Image

പ്രൗഡ് ബോയ്‌സ് മുൻ നേതാവ് ടാരിയോയ്ക്കു  ജനുവരി 6 കേസിൽ 22 വർഷം തടവ് (പിപിഎം)

Published on 06 September, 2023
പ്രൗഡ് ബോയ്‌സ് മുൻ നേതാവ് ടാരിയോയ്ക്കു  ജനുവരി 6 കേസിൽ 22 വർഷം തടവ് (പിപിഎം)



വലതു പക്ഷ തീവ്രവാദി സംഘടനയായ പ്രൗഡ് ബോയ്‌സിന്റെ മുൻ ദേശീയ അധ്യക്ഷൻ എൻറിക്ക് ടാരിയോയെ ജനുവരി 6 കലാപത്തിലെ പങ്കിന്റെ പേരിൽ 22 വർഷത്തെ തടവിനു ശിക്ഷിച്ചു. "രാജ്യദ്രോഹപരമായ ഗൂഢാലോചന, തിരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണുന്നതു തടയാൻ നടത്തിയ ഗൂഢാലോചന" എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. 

2020 തിരഞ്ഞെടുപ്പിൽ തോറ്റ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫലം അട്ടിമറിക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാപിറ്റോളിൽ യുഎസ് കോൺഗ്രസ് ഫലം അംഗീകരിച്ചു ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതു തടയാൻ 2021 ജനുവരി 6നു അനുയായികളെ രംഗത്തിറക്കിയത്. ക്യാപിറ്റോളിന്റെ നേരെയുള്ള ആക്രമണത്തിൽ ആയുധമേന്തിയ പ്രൗഡ് ബോയ്സ് അംഗങ്ങൾ പങ്കെടുത്തു. 

ജനുവരി 6മായി ബന്ധപ്പെട്ട നൂറു കണക്കിനു കേസുകളിൽ നൽകിയ ഏറ്റവും നീണ്ട ജയിൽ ശിക്ഷ കോടതി പ്രഖ്യാപിച്ചപ്പോൾ ടാരിയോ (39) ജഡ്‌ജിയോടു കനിവിനു യാചിച്ചു. നിയോ ഫാസിസ്റ് സംഘടനയുടെ തലപ്പത്തിരുന്നു റിപ്പബ്ലിക്കൻ പാർട്ടിക്കു പല്ലും നഖവും നൽകിയ ടാരിയോ തലകുനിച്ചാണ് കോടതിയിൽ നിന്നത്. കലാപം മൂലമുണ്ടായ വേദനയ്ക്കും ദുരിതത്തിനും മാപ്പു ചോദിച്ച ടാരിയോ ഇനി രാഷ്ട്രീയത്തിനില്ല എന്നു ഉറപ്പും നൽകി. 

യുഎസ് കോൺഗ്രസിൽ ഇലക്ടറൽ വോട്ടെണ്ണിയപ്പോൾ ബൈഡനു 306, ട്രംപിന് 232 എന്നാണു കണ്ടത്. 

ആ ഫലം അട്ടിമറിക്കാൻ ബലപ്രയോഗം നടത്തുന്നതിനുളള ഗൗരവമായ ഗൂഢാലോചനയാണ് ടാരിയോയും കൂട്ടരും നടത്തിയതെന്നു ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ തിമോത്തി കെല്ലി ചൂണ്ടിക്കാട്ടി. വഴി തെറ്റിപ്പോയ ദേശഭക്തനാണ് ടാരിയോ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സബിനോ ജോർഗി പറഞ്ഞു. 

Ex-Proud Boys leader sentenced to 22 years 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക