
സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് ഷെയ്ൻ നിഗം ചിത്രം 'ഹാൽ' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ ആറിടങ്ങളിൽ കത്രിക വെക്കണമെന്ന സിബിഎഫ്സി നിർദ്ദേശത്തിനെതിരെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് അനുവദിച്ച ഇളവുകൾക്കെതിരെ സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് സിനിമയ്ക്ക് അനുകൂല വിധി ഉണ്ടായത്. ജഡ്ജിമാർ നേരിട്ട് സിനിമ കണ്ട് ആസ്വദിച്ച ശേഷം വിധി പുറപ്പെടുവിച്ചത് ചിത്രത്തിന് വലിയ മൈലേജാണ് നൽകിയത്.
ചിത്രത്തിലെ ഷെയ്ൻ നിഗത്തിന്റെ പ്രകടനം മികച്ചതാണെന്ന് ആദ്യദിന പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. 'കടുംവെട്ട് ഒത്തില്ല, പടം ഹിറ്റ്' എന്ന സിനിമയുടെ പുതിയ പോസ്റ്ററും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. സാക്ഷി വൈദ്യ നായികയാകുന്ന ചിത്രത്തിൽ ജോണി ആന്റണി, സുരേഷ് കൃഷ്ണ, മധുപാൽ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
നിഷാദ് കോയയുടെ തിരക്കഥയിൽ ജെ വി ജെ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നന്ദഗോപൻ വി. സംഗീതവും രവി ചന്ദ്രൻ ഛായാഗ്രഹണവും നിർവ്വഹിച്ച സിനിമയുടെ സാങ്കേതിക വശങ്ങളും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സെൻസർ വിവാദങ്ങൾ സിനിമയുടെ കളക്ഷനെയോ സ്വീകാര്യതയെയോ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തിയേറ്ററുകളിലെ തിരക്ക്.
English summary:
Shane Nigam starrer 'Haal' gains great response in theaters by overcoming censor controversies