ശ്രീ. ജോയൻ കുമരകം വിടവാങ്ങി എന്ന സങ്കടകരമായ വാർത്ത ഞെട്ടലോടെയാണ് ഞാൻ കേട്ടത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ 84-ാം ജന്മദിന ആഘോഷത്തിൽ സൂം കോൺഫറൻസിലൂടെ പങ്കെടുത്തിരുന്നു. എന്റെ അഭിനന്ദന വാക്കുകൾക്ക് നന്ദി പറയാൻ അദ്ദേഹം വിളിച്ചു. ഏറെ നേരം ഞങ്ങൾ സംസാരിച്ചു. പഴയ സൗഹൃദങ്ങളെക്കുറിച്ചാണ് കൂടുതലും പറഞ്ഞത്. വെസ്റ്റ് കോസ്റ്റിലേക്ക് മാറിയതോടെ നിരന്തര സമ്പർക്കമുണ്ടായിരുന്ന പലരുമായുമുള്ള ബന്ധം നഷ്ടപ്പെട്ടതിന്റെ നൊമ്പരം ആ വാക്കുകളിൽ ഞാൻ തൊട്ടറിഞ്ഞു.
ഞങ്ങളുടെ പൊതുസുഹൃത്തും പ്രമുഖ കമ്മ്യൂണിറ്റി നേതാവുമായ ലില്ലിക്കുട്ടി ഇല്ലിക്കലിനോട് സംസാരിക്കാനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ തന്നെ, 3-വേ കോളിൽ ബന്ധിപ്പിച്ച് അതിനുള്ള അവസരം ഒരുക്കി. 'ആ പഴയ നല്ല നാളുകളുടെ ഊഷ്മളത' ഞങ്ങൾ പരസ്പരം പങ്കിട്ടു. അതായിരുന്നു ഞങ്ങളുടെ അവസാന സംഭാഷണം.
ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനൊരാൾ ഇത്രവേഗം നമ്മെ വിട്ടുപോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതേയില്ല.
പരേതനായ പാലാ കെ.എം. മാത്യുവിലൂടെയാണ് (പിന്നീട് എം.പി) ജോയനെ ഞാൻ ആദ്യം അറിയുന്നത്. നാല് ദശകങ്ങൾ നീണ്ട സൗഹൃദമാണ് ആ പരിചയപ്പെടൽ എനിക്ക് സമ്മാനിച്ചത്.
കുടിയേറ്റക്കാരനെന്ന നിലയിൽ യു എസിൽ എത്തുമ്പോൾ അദ്ദേഹത്തിന് ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. അപ്പോഴും, ആത്മവിശ്വാസം കൈവിടാതെ, തന്റെ ഭാഷയോടും സംസ്കാരത്തോടുമുള്ള സ്നേഹം അദ്ദേഹം നെഞ്ചോടു ചേർത്തുനിർത്തി. ജോയന്റെ കടുത്ത ആരാധകരിൽ ഒരാളായ എനിക്ക്, ആ സംസാരം വെറുതെ കേട്ടിരിക്കുന്നത് പോലും ആസ്വാദ്യകരമായ അനുഭൂതിയായിരുന്നു.
അദ്ദേഹം വിശിഷ്ടാതിഥിയായെത്തുന്ന നിരവധി സാംസ്കാരിക പരിപാടികളിൽ, സ്വതസിദ്ധമായ ആ കാവ്യാത്മക പ്രഭാഷണങ്ങൾ ശ്രവിക്കാൻ അക്ഷമരായാണ് ഏവരും കാത്തിരിക്കുക. എല്ലായ്പ്പോഴും, അതൊരു വിരുന്നുതന്നെയായിരുന്നു. ജോയനെപ്പോലെ തന്നെ, ഞാനും ബാലജന സഖ്യത്തിലൂടെയാണ് വന്നത്. പ്രഭാഷണ മത്സരാർത്ഥികൾക്ക് ജോയനെ നേരിടുന്നത് വലിയൊരു വെല്ലുവിളി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ പേരിൽ പ്രഭാഷണ മത്സരങ്ങൾ നടത്താനുള്ള ചർച്ചകൾ പോലും മുന്നോട്ട് വന്നതിൽ നിന്ന് ആ രംഗത്തുള്ള പ്രാഗത്ഭ്യം ഊഹിക്കാമല്ലോ. തന്റെ പേര് മത്സരാർത്ഥികൾക്ക് ഇനിയും പേടിസ്വപ്നമാകേണ്ടെന്ന് തമാശരൂപേണ പറഞ്ഞ് ജോയൻ തന്നെ അതുവേണ്ടെന്നു വച്ചു.
ചരിത്രത്തിൽ അതീവ തല്പരനായിരുന്ന അദ്ദേഹം, ഐക്കോണിക് നേതാക്കളോട് പ്രത്യേക മമത പുലർത്തി. പുസ്തകങ്ങൾകൊണ്ടും സാഹിത്യകൃതികൾകൊണ്ടും ചുറ്റപ്പെട്ടൊരു ലോകത്ത് വ്യാപാരിക്കുന്നതിൽ അദ്ദേഹം അഭിമാനംകൊണ്ടു. ക്രിസ്തീയ ദേവാലയങ്ങളിലോ മറ്റൊരു ആത്മീയ മണ്ഡലത്തിലോ വച്ച് പ്രസംഗിക്കുമ്പോൾ, തിരുവെഴുത്തുകളിലേക്ക് ആഴ്ന്നിറങ്ങി മുമ്പെങ്ങുമില്ലാത്തവിധം ചില പുതിയ വീക്ഷണകോണുകളുടെ മൊഴിമുത്തുകൾ കൊണ്ടുവരാനുള്ള കഴിവുകൊണ്ട് അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഭൗതിക ക്ഷേമത്തിൽ അദ്ദേഹം ഒരിക്കലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. കുരുന്നുകൾക്കിടയിൽ സന്തോഷം വളർത്തിയെടുക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.
40-ലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം, ബാലസാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. 'കുഞ്ഞിച്ചായന്റെ കത്തുകൾ' എന്ന രചനയിലൂടെ യുഎസിൽ ജീവിതം പറിച്ചുനടുന്നതിന് വളരെ മുന്‍പു തന്നെ കേരളക്കരയിൽ അദ്ദേഹം അറിയപ്പെട്ടു. മലയാള ഗദ്യത്തിലോ കവിതയിലോ നാടകത്തിലോ ഉള്ള കഴിവുകൾ വികസിപ്പിക്കാൻ, യുഎസിലെ നിരവധി എഴുത്തുകാരെ പ്രാപ്തരാക്കിയത് ജോയൻ നൽകിയ പ്രോത്സാഹനമാണ് എന്നതിൽ സംശയമില്ല.
എന്റെ പിതാവിന്റെ ജീവചരിത്രം എഴുതുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനും അദ്ദേഹം നൽകിയ സഹായത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു ('പാസ്റ്റർ ടി.എൻ. എബ്രഹാം, സമർപ്പിതനായ ദൈവദാസൻ). ഇതുപോലെ പലരെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്.
തന്റെ ജീവിതസായാഹ്നത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം ഭയം പ്രകടിപ്പിച്ചിരുന്നു. അത് എങ്ങനെ ആയിത്തീരുമെന്ന് പല കുറി ചിന്തിച്ചിട്ടുമുണ്ട്. തമ്പി ആന്റണിയും അദ്ദേഹത്തിന്റെ പത്നി പ്രേമ ആന്റണിയും സാൻ ഫ്രാൻസിസ്കോയിലെ അവരുടെ നഴ്സിംഗ് ഹോമിൽ ഒരുക്കിയ സൗകര്യങ്ങളും വൈദ്യസഹായവും വീട്ടിൽ പാകം ചെയ്ത ഭക്ഷണവുമെല്ലാം ജോയൻറെ ആശങ്കകളെ പമ്പ കടത്തുകയും അവസാന നാളുകൾ സമാധാനപരമാക്കുകയും ചെയ്തു. ആ നന്മയ്ക്ക്, ദൈവം അവരുടെ മേൽ അനുഗ്രഹം ചൊരിയട്ടെ.
വായനയും എഴുത്തുമായിരുന്നു ജോയന്റെ ലോകം. വ്യക്തിപരമായി പരിചയപ്പെടുന്ന ഏതൊരാളുടെയും യഥാർത്ഥ സുഹൃത്തായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. മലയാള ബാലസാഹിത്യരംഗത്ത് അദ്ദേഹം നൽകിയ സ്തുത്യർഹമായ സംഭാവനകളുടെ പേരിൽ ജോയൻ ഏറെക്കാലം ഓർമ്മിക്കപ്പെടും.
അമേരിക്കൻ മണ്ണിൽ, മലയാണ്മയുടെ വിത്തുകൾ പാകി മുളപ്പിച്ച് പുതു എഴുത്തുകാരെ കൊയ്തെടുത്ത ജോയനെ അമേരിക്കൻ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. പൂക്കളുടെ സൗരഭ്യമുള്ള ആ പ്രഭാഷണങ്ങളും, പുഞ്ചിരിക്കുന്ന ആ മുഖവും ഇനി ഇല്ലെന്ന സത്യം, നികത്താനാവാത്ത നഷ്ടം തന്നെയാണ്.
നന്ദി ജോയൻ, പ്രിയമുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിച്ചതിന് ! ദൈവം നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ!
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
James Thottam
2021-03-01 06:54:05
Mr.Joyan Kumarakam was a well liked person in our community,so sorry to hear the sad news.May his departed soul Rest In Peace through the mercy of God.🙏🙏