത്തവരെല്ലാം വളരെ ആവേശത്തോടെ ആദ്യാവസാനം വരെ പരിപാടിയില്‍ പങ്കെടുക്കുകയും, ചര്‍ച്ചകളില്‍ സജീവമായി ഇടപെടുകയും ചെയ്തത് സദസ്സിനെ കൂടുതല്‍ ആവേശഭരിതമാക്കി.
വായനയുടെ പ്രാധാന്യത്തെപറ്റി ഹുസൈന്‍ നിലമേല്‍ ചെറുവിവരണം നടത്തി. നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, സാജന്‍ കണിയാപുരം, ഹുസൈന്‍, ലാലു ദിവാകരന്‍, ശരണ്യ ഷിബു, ദീപാ സുധീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. പരിപാടിക്ക് നവയുഗം വായനവേദി ലൈബ്രറേറിയന്‍ ഷജീര്‍ നന്ദി പറഞ്ഞു.
മുടക്കമില്ലാതെ എല്ലാ മാസവും നടക്കുന്ന അക്ഷരസദസ്സിന്റെ അടുത്ത മാസത്തെ പരിപാടി, ആഗസ്റ്റ് 20 വ്യാഴാഴ്ച അരങ്ങേറുമെന്നു വായനവേദി ഭാരവാഹികള്‍ അറിയിച്ചു.
ഫോട്ടോ: 'അക്ഷരസദസ്സ്' ഉണ്ണിപൂച്ചടിയല്‍ ഉത്ഘാടനം ചെയ്യുന്നു.