Image

പുതുപ്പള്ളി നാളെ ജനവിധിയെഴുതും, എട്ടാം തീയതി വിജയപ്പെരുന്നാള്‍... (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 04 September, 2023
പുതുപ്പള്ളി നാളെ ജനവിധിയെഴുതും, എട്ടാം തീയതി വിജയപ്പെരുന്നാള്‍... (എ.എസ് ശ്രീകുമാര്‍)

ഓണക്കാലത്തെ അതിശക്തമായ വേനലിന് ശമനമയി കോട്ടയത്തും ഇന്നലെ മഴ കനത്തുവെങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ ചൂട് പാമ്പാടിയില്‍ അതിശക്തമായിരുന്നു. ആവേശം ഉച്ചസ്ഥായിയിലാക്കി വിവിധ മുന്നണികളുടെ പ്രവര്‍ത്തകര്‍ കെ.കെ റോഡില്‍ കൊടികളുയര്‍ത്തി ആശയംകൊണ്ട് കൊമ്പുകോര്‍ത്തു...മുദ്രാവാക്യങ്ങളവിടെ  മുഖരിതമായി...പോരാട്ടം തീപാറി...

ഇന്ന് നിശബ്ദ പ്രചാരണവും കഴിഞ്ഞ് നാളെ (സെപ്റ്റംബര്‍ 5) രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങള്‍ പോളിങ് ബൂത്തുകളില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. 53 വര്‍ഷം പുതുപ്പള്ളിയുടെ ജീവനും സ്വത്തും ശബ്ദവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന് എട്ടാം തീയതി നടക്കുന്ന വോട്ടെണ്ണലോടെ നിശ്ചയിക്കപ്പെടും...അതൊരു ചരിത്ര നിമിഷമായിരിക്കും.

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പ്രചാരണത്തിനായി മുന്നണികള്‍ക്ക് ഒരു മാസം പോലും തികച്ചുണ്ടായിരുന്നില്ല. മസില്‍ പവറുള്ള ഒരു നൂറു മീറ്റര്‍ ഓട്ടത്തിന്റെ പ്രകാശവേഗതയിലായിരുന്നു മുന്നണികളുടെ പ്രചാരണ പരിപാടികള്‍. രാത്രികളും അവര്‍ പകലുകളാക്കി തന്ത്രങ്ങള്‍ മെനഞ്ഞു.

ഭവന സന്ദര്‍ശനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടായിരുന്നു ഏവരുടെയും പ്രവര്‍ത്തനങ്ങള്‍. അവസാന ലാപ്പു വരെ നിര്‍ത്താതെ ഓടിയ മുന്നണി പ്രവര്‍ത്തകര്‍ തങ്ങളുടെ ഹിതം ജനമനസ്സുകളില്‍ സമര്‍പ്പിച്ച് പോയിരിക്കുന്നു. നാളത്തെ വിധിയെഴുത്തും കൂടി കഴിഞ്ഞാല്‍ എട്ടാം തീയതി വരെ നെഞ്ചിടിപ്പിക്കുന്ന സസ്പെന്‍സാണ്.

പുതുപ്പള്ളി പള്ളിയില്‍ മനമുരുകി പ്രാര്‍ത്ഥിച്ച ശേഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ അവസാന വട്ട പ്രചാരണത്തിനിറങ്ങിയത്. പാമ്പാടിയിലെ റോഡ് ഷോയിലായിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. ബി.ജെ.പി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ പുതുപ്പള്ളിയിലെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. എന്തായാലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയ ചരിത്ര പുസ്തകത്തിലെ പുതിയൊരു അദ്ധ്യായമായിരിക്കും.

1970 മുതല്‍ പുതുപ്പള്ളിയെ നെഞ്ചോടു ചേര്‍ക്കുകയും പുതുപ്പള്ളിക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരായാലും അവരും ചരിത്രപുസ്തകത്തിന്റെ സുപ്രധാന താളില്‍ ഇടം പിടിക്കും. ജെയ്ക് സി തോമസിനും ഉണ്ട് പ്രത്യേകതകള്‍. രണ്ടു തവണ അച്ഛനോട് മത്സരിച്ച് പരാജയപ്പെട്ട് മൂന്നാം വട്ടം അദ്ദേഹത്തിന്റെ മകനെതിരെ ഗോദയില്‍ ഇറങ്ങുന്ന സ്ഥാനാര്‍ഥി എന്ന അപൂര്‍വതയാണ് ജെയ്ക് സി തോമസിന് അവകാശപ്പെടാനുള്ളത്.

ജെയ്ക് വിജയിച്ചാല്‍ അത് കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണത്തെ മറികടക്കാന്‍ ഇടതു മുന്നണിക്കും സി.പി.എമ്മിനും സാധിക്കും. അതുകൊണ്ടു തന്നെ വിജയത്തില്‍ കുറച്ചൊന്നും അവര്‍ക്ക് സ്വപ്നം കാണാനാവില്ല. അതേ സമയം പിതാവിന്റെ തേരോട്ടം തുടരാനായില്ലെങ്കില്‍ ചാണ്ടി ഉമ്മനും അത് പറഞ്ഞറിയിക്കാനാവാത്ത രാഷ്ട്രീയ ക്ഷീണമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അക്കൗണ്ടില്‍ നിന്ന് ഒരു വോട്ട് പോലും കുറഞ്ഞ് പോയാല്‍, മോദി പ്രഭാവത്തില്‍ വിലസുന്ന ബി.ജെ.പിക്കും എന്‍.ഡി.എക്കും കനത്ത തിരിച്ചടി ആവുകയും ചെയ്യും.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ പങ്കുവച്ചു കൊണ്ടു തന്നെയാണ് ചാണ്ടി ഉമ്മന്‍ വോട്ടു തേടിയത്. ഉമ്മന്‍ ചാണ്ടി എന്ന വികാരം വോട്ടാക്കി മാറ്റാന്‍ ചാണ്ടി ഉമ്മന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് മണ്ഡലത്തില്‍ ഉടനീളം സഞ്ചരിച്ചു. പ്രചാരണത്തിന് രാഹുല്‍ ഗാന്ധി എത്തിയില്ലെങ്കിലും എല്ലാ കാര്യത്തിനും അദ്ദേഹത്തിന്റെ മേല്‍നോട്ടം ഉണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ ആത്മസുഹൃത്തായ എ.കെ ആന്റണി ഉള്‍പ്പെടെയുള്ള സമുന്നത നേതാക്കള്‍ പ്രചാരണം കൊഴുപ്പിച്ചു.

പിണറായി സര്‍ക്കാരിന്റെ വികസന അജണ്ടയില്‍ ഊന്നിക്കൊണ്ടുള്ള പ്രചാരണ പരിപാടി ആയിരുന്നു ജെയ്ക് സി തോമസിന്റേത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു വട്ടം പുതുപ്പള്ളിയിലെത്തി ആവേശം വിതച്ചു. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും സജീവ സാന്നിധ്യം മണ്ഡലത്തില്‍ ഉണ്ടായിരുന്നു. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടത്തിയ സൈബര്‍ ആക്രമണം തിരിച്ചടി ആയപ്പോള്‍ ജെയ്കിന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ സോഷ്യല്‍ മീഡിയ അറ്റാക്ക് മറുഭാഗത്തെയും പൊള്ളിച്ചു.

ദേശീയ നേതാക്കളെ അണിനിരത്തിക്കൊണ്ടായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്റെ വോട്ടഭ്യര്‍ത്ഥനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദ്ദേശം എന്‍.ഡി.എ-ബി.ജെ.പി അണികള്‍ക്ക് ലഭിക്കുകയുണ്ടായി. ചാണ്ടി ഉമ്മനു വേണ്ടി എ.കെ ആന്റണി എത്തിയപ്പോള്‍ ലിജിന്‍ ലാലിനായി അദ്ദേഹത്തിന്റെ മകനും ബി.ജെ.പി ദേശീയ വക്താവുമായ അനില്‍ ആന്റണി പ്രചാരണം നടത്തിയത് കൗതുകമായി.

***
നിലവില്‍ പുതുപ്പള്ളി മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍: 1,76,417
സ്ത്രീകള്‍: 90,281
പുരുഷന്‍മാര്‍: 86,132
ട്രാന്‍സ് ജെന്‍ഡര്‍: 4
***
2021ല്‍ പുതുപ്പള്ളിയില്‍ 1,75,959 വോട്ടര്‍മാരുണ്ടായിരുന്നു. 1,31,797 വോട്ടുകളാണ് പോള്‍ ചെയ്തത്.

അന്നത്തെ വോട്ടു നില

ഉമ്മന്‍ ചാണ്ടി (യു.ഡി.എഫ്): 63,372
ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്): 54,328
എന്‍. ഹരി (എന്‍.ഡി.എ): 11,694      
ജോര്‍ജ് ജോസഫ് വാതപ്പള്ളി (സ്വതന്ത്രന്‍): 997
അഭിലാഷ് പി.പി. (ബി.എസ്.പി): 763
എം.വി ചെറിയാന്‍ (എസ്.യു.സി.ഐ): 146
നോട്ട: 497

ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം: 90,44

***
പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എട്ടു നോമ്പാചരണത്തിന്റെ സമാപന ദിവസമായ (മണര്‍കാട് പള്ളി പെരുന്നാള്‍) സെപ്റ്റംബര്‍ എട്ടാം തീയതിയാണ് കേരള രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഉണ്ടാവുക. വോട്ടെണ്ണി തീരുമ്പോള്‍, ഫലം പ്രഖ്യാപിച്ചു കഴിയുമ്പോള്‍ ആര്‍ക്കാണ് വിജയപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ കഴിയുക എന്ന് കാത്തിരുന്നേ കാണാനാവൂ. അതിനിനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക