Image

നിക്കി ഹേലി മത്സരം അവസാനിപ്പിക്കുന്നു, പ്രഖ്യാപനം ബുധനാഴ്ച രാവിലെ (പിപിഎം) 

Published on 06 March, 2024
നിക്കി ഹേലി മത്സരം അവസാനിപ്പിക്കുന്നു, പ്രഖ്യാപനം ബുധനാഴ്ച രാവിലെ (പിപിഎം) 

സൗത്ത് കരളിന മുൻ ഗവർണറും യുഎന്നിലെ മുൻ അംബാസഡറുമായ ഇന്ത്യൻ അമേരിക്കൻ നിക്കി ഹേലി മത്സരത്തിൽ നിന്നു പിന്മാറുമെന്നു യുഎസ് മാധ്യമങ്ങൾ അറിയിച്ചു. സൂപ്പർ ട്യുസ്‌ഡേ പ്രൈമറികളിൽ ഡൊണാൾഡ് ട്രംപ് കൈവരിച്ച വിജയങ്ങൾ അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കിയതോടെ ഹേലി പിന്മാറാൻ തീരുമാനം എടുക്കുകയായിരുന്നു.  ബുധനാഴ്ച രാവിലെ ചാൾസ്റ്റണിൽ അവർ പ്രഖ്യാപനം നടത്തുമെന്നാണ് അവരോടു അടുപ്പമുളള വൃത്തങ്ങൾ പറഞ്ഞത്. 
 
ഇതോടെ 2020 ആവർത്തിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപും ജോ ബൈഡനും വീണ്ടും ഏറ്റുമുട്ടും എന്ന സാധ്യത വർധിച്ചു. അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ മാത്രമേ അതിൽ മാറ്റം വരുത്തൂ. 

ജൂലൈയിൽ റിപ്പബ്ലിക്കൻ കൺവെൻഷൻ ട്രംപിനെയും (77) ഓഗസ്റ്റിൽ ഡെമോക്രാറ്റിക് കൺവെൻഷൻ ബൈഡനെയും (81)  സ്ഥാനാർഥികളായി പ്രഖ്യാപിക്കും എന്നതാണ് ഇപ്പോഴുള്ള നില. 

റിപ്പബ്ലിക്കൻ പ്രൈമറികൾ ജയിച്ച ആദ്യ വനിത എന്ന പദവി ഹേലിക്കുണ്ട്. ഡി സി യിലും വെർമെന്റിലും അവർ വിജയം കണ്ടു. 

നിരവധി കേസുകൾ നേരിടുന്ന ട്രംപിനു 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്ന വാദം റിപ്പബ്ലിക്കൻ അടിസ്ഥാന വോട്ടർമാർ സ്വീകരിച്ചില്ലെന്നു ഹേലിയുടെ വിടവാങ്ങൽ തെളിയിക്കുന്നു. പല സർവേകളിലും ബൈഡനെ തോൽപിക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥാനാർഥി ഹേലിയാണെന്നു കണ്ടിരുന്നെങ്കിലും വോട്ടർമാർ അതു കണക്കിലെടുത്തില്ല എന്നാണ് നിഗമനം. ട്രംപിന്റെ പാർട്ടിയിലെ അടിത്തറ ഭദ്രമാണ് എന്നു ചുരുക്കം. "റിപ്പബ്ലിക്കൻ പാർട്ടി ഇത്ര ഒറ്റക്കെട്ടായി നിൽക്കുന്നത് ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല" എന്നു ട്രംപ് പറയുന്നു. 

ഹേലിയുടെ പിന്മാറ്റത്തോടെ ട്രംപിനു പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കാൻ സമയം കിട്ടും. ഒട്ടേറെ ധനനഷ്ടം ഒഴിവാക്കുകയും ചെയ്യാം. 

ട്രംപ് ഡിബേറ്റുകളിൽ നിന്നു മാറി നിന്നപ്പോൾ ഹേലി വേദിയിൽ മിന്നിത്തിളങ്ങി ട്രംപ് വിരുദ്ധ പക്ഷത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. അങ്ങിനെയാണ് അവർക്കു ധനസമാഹരണവും എളുപ്പമായത്. ട്രംപ് വന്നാൽ വീണ്ടും അരാജകത്വം അമേരിക്കയെ ഗ്രസിക്കും എന്ന വാദം ഹേലി ഉയർത്തി.

Nikki Haley decides to bow out 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക