Image

ഹിന്ദുക്കളെ തട്ടിക്കൊണ്ടു പോകുന്നതിനെതിരെ  പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം (പിപിഎം)

Published on 04 September, 2023
ഹിന്ദുക്കളെ തട്ടിക്കൊണ്ടു പോകുന്നതിനെതിരെ  പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം (പിപിഎം)



പാക്കിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലുള്ള കഷ്‌മോർ ജില്ലയിൽ ഹിന്ദുക്കളെ തട്ടിക്കൊണ്ടു പോകുന്നതു വ്യാപകമായതിനെ തുടർന്നു ഹിന്ദു പഞ്ചായത്ത് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇൻഡസ് ഹൈവേ ഉപരോധിച്ചു 34 മണിക്കൂർ നീണ്ട സമരം നടത്തി. പഞ്ചാബിലേക്കും ബലൂചിസ്ഥാനിലേക്കുമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. 

തലസ്‌ഥാനമായ കറാച്ചിയിലും ലാർഖാന നഗരത്തിലും സമരം നടത്തി. തട്ടിക്കൊണ്ടു പോയ മുഖി ജഗദീഷ് കുമാർ, പ്രിയാ കുമാരി, സാഗർ കുമാർ, ജയദീപ് കുമാർ, ഡോക്ടർ മുനീർ നൈജ് എന്നിവരെ കണ്ടെത്താൻ പാക്കിസ്ഥാൻ പട്ടാളവും റെയ്‌ഞ്ചേഴ്സും അടിയന്തര നടപടി സ്വീകരിക്കണെമെന്നു ഹിന്ദു പഞ്ചായത്ത് ആവശ്യപ്പെട്ടു. അടുത്ത കാലത്തു മൂന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും മൂന്നു മുസ്ലിം സഹോദരന്മാർ അവരെ മതം മാറ്റി വിവാഹം കഴിക്കയും ചെയ്തു. 

വ്യാപാരികളെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം പിടിച്ചു വാങ്ങുന്നത് പതിവായിട്ടുണ്ട്. അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.  

ലാർഖാനയിലെ പ്രകടനത്തിൽ പാക്കിസ്ഥാൻ വ്യാപാരി സംഘടനാ നേതാക്കളും പങ്കെടുത്തതായി പ്രമുഖ പാക്ക് പത്രമായ 'ഡോൺ' പറഞ്ഞു. ഹിന്ദു പഞ്ചായത്ത് ചെയർമാൻ ഹരീഷ് ലാൽ ആണ് ഹിന്ദു ധരംശാലയിൽ നിന്നാരംഭിച്ച മാർച്ച് നയിച്ചത്. ലാർഖാനാ ചേംബർ ഓഫ് കോമേഴ്‌സ്-ഇൻഡസ്ട്രി നേതാക്കൾ പങ്കെടുത്തു. 

കറാച്ചിയിൽ ന്യൂനപക്ഷ അവകാശ സംഘടന നയിച്ച മാർച്ചിൽ വനിതാ സംഘടനകളും ചേർന്നു. കഷ്‌മോറിൽ നിന്നും സുക്കൂറിൽ നിന്നും പ്രകടനക്കാർ എത്തി. കാണാതായവരുടെ ചിത്രങ്ങൾ അവർ ഉയർത്തിപ്പിടിച്ചു. 

കഷ്‌മോറിലെ ജന്മിമാർ കൊള്ളക്കാർക്കു കൂട്ടുണ്ടെന്നു മനുഷ്യാവകാശ പ്രവർത്തകൻ പാസ്റ്റർ ഗസാല ഷഫീക് പറഞ്ഞു. 

 

കഷ്‌മോറിൽ സാമൂഹ്യ പ്രവർത്തകൻ നരേൻ ദാസ് ഭീൽ ഉപരോധത്തിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു: "ഹിന്ദു വ്യാപാരികളെയും കുടുംബങ്ങളെയും തട്ടിക്കൊണ്ടു പോകുന്നത് പതിവായി. അധികൃതർ ഒരു വിരൽ പോലും അനക്കിയിട്ടില്ല. കഷ്‌മോറിൽ വ്യാപാരിയുടെ മകൻ സാഗർ കുമാറിനെ തട്ടിയെടുത്തിട്ടു 20 ദിവസമായി. അധികൃതർ അനക്കമില്ല.

"സാഗറിനെ പീഡിപ്പിക്കുന്ന വീഡിയോ ഞങ്ങൾക്കു ലഭിച്ചു. ബില്യൺ കണക്കിനു രൂപയാണ് അവർ ചോദിക്കുന്നത്. നീതി ലഭിക്കാൻ ഞങ്ങൾ എവിടെ പോകും?"

"പതിറ്റാണ്ടുകളായി കഷ്‌മോറിൽ കഴിയുന്നവരാണ് ഞങ്ങൾ," ആഷിഷ് എന്ന ഹിന്ദു വ്യാപാരി പറഞ്ഞു. "വ്യാപാരം നടത്തുകയും എല്ലാവരുമായി വളരെ നല്ല ബന്ധം സൂക്ഷിക്കയും ചെയ്യുന്നു. പക്ഷെ ഞങ്ങളുടെ ഈ പ്രശ്‌നം പരിഹരിക്കാൻ ആരും തയാറായിട്ടില്ല." 

കറാച്ചിയിലെ ക്ലിഫ്‌ടണിൽ ആയിരങ്ങളാണ് ഹിന്ദു പ്രതിഷേധത്തിൽ പങ്കെടുത്തത്. "സാഗർ കുമാർ, പ്രിയാ കുമാരി, ഡോക്ടർ മുനീർ, ഏഴു വയസുള്ള ഒരാൺകുട്ടി എന്നിവർക്കു മോചനവും നീതിയും ലഭിക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം," അറിയപ്പെട്ട മനുഷ്യവകാശ പ്രവർത്തക ശീമ കിർമാണി പറഞ്ഞു. 

"മോചനദ്രവ്യം കിട്ടാൻ വേണ്ടി തട്ടിക്കൊണ്ടു പോകൽ പതിവായി. ഹൈവേകളിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുന്നു. കടകളിൽ കയറി കൊള്ളയടിക്കുന്നു. വീടുകളിലും. മോട്ടോർ സൈക്കിളുകൾ തട്ടിയെടുക്കുന്നു."

കഷ്‌മോറിൽ വ്യാപാരം നടത്തുന്ന ജിതേഷ് കുമാർ പറഞ്ഞു: "ഞങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം പിടിച്ചു പറിക്കയാണ്." 

പലരും ഇന്ത്യയിലേക്കു പോകാൻ ആലോചിക്കുന്നുണ്ടെന്നു സുമീത് റാത്തോർ എന്ന മറ്റൊരു വ്യാപാരി പറഞ്ഞു.  

കൊള്ളക്കാർക്കു എതിരെ ജാക്കോബാബാദ്, ശികർപൂർ മേഖലകളിൽ നടപടിക്ക് ഒരുങ്ങുന്നുണ്ടെന്ന ആഭ്യന്തര മന്ത്രി ഹാരിസ് നവാസിന്റെ പ്രസ്താവനയിൽ കഴമ്പില്ലെന്നും ഹിന്ദുക്കൾ പറയുന്നു. 

Hindus in Pakistan rise against abductions  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക