Image

തേനൊലിപ്പദങ്ങളുടെ  രാജകുമാരൻ യാത്രയായി ...(സുധീർ പണിക്കവീട്ടിൽ) 

Published on 27 February, 2021
തേനൊലിപ്പദങ്ങളുടെ  രാജകുമാരൻ യാത്രയായി ...(സുധീർ പണിക്കവീട്ടിൽ) 

ശ്രീ ജോയൻ  കുമരകത്തിനു ആദരാജ്ഞലികൾ

ശ്രീ ജോയൻ കുമരകം അന്തരിച്ചു. ആയിരം പൂർണ്ണചന്ദ്രോദയം  (ഫെബ്രുവരി 4  നു അദ്ദേഹത്തിന്റെ എൺപത്തിനാലാം ജന്മദിനമായിരുന്നു) കണ്ട  അദ്ദേഹത്തിന്റെ മരണം പെട്ടന്നായിരുന്നു.  മരിച്ച സമയം വച്ച് നോക്കുമ്പോൾ  അതിനു കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചത്.  ഞങ്ങളുടെ വിഷയം എപ്പോഴും കലയും സാഹിത്യവുമായിരുന്നു. വിപുലമായ വായനയിലൂടെ നേടിയ അറിവിന്റെ സ്ഫുരണങ്ങൾ ഓരോ വിഷയത്തെക്കുറിച്ച് അദ്ദേഹം  സംസാരിക്കുമ്പോഴും പ്രതിഫലിച്ചുകൊണ്ടിരിക്കും.  

അമേരിക്കൻ മലയാളി സമൂഹത്തിലെ കലാ-സാംസ്കാരിക രംഗത്ത് കുറച്ചുനാൾ മുമ്പ് വരെ അദ്ദേഹം നിറസാന്നിധ്യമായിരുന്നു.  അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രോതാക്കളെ ഏതോ അഭൗമമേഖലകളിലേക്ക് കൊണ്ടുപോകുന്ന പ്രതീതിയുളവാക്കുന്നവയായിരുന്നു. അനർഗ്ഗളമായി നിർഗ്ഗളിക്കുന്ന വാക്കുകൾ സൃഷ്ടിക്കുന്ന സൗന്ദര്യലഹരിയിൽ അവരെല്ലാം  ആമഗ്നരാകുമായിരുന്നു.

ബാലസാഹിത്യകാരനായിരുന്ന ശ്രീ ജോയൻറെ പുസ്തകങ്ങൾ കുട്ടികൾക്ക് കൗതുകവും അറിവും പകരുന്നവയായിരുന്നു. അതീവ ഹൃദ്യവും മധുരം കിനിയുന്നതുമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.  വാക്കുകളെ തേൻഭരണിയിലാണ് അദ്ദേഹം സൂക്ഷിക്കുന്നതെന്നും അദ്ദേഹം തേനൊലിപദങ്ങളുടെ രാജകുമാരൻ ആണെന്നുമാണ് ഞാൻ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്.  ഇത് ഒരു പ്രശംസയല്ല മറിച്ച് സത്യമാണെന്നും ഞാൻ  കൂട്ടിച്ചേർക്കാറുണ്ട്.അത് അദ്ദേഹത്തിന് ആനന്ദം നൽകിയിരുന്നു..

അമേരിക്കയിൽ വച്ചാണ് ശ്രീ ജോയനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ബാലസാഹിത്യം വായിച്ചിട്ടുള്ള വ്യക്തി എന്ന നിലക്ക് പരിചയപ്പെട്ടപ്പോൾ എന്നോട് വളരെ വാത്സല്യം കാണിക്കുകയും കൂടെ കൂടെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.  അദ്ദേഹത്തിന്റെ അറുപതാം പിറന്നാളും ഇപ്പോൾ എൺപത്തിനാലാം പിറന്നാളും അമേരിക്കൻ മലയാളി എഴുത്തുകാരും അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികളും കൂടെ ആഘോഷിക്കുകയുണ്ടായി.  അദ്ദേഹത്തിന് പിറന്നാൾ നേരുമ്പോഴൊക്കെ ഞാൻ പറയാറുള്ളത് അദ്ദേഹത്തെ വളരെ സന്തോഷിപ്പിച്ചിരുന്നു.  ജന്മദിനശുഭദിന ആശംസകൾ എന്നല്ല പറയാറ്.
മറിച്ച് പ്രായം കൂടിയാലും ശിശുഹൃദയത്തിനു മാറ്റം വരുന്നില്ലെന്നാണ്.  അദ്ദേഹം  അതുകേട്ട് പൊട്ടിപ്പൊട്ടി ചിരിക്കുന്നത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്ന  പോലെ. വളരെ സൗഹൃദമനോഭാവം കാത്തുസൂക്ഷിക്കുന്ന നല്ലൊരു വ്യക്തിത്വമായിരുന്നു ശ്രീ ജോയന്റേതു.  ഒരു ശിശുഹൃദയം അദ്ദേഹത്തിൽ തുടിച്ചിരുന്നത്കൊണ്ടാകാം അദ്ദേഹം ബാലസാഹിത്യരചനയിൽ  മുഴുകിയത്. കുട്ടികളെ  നന്മയുടെ വഴിയിലൂടെ നയിച്ച് അവരെ നല്ല പൗരന്മാരാക്കുക എന്ന ആദർശം മുറുക്കെപ്പിടിച്ച് ഏകദേശം അറുപത്തിരണ്ടോളം പുസ്തകങ്ങൾ രചിച്ചു.

ഓരോ സംഭവങ്ങളും വളരെ കലാപരമായി അവതരിപ്പിക്കുന്ന സ്വഭാവവിശേഷമുണ്ടായിരുന്നു. അദ്ദേഹത്തത്തിനു   അതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് എല്ലാവരോടും അങ്ങനെ പറയാറില്ല. അത് ആസ്വദിക്കുന്നവരുടെ അടുത്താണ് അങ്ങനെയൊക്കെ സംസാരിക്കുകയെന്നു. ശ്രീ ജോയ്ൻ ന്യുയോർക്കിൽ ആദ്യമായി വന്നിറങ്ങിയപ്പോൾ ഭൂതലമാകെ മഞ്ഞുമൂടികിടക്കായിരുന്നത്രെ.  "എന്റെ വരവ് പ്രമാണിച്ച് ഭൂമിദേവി  വെൺനീരാളം പുതച്ച്സ്വാഗതം പറയുകയായിരുന്നു" എന്നാണു വിശേഷിപ്പിച്ചത്. വിശ്രമജീവിതം നയിക്കുന്ന നേഴ്‌സിങ് ഹോമിലെ മുറിയിലിരുന്ന് സംസാരിക്കുമ്പോൾ എന്നോട് പറയും "സുധീറേ ഇപ്പോൾ ഇവിടെ സൂര്യാസ്തമയ സമയമാണ്. പോക്കുവെയിൽ പരക്കുന്നു." അപ്പോൾ ഞാൻ ഓർമ്മിപ്പിക്കാറുണ്ട് ഓ എൻ വി സാറിന്റെ അനുഭവക്കുറിപ്പുകൾ "പോക്കുവെയിൽ മണ്ണിലെഴുതിയത് "എന്ന പേരിലുള്ള പുസ്തകം.  പോക്കുവെയിൽ പോലെ ശ്രീ ജോയൻ സാർ കടന്നുപോയി. ജീവിതത്തിന്റെ അലയാഴിയിൽ മുങ്ങിത്താഴ്ന്ന്  പൂർണ്ണത കൈവരിച്ചു.  ഇനി അദ്ദേഹം അവശേഷിപ്പിച്ച കാൽപ്പാടുകൾ അദ്ദേഹത്തെ ഓർമ്മപ്പിച്ചുകൊണ്ടിരിക്കും. 

വളരെ ഈശ്വരവിശ്വാസിയായ അദ്ദേഹം എപ്പോഴും തന്റെ "യേശുനാഥനിൽ" എല്ലാം അർപ്പിച്ചിരുന്നു. മാലാഖമാർ ചിറകിലേറ്റി അദ്ദേഹത്തെ യേശുനാഥന്റെ അരികിൽ എത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 

ശ്രീ ജോയന്റ് ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്,

Join WhatsApp News
teresa antony 2021-02-28 00:20:59
May his soul rest in peace. when Sudhir wrote that he spoke with him a few hours before his death, I was not surprised because he called me that morning at 8am our time and enquired about me. He probably had a premonition about his end. Besides his beautiful writings he is one of the sweetest person and always had a positive outlook on life. We will miss him. His memory will be with us always. Let us celebrate his life
ജോർജ് പുത്തൻകുരിശ് 2021-02-28 05:04:42
മരിച്ചിട്ടും ജീവിക്കുന്ന ഓർമ്മകളെ സുഹൃത്തുക്കൾക്കായി വിട്ട് ജോയൻ കുമരകം വിടവാങ്ങി. ആ രാജകുമാരന്റെ 'തേനൊലിപ്പദങ്ങളുടെ' അനർഗ്ഗള പ്രവാഹം അനുഭവിക്കാൻ അദ്ദേഹത്തിന്റ രണ്ടു പ്രഭാഷങ്ങളിലൂടെ കഴിഞ്ഞത് സന്തോഷത്തോടെ ഓർക്കുന്നു. എത്ര കഠിന ഹൃദയത്തിൻറെയും വാതായനം തുറക്കാനുള്ള മധുര പുഞ്ചിരിയുടെ താക്കോൽ അദ്ദേഹത്തിന്റ മാത്രം സ്വന്തമായിരുന്നു . ആ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്
Babu Parackel 2021-02-28 22:42:46
ജോയനെ ഞാൻ പരിചയപ്പെടുന്നത് 1984ൽ ആണ്. അദ്ദേഹത്തിന്റെ അനര്ഘളമായ പ്രസംഗ ശൈലി എന്നെ ഹഠാദാകർഷിച്ചു. പിന്നീട് ആ സൗഹൃദം വളരെ വർഷങ്ങൾ മുൻപോട്ടുപോയി. ഒരിക്കൽ ന്യൂയോർക്കിൽ വന്നപ്പോൾ എന്റെ വീട്ടിൽ വന്നു താമസിച്ചപ്പോൾ ആയിടെ പ്രസിദ്ധീകരിച്ച എന്റെ ഒരു കഥ കണ്ട് അഭിനന്ദിക്കയും തുടർന്നും എഴുതണമെന്നു പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരന്ന വായനയും ആഴമേറിയ അറിവും സാഹിത്യ നഭോമണ്ഡലത്തിൽ തിളങ്ങിനിന്ന നക്ഷത്രങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും ഒക്കെക്കൂടി അദ്ദേഹത്തിന്റെ കൂടെ സംസാരിച്ചിരിക്കുമ്പോൾ നമ്മെ വേറൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ജോയനെ പരിചയപ്പെട്ടിട്ടുള്ള ആർക്കും നിസ്സംശയം പറയാവുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം ഒരു നല്ല മനുഷ്യസ്നേഹി ആയിരുന്നു. സഭാ മേലധ്യക്ഷന്മാരുടെയും സാഹിത്യ പ്രേമികളുടെയും അടുത്ത സുഹൃത്തായിരുന്നു. ഭാഷക്ക് വളരെ സംഭാവന ചെയ്തിട്ടുള്ള ആളുമായിരുന്നെങ്കിലും അദ്ദേഹത്തിന് അർഹതപ്പെട്ട അംഗീകാരം ലഭിച്ചിട്ടില്ല. അതിനെപ്പറ്റി ചോദിക്കുമ്പോഴെല്ലാം സ്വതസിദ്ധമായ ആ പുഞ്ചിരി തന്നെയായിരുന്നു ഉത്തരം. വാർദ്ധക്യത്തിൽ അനാഥനായി തെരുവിലുപേക്ഷിക്കാതെ ഈ തേനൊലിപ്പദങ്ങളുടെ രാജകുമാരനെ ശുശ്രൂഷിക്കാൻ മനസ്സ് കാണിച്ച ശ്രീ തമ്പി ആന്റണിയോടും ഭാര്യയോടും മലയാള ഭാഷാലോകം എന്നും കടപ്പെട്ടിരിക്കും. ജോയന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക