
എച്ച് വിനോദ് സംവിധാനം ചെയ്ത് വിജയ് നായകനായ ചിത്രമായ ജനനായകൻ ജനുവരി 9 ന് തീയേറ്ററുകളിൽ എത്തും. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായിട്ടാണ് ജനനായകൻ എത്തുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ തിയേറ്ററുകളിൽ കാണാനായി ആരാധകർ കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടിനൊപ്പം കേരളത്തിലെയും പ്രേക്ഷകർ ഈ ചിത്രത്തിന് വമ്പൻ പ്രതീക്ഷയുമായി കാത്തിരിക്കുന്നുണ്ട്.
കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് നാളെ മുതൽ ആരംഭിക്കുമെന്ന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ നാരായണ (കെ വി എൻ പ്രൊഡക്ഷൻ) ആണ് ജനനായകൻ നിർമിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‍ലി, നെൽസൺ എന്നിവർ ജനനായകന്റെ ഒരു ഗാന രംഗത്ത് വേഷമിടുമെന്നാണ് മറ്റൊരു അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത്.
അഡ്വാൻസ് ബുക്കിങ്ങിൽ ജനനായകൻ സിനിമ റെക്കോർഡുകൾ കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.