Image

അമേരിക്കന്‍ മലയാളി ജീമോന്‍ ജോര്‍ജിന്റെ 'ശുക്രന്‍' കേരളത്തില്‍ ഉദിക്കുന്നു; റിലീസ് ഫെബ്രുവരി 6-ന്

എ.എസ് ശ്രീകുമാര്‍ Published on 31 January, 2026
 അമേരിക്കന്‍ മലയാളി ജീമോന്‍ ജോര്‍ജിന്റെ 'ശുക്രന്‍' കേരളത്തില്‍ ഉദിക്കുന്നു; റിലീസ് ഫെബ്രുവരി 6-ന്

നവഗ്രഹങ്ങളില്‍ സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഒന്നാണ് ശുക്രന്‍. ജാതകത്തില്‍ 'ശുക്രന്‍' ബലവാനെങ്കില്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാവുമെന്നാണ് ജ്യോതിഷം വിധിക്കുന്നത്. ശുക്രന്‍ ഉദിക്കണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും കടുത്ത  ജീവിതാനുഭവങ്ങളുണ്ടായിരിക്കും. അത്തരമൊരു കഥയുമായി, ജി സിനിമാസിന്റെ ബാനറില്‍ മലയാള സിനിമയില്‍ നടനായും നിര്‍മാതാവായും ചുവടുറപ്പിക്കുകയാണ് അമേരിക്കന്‍ മലയാളിയും കലാ, സാംസാകരിക, സാമൂഹിക, സംഘടനാ രംഗത്തെ നിറസാന്നിധ്യവുമായ ജീമോന്‍ ജോര്‍ജ്. അദ്ദേഹം നിര്‍മിച്ച റൊമാന്റിക് കോമഡി ത്രില്ലര്‍ ചിത്രം 'ശുക്രന്‍' ഫെബ്രുവരി 6-ന് തീയേറ്ററുകളിലെത്തുകയാണ്.

ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രന്‍ സിനിമയില്‍ ബിബിന്‍ ജോര്‍ജ് നായകനാകുന്നു.ആദ്യാ പ്രസാദാണ് നായിക.ഷൈന്‍ ടോം ചാക്കോയും ചന്തു നാഥും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോട്ടയം നസീര്‍, ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, മാലാ പാര്‍വ്വതി തുടങ്ങിയവരും ശ്രദ്ധേയമായ വേഷമിടുന്നു. അഭിനയിക്കാന്‍ നാട്ടിലെത്തി തികച്ചും യാദൃശ്ചികമായി നിര്‍മാതാവിന്റെ കൂടി വേഷമണിഞ്ഞ ഒരു അടിമുടി സിനിമാ പ്രേമിയാണ് ജീമോന്‍ ജോര്‍ജ്. 1990-കളില്‍ ഫിലഡല്‍ഫിയയില്‍ തീയേറ്റര്‍ വാടകയ്ക്കെടുത്ത് 'ഭരതം' ആര്‍ട്സിന്റെ പേരില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചും മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ അണിനിരത്തി മെഗാ ഷോകള്‍ സംഘടിപ്പിച്ചുമാണ് ഈ കലാകാരന്‍ തന്റെ സിനിമാ മോഹങ്ങള്‍ സാക്ഷാത്കരിച്ചത്. അപ്പോഴും അഭിനയ മോഹം മനസിനുള്ളില്‍ തിരതല്ലുന്നുണ്ടായിരുന്നു.

കോട്ടയം നഗരമധ്യത്തിലെ എണ്ണയ്ക്കല്‍ എന്ന പുരാതന ക്രിസ്ത്യന്‍ കുടുംബാംഗമായ ജീമോന്‍ ജോര്‍ജിന് നന്നേ ചെറുപ്പത്തില്‍ത്തന്നെ അഭിനയത്തോട് വല്ലാത്ത അഭിനിവേശമുണ്ടായിരുന്നെങ്കിലും യാഥാസ്ഥിതിക കുടുംബമായതിനാല്‍ മാതാപിതാക്കളോട് ഇക്കാര്യം പറയാന്‍ ധൈര്യമില്ലായിരുന്നു. എങ്കിലും സ്‌കൂള്‍-കോളേജ് വേദികളിലും അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചു. 38 വര്‍ഷം മുമ്പ് ജീവസന്ധാരണാര്‍ത്ഥം അമേരിക്കയിലെത്തിയപ്പോഴും സിനിമയില്‍ അഭിനയിക്കണമെന്ന മോഹം കലശലായിരുന്നു. 1993 മുതല്‍ 10 വര്‍ഷക്കാലം ഫിലഡല്‍ഫിയയില്‍ തീയേറ്റര്‍ വാടകയ്ക്കെടുത്ത് ഭരതം ആര്‍ട്സിന്റെ പേരില്‍ നിരവധി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് വന്‍ താരങ്ങളെ ഉള്‍ക്കൊള്ളിച്ച് സ്റ്റാര്‍ നൈറ്റുകളും നടത്തി, സാമ്പത്തിക ലാഭത്തിനപ്പുറം സിനിമയോടുള്ള അദമ്യമായ പാഷന്‍ നിറവേറ്റി.

ഇതിനിടെ നാട്ടിലുള്ള സിനിമാക്കാരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും അഭിനയിക്കാന്‍ അവസരമൊന്നും ലഭിച്ചില്ല. കോവിഡ് കാലഘട്ടത്തിനു ശേഷം രണ്ടും കല്‍പ്പിച്ച് നാട്ടിലെത്തുകയും സിനിമയില്‍ മുഖം കാണിക്കുകയും ചെയ്തു. അന്ധകാര, ഗുമസ്തന്‍, അപൂര്‍വ പുത്രന്‍മാര്‍, പൊങ്കാല, ഒപ്പീസ്  തുടങ്ങി ഏഴോളം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ജീമോന്‍ പ്രത്യക്ഷപ്പെട്ടു. ഒരു റോള്‍ തരപ്പെടുത്തി ശുക്രന്റെ ലൊക്കേഷനിലെത്തിയപ്പോഴാണ് ട്വിസ്റ്റുണ്ടായത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഷൂട്ടിങ് പ്രതിസന്ധി നേരിട്ടപ്പോള്‍ ജീമോന്‍ നിര്‍മാതാവിന്റെ ഭാരിച്ച ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ ജി സിനിമാസിന്റെ ബാനറില്‍ പൂര്‍ത്തിയായ ശുക്രന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളിത്തിരയിലെത്താന്‍ പോവുകയാണ്.

എന്നാല്‍ പുറത്തുനിന്ന് കാണുന്നതു പോലെ സിനിമ അത്ര സുന്ദരമായ ലോകമല്ലെന്നാണ് ഒരു നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് ജീമോന്‍ ജോര്‍ജ് പറയുന്നത്. ''ഇതൊരു എന്റര്‍ടെയ്ന്‍മെന്റ് ഫീല്‍ഡാണെന്ന് പറയുമ്പോള്‍ത്തന്നെ ഹൈ റിസ്‌കുമുണ്ട്. എന്നെപ്പോലുള്ള ഒരു എന്‍.ആര്‍.ഐയെ സംബന്ധിച്ചിടത്തോളം സിനിമാ നിര്‍മാണം ഈസി ടാസ്‌കല്ല. പണം മുടക്കുന്നയാളുടെ സജീവ സാന്നിധ്യം പ്രൊഡക്ഷന്റെ എല്ലാ തലങ്ങളിലുമുണ്ടാവണം. അല്ലാത്ത പക്ഷം ചതിക്കുഴിയില്‍ വീണ് എല്ലാം തകരുമെന്ന കാര്യം ഉറപ്പാണെന്ന് മനസിലാക്കാന്‍ സാധിച്ചു...'' ജീമോന്‍ ജോര്‍ജ് പറയുന്നു.

ഏറെ പ്രതീക്ഷകളോടെയാണ് ശുക്രന്റെ നിര്‍മാണം ഏറ്റെടുത്തതെന്ന് പറഞ്ഞ ജീമോന്‍ തന്റെ ചില അഭിപ്രായങ്ങള്‍ ഇമലയാളിയുമായി പങ്കുവച്ചു. ''ആര്‍ട്ടിസ്റ്റുകള്‍ അമിതവും അനാവശ്യവുമായ ചെലവുകളാണ് വരുത്തിവയ്ക്കുന്നത്. നടീനടന്‍മാര്‍ ഷൂട്ടിങ്ങിനായി വീടിന് പുറത്തിറങ്ങന്ന ആ നിമിഷം മുതല്‍ തിരികെ വീട്ടിലെത്തുന്നതുവരെയുള്ള സകലമാന ചെലവുകളും പ്രൊഡ്യൂസര്‍ വഹിക്കണം. അവരുടെ എര്‍ത്തുകളെയും സഹിക്കണം.  റമ്യൂണറേഷന് പുറമെയുള്ള ഈ ദുര്‍ ചെലവുകള്‍ നിര്‍മാതാക്കള്‍ക്ക് ശരിക്കും ബാധ്യതയാണ്. ഒട്ടും ആശാസ്യമല്ലാത്ത ഈ രീതി സിനിമാ വ്യവസായത്തെ തകര്‍ക്കുകയേയുള്ളൂ. മറ്റേത് ജോലിക്ക് പോയാലാണ് ഈ ആനുകൂല്യം ലഭിക്കുക..?'' ജീമോന്‍ ജോര്‍ജ്  ചോദിക്കുന്നു.

സിനിമാ നിര്‍മാണത്തിന്റെ 20 മുതല്‍ 30 ശതമാനം വരെ ഇത്തരത്തിലുള്ള അനാവശ്യ  ചെലവാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ നിര്‍മാതാക്കള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും ജീമോന്‍ പറയുന്നു. അതേസമയം, ശുക്രന്‍ സിനിമ നമ്മുടെ നാട്ടില്‍ പുറങ്ങളുടെ നേര്‍ക്കാഴ്ചയാണ്. സ്വാഭാവികമായ ഒരു സിനിമയാണിത്. അതിശയോക്തിയോ അവകാശ വാദങ്ങളോ ഇല്ല. സാധാരണക്കാരന്റെ ജീവിതമാണ് തന്‍മയത്വത്തോടെ പറഞ്ഞു പോകുന്നത്.   ആവര്‍ത്തന വിരസതയില്ലാത്ത റൊമാന്‍സും കോമഡിയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാവും. ഇടവേളയ്ക്ക് ശേഷം സിനിമ ത്രില്ലറാവുന്നു. ജീവിതത്തില്‍ ദുരന്തങ്ങളെ നേരിട്ട് കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് ഒരിക്കല്‍ നല്ലകാലം വരുമെന്ന പോസീറ്റീവ് സന്ദേശമാണ് സിനിമ പകരുന്നതെന്നും രണ്ട് മണിക്കൂര്‍ നേരം കണ്ടിരിക്കാവുന്ന ഫീല്‍ ഗുഡ്  സിനിമയാണിതെന്നും ജീമോന്‍ വ്യക്തമാക്കി.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവ പ്രവര്‍ത്തകനായ ജീമോന്‍ ജോര്‍ജ് സംഘടനയുടെ നാഷണന്‍ ട്രഷററായിരുന്നു. ഫ്ളവേഴ്സ് ടി.വി പെന്‍സില്‍വേനിയ റീജിയണ്‍ മാനേജരായ ജീമോന്‍ സാമൂഹിക-രാഷ്ട്രീയ സംഘടനകളിലും ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് ജാക്കബൈറ്റ് കത്തീഡ്രലിലൂടെ ആത്മീയ രംഗത്തും സജീവമാണ്. ഭദ്രാസന കൗണ്‍സില്‍ അംഗമായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മിറ്റിയിലും തിളങ്ങി. ഫിലഡല്‍ഫിയയിലെ ചര്‍ച്ച്വില്ലില്‍ താമസിക്കുന്ന ജീമോന്റെ ഭാര്യ ഷീല ജോര്‍ജ് നേഴ്സ് പ്രാക്ടീഷണറാണ്. ഡി.എന്‍.പി കോഴ്സ് ചെയ്യുന്ന മെയ്ഗന്‍ ജോര്‍ജ് മകളും ലോയ്ക്ക് പഠിക്കുന്ന നോയല്‍ ജോര്‍ജ് മകനുമാണ്.

സിനിമ നിര്‍മിക്കാന്‍ താതാപര്യമുള്ളവര്‍ക്ക്, അതിന്റെ കഥ കേള്‍ക്കല്‍ ഉള്‍പ്പെടെയുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി സെന്‍സര്‍ ബോര്‍ഡ് വരെയുള്ള എല്ലാ കാര്യങ്ങളിലും സൂക്ഷ്മതയോടെ ഒപ്പം സഞ്ചരിക്കാന്‍ സമയവും സാഹചര്യവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ അവര്‍ അതിന് ഇറങ്ങിപ്പുറപ്പെടാവൂ എന്ന് ജീമോന്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുമ്പോള്‍, ഭ്രമിപ്പിക്കുന്ന ഈ മേഖലയിലെ അപകടങ്ങല്‍ നിറഞ്ഞ ട്രാപ്പുകള്‍ ശ്രദ്ധിക്കമമെന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെ മലയാള ചലചിത്ര മേഖലയുടെ ശുക്രദശയ്ക്ക് ക്ലാപ്പടിക്കാം. ഒപ്പം തനിക്കും 'ശുക്രന്‍' തെളിഞ്ഞാല്‍ താമസിയാതെ മറ്റൊരു സിനിമയുമായി വീണ്ടും വരുമെന്ന് ജീമോന്‍ ജോര്‍ജ് പറയുന്നു.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-31 10:33:06
അറിയാത്ത പിള്ള പറയുമ്പോൾ അറിഞ്ഞില്ലെങ്കിൽ ചൊറിയുമ്പോൾ അറിഞ്ഞോളും.... ഇതേ രീതിയിൽ അർത്ഥം വരുന്ന നൂറായിരം ബനാന talks വായ് താരിയായി കൊണ്ട് നടക്കുന്ന ഒരു നാട്ടിൽ പോയി കച്ചവടം ചെയ്താൽ ഉള്ള അവസ്ഥ ഏകദേശം 60 നോടടുത്തോ അതിന് മുകളിലോ വയസ്സുള്ള ജീമോനെ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ? അതും സിനിമാ ഫീൽഡിൽ പോയി പണം ഇറക്കുക.... കഷ്ട്ടം തന്നെ. ഏതായാലും ഈ ഒരു പടത്തോടു കൂടി ജീമോന്റെ ആ പൂതി അങ്ങ് മാറി കിട്ടിക്കോളും... ഒരിക്കലും ഒരു വിദേശത്തു വസിക്കുന്ന ഒരാൾ ബന്ധമുണ്ടാക്കാൻ പോകരുതാത്ത കേരളത്തിലെ രണ്ട് മേഖലകളാണ് രാഷ്ട്രീയവും സിനിമയും. ഏതായാലും നനഞ്ഞു, കുളിക്കാൻ നിൽക്കണ്ട, പെട്ടെന്ന് തോർത്തെടുത്തു തല ചൊവ്വേ ഒന്ന് തോർത്തിക്കോ... എന്നിട്ട് , ഉള്ള കഞ്ഞിയും കുടിച്ച്, അറിയാവുന്ന പ്രാർത്ഥനയും ചൊല്ലി , ചോരാത്ത മൂലയും നോക്കി കിടക്കാൻ നോക്ക്. ആ 'ഡോളർ രാജു'വിനോട് ഇടയ്ക്കൊക്കെ ഒന്ന് സംസാരിച്ചാൽ തീരാവുന്ന അസുഖമേ ഇപ്പോൾ ജീമോന് ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ഗതിയും പരാഗതിയും ആ നാട്ടിൽ ഇല്ലാഞ്ഞിട്ടല്ലേ ഈ രാജ്യത്തോട്ടു ജീമോൻ വന്നത്... എന്നിട്ട് പിന്നേയും പിന്നേയും തല്ലു കൊള്ളിക്കാൻ........... 🤣🤣 ആത്മഹത്യാ ചെയ്യാൻ ഇന്നത്തെ കാലത്ത് വേറേ എന്തെല്ലാം നല്ല നല്ല മാർഗ്ഗങ്ങൾ യൂ ട്യൂബിൽ ഉണ്ട്‌. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-06 16:02:16
to ശ്രീ. ജീമോൻ ജോർജ് : - ക്ഷമാപണം..... ക്ഷമാപണം 🙏🙏🙏😭😭😭എന്റെ മുകളിലത്തെ പ്രതികരണത്തിന്. ഞാൻ എഴുന്നേറ്റു നിന്ന് താങ്കളെ സല്യൂട്ട് ചെയ്യുന്നു ; ഇങ്ങനെ ഒരു സിനിമ നിർമ്മിച്ചതിനും അതിൽ അഭിനയിച്ചതിനും. 💪💪💪ഒന്നും പറയാനില്ല അത്രയ്ക്കും നല്ലത്. സംഭാഷണം, കഥ, പാട്ട്, മ്യൂസിക്, ഈണം, അഭിനയിച്ച ഓരോരുത്തരും, ഫോട്ടോ, editing, എല്ലാ മേഖലകളും സൂപ്പർ, സൂപ്പർ പൊളി വൈബ്... ഒന്നും പറയാനില്ല എങ്ങനെ ഒരു പടം ഈ രീതിയിൽ കൊണ്ടു പോകാൻ കഴിഞ്ഞു.?? എങ്ങനെ ജീമോന്റെ അഭിനയത്തേ പറ്റി പറയും, ഈ അടുത്ത കാലത്തു ഇറങ്ങിയ കൊടി കെട്ടിയ പടങ്ങളിൽ എടുത്തു നിൽക്കുന്നത്. ( except- Ecko). എണ്ണി, എണ്ണി പറയാം ഓരോ ആക്ടറും ഓരോ അഭിനേത്രിയും ഹോ ഹോ ഹോഹോ.... ഒന്നും പറയാനില്ല, പൊളിച്ചു. പൊളിച്ച്എ പൊള്ളിച്ചു ജീമോൻ💪💪💪 എഴുന്നേറ്റു നിന്ന് വീണ്ടും "ശുക്രന്" ഒരു സല്യൂട്ട് 🙏 വേറേ level പടം. 💪💪 തിരക്കഥ ഒരു ലേശം എവിടെയോ connect ആകാതെ പോയോ എന്നൊരു തോന്നൽ ഇല്ലാതില്ല, എന്നാലും ജീമോനേ ഞാൻ ആദ്യം എഴുതിയ പ്രതികരണം പിൻവലിക്കുന്നു. ഇന്നു ആദ്യത്തെ show ആദ്യം tickette എടുത്തു കണ്ടു .എനിക്ക് ഇംഗ്ലീഷിൽ എഴുതാൻ അറിയാമായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു. A well conceived effort. Proud of YOU...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക