Image

പര്‍ജു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യ, സ്വയം വെടിയുതിര്‍ത്തതായി പോലീസ്

Published on 09 February, 2024
 പര്‍ജു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യ, സ്വയം വെടിയുതിര്‍ത്തതായി പോലീസ്

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം മരിച്ച പര്‍ജു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയെന്ന്  പോലീസ്. ഇന്ത്യാനയിലെ പര്‍ജു യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പിഎച്ച്ഡി വിദ്യാര്‍ഥി സമീര്‍ കാമത്തിന്റെ (23) മരണമാണ് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് വരുന്നത്. സമീറിന്റെ മരണകാരണം വെടിയേറ്റ് ശിരസിലുണ്ടായ മുറിവാണെന്നാണു പ്രാഥമിക നിഗമനം. സമീര്‍ സ്വയം ശിരസില്‍ വെടിയുതിര്‍ത്ത് മരിച്ചതാണെന്ന് അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. സമീറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക നിഗമനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്. വാറന്‍ കൗണ്ടിയില്‍ ഷിക്കാഗോയിലെ വസതിക്കു സമീപമാണ് സമീര്‍ കാമത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മാസച്യുസിറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയശേഷം 2021 ലാണ് കാമത്ത് ഇവിടെ ഡോക്ടറല്‍ പഠനത്തിനു ചേര്‍ന്നത്.

ഈ വര്‍ഷം യുഎസില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് കാമത്ത്. ഈ മാസം 4നു നടന്ന മറ്റൊരു സംഭവത്തില്‍ ഐടി വിദ്യാര്‍ഥിയായ സയീദ് മസഹീര്‍ അലി ഷിക്കാഗോയില്‍ അക്രമികളുടെ ആക്രമണത്തിനിരയായി. ചോരയൊലിക്കുന്ന മുഖവുമായി അലിയുടെ വിഡിയോകള്‍ സമൂഹമാധ്യമത്തില്‍ വന്നിരുന്നു. കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നുപോകുന്ന അലിയെ 3 പേര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വന്നിരുന്നു.

6 മാസം മുന്‍പ് ഹൈദരാബാദില്‍നിന്ന് മാസ്റ്റേഴ്‌സ് പഠനത്തിനായി എത്തിയതാണ് അലി. കഴിഞ്ഞയാഴ്ച ഒഹായോയിലെ ലിന്‍ഡ്‌നര്‍ ബിസിനസ് സ്‌കൂള്‍ വിദ്യാര്‍ഥി ശ്രേയസ് റെഡ്ഡി ബെനിഗര്‍ (19) കൊല്ലപ്പെട്ടിരുന്നു. ജനുവരി 28ന് കാണാതായ പര്‍ജു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി നീല്‍ ആചാര്യയുടെ മൃതദേഹം ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയിരുന്നു. യുഎസില്‍നിന്ന് ഈയിടെ എംബിഎ നേടിയ വിവേക് സെയ്‌നി (25) ജോര്‍ജിയ സ്റ്റേറ്റിലെ ലിത്തോണിയ നഗരത്തില്‍ ജനുവരി 16നന് തലയ്ക്കടിയേറ്റു മരിച്ചു. ഇല്ലിനോയ് സര്‍വകലാശാലാ വിദ്യാര്‍ഥി അകുല്‍ ബി.ധവാനെ (18) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇതിന് ഒരാഴ്ച മുന്‍പാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക