Image

മെക്സിക്കൻ ലഹരി സംഘ യുവരാജാവ് ലോപ്പസിനെ  വിചാരണ നേരിടാൻ യുഎസിൽ എത്തിച്ചു (പിപിഎം) 

Published on 16 September, 2023
മെക്സിക്കൻ ലഹരി സംഘ യുവരാജാവ് ലോപ്പസിനെ  വിചാരണ നേരിടാൻ യുഎസിൽ എത്തിച്ചു (പിപിഎം) 



മെക്സിക്കൻ ലഹരിമരുന്നു രാജാവായിരുന്ന ഹൊയാക്കിൻ 'എൽ ചാപ്പോ' ഗുസ്‌മാന്റെ മകൻ ഒവിഡിയോ ഗുസ്‌മാൻ ലോപ്പസിനെ ലഹരിമരുന്നു വ്യാപാര കുറ്റത്തിനു വിചാരണ നേരിടാൻ യുഎസിലേക്കു എത്തിച്ചതായി അറ്റോണി ജനറൽ മെറിക്ക് ഗാർലൻഡ് അറിയിച്ചു. 

സിനാലോവ കാർട്ടലിന്റെ നേതാവായ ലോപ്പസ് (33) വെള്ളിയാഴ്ച ഷിക്കാഗോയിൽ വിമാനമിറങ്ങി. തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കിയേക്കും. 

എൽ ചാപ്പോ ഗുസ്‌മാൻ യുഎസ് ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്. ഗുസ്മാന്റെ ഭാര്യ എമ്മാ കോറോണേൽ ഐസ്‌പ്‌റോയെ ബുധനാഴ്ച യുഎസ് ജയിലിൽ നിന്നു വിട്ടയച്ചിരുന്നു. രണ്ടു വർഷം ലഹരി കടത്തു കുറ്റത്തിന് അവർ ജയിലിൽ കിടന്നു. ഗുസ്‌മാൻ ജയിലിലായ ശേഷം ലഹരി കച്ചവടം നടത്തി വന്നത് ലോപ്പസും സഹോദരൻ ഹൊയാക്കിമും ചേർന്നാണ്.  

ജനുവരിയിൽ സിനാലോവ സംസ്ഥാനത്തെ കുളിയാക്കാനിൽ മെക്സിക്കൻ അധികൃതർ ലോപ്പസിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമത്തിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. അന്നു മുതൽ യുഎസ് അയാളെ വിചാരണയ്ക്ക് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. 

യുഎസ്-മെക്സിക്കൻ നിയമപാലകരുടെ കൂട്ടായ ശ്രമം കൊണ്ടാണ് അയാളെ വിട്ടു കിട്ടിയതെന്നു ഗാർലൻഡ് പറഞ്ഞു. ഈ പരിശ്രമങ്ങൾക്കിടയിൽ ജീവൻ ബലി കഴിക്കേണ്ടി വന്നവർക്കു അദ്ദേഹം ആദരം അർപ്പിച്ചു. 

ലോപ്പസിന്റെ അറസ്റ്റിനെ തുടർന്നു കുളിയാക്കാനിൽ അരാജകത്വം നടമാടി. ലഹരി സംഘങ്ങൾ നിയമപാലകരുമായി ഏറ്റുമുട്ടി. 19 ലഹരി സംഘ അംഗങ്ങളും 10 പോലീസുകാരും കൊല്ലപ്പെട്ടു. ആളുകൾ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നു അധികൃതർ നിർദേശിച്ചു. 

ലോപ്പസിനെ 2019 ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 'രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ' അയാളെ പ്രസിഡന്റ് ആന്ദ്രേ മാനുവൽ ഒബ്രഡോർ വിട്ടയച്ചു. അതേ തുടർന്നു ലോപ്പസ് ഒളിവിൽ പോയി. 

ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ സിനാലോവ കാർട്ടൽ ആണ് അമേരിക്കയിലേക്ക് ഏറ്റവുമധികം ലഹരി മരുന്നു കടത്തിയിട്ടുള്ളതെന്നു കരുതപ്പെടുന്നു. 33 വയസിൽ ലോപ്പസിനെ വിട്ടുകിട്ടിയത് യുഎസ് ലഹരി മരുന്നു വിരുദ്ധ പോരാട്ടത്തിനു വലിയ വീര്യമായി.

El Chapo's son extradited from Mexico to US

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക