Image

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മയക്കുവെടി വിദഗ്ധൻ എച്ച് എച്ച് വെങ്കിടേഷ്  അന്തരിച്ചു

(ദുർഗ മനോജ് ) Published on 04 September, 2023
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മയക്കുവെടി വിദഗ്ധൻ എച്ച് എച്ച് വെങ്കിടേഷ്  അന്തരിച്ചു

പി.ടി സെവൻ, അരിക്കൊമ്പൻ തുടങ്ങിയ ആനകളുടെ ജനവാസ കേന്ദ്രത്തിലേക്കുള്ള അതിക്രമിച്ചു കയറ്റത്തോടെയാണ് അവയെ മയക്കുവെടി വെയ്ക്കുന്നതുമായ വാർത്തകൾ നിത്യേനയെന്നോണം നമ്മൾ കേട്ടു തുടങ്ങിയത്. പലപ്പോഴും അത്തരം ഒരു ജോലിയിലെ അപകട സാധ്യതയെക്കുറിച്ച് നാം ബോധവാന്മാർ ആയിരുന്നതുമില്ല. വളരെ അനായാസമായാണ് ആ വലിയ വന്യജീവിയെ പിടികൂടാൻ എന്നൊരു ധാരണയും പൊതുവേ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന വാർത്ത, ഈ ജോലി എത്രമാത്രം സാഹസികവും അപകടം നിറഞ്ഞതുമാണെന്നു കാട്ടിത്തരുന്നു. കർണാടക ഹള്ളിയൂരിനു സമീപം കാട്ടാനയുടെ ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ മയക്കുവെടി വിദഗ്ധൻ ഒടുവിൽ മരണത്തിനു കീഴടങ്ങി.
അമ്പതിലധികം ആനകളെ കീഴടക്കി ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട് വെങ്കിടേഷ്.

പരിക്കേറ്റ് ഗ്രാമത്തിൻ്റെ അതിർത്തിയിൽ അലഞ്ഞു നടന്ന ഭീമ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാൻ വിളിച്ചു വരുത്തിയതായിരുന്നു എച്ച് എച്ച് വെങ്കിടേഷിനെ. ആനെ വെങ്കിടേഷ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വനത്തിനുള്ളിൽ മറ്റൊരു ആനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീമയ്ക്കു പരിക്കേറ്റത്.


കാപ്പിത്തോട്ടത്തിലേക്കു കയറിയ ആനയെ മയക്കുവെടിവെച്ചുവെങ്കിലും വെടിയേറ്റു പരിഭ്രാന്തിയിലായ ആന വെങ്കിടേഷിനു നേരെ പാഞ്ഞുചെല്ലുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വെങ്കിടേഷ് ഒരു കുഴിയിൽ വീഴുകയും ആനയുടെ ചവിട്ടേൽക്കുകയുമായിരുന്നു. ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വെച്ച് ആനയെ ഓടിച്ച ശേഷമാണ് വെങ്കിടേഷിനെ ആശുപത്രിയിലേക്കു മാറ്റിയത്. നെഞ്ചിലും തലയിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിൽ ഇരിക്കേയാണ് മരണമടഞ്ഞത്.
മുൻ വനം വകുപ്പ് ഗാർഡ് ആയി ജോലി ചെയ്തിരുന്ന വെങ്കിടേഷ് വിരമിച്ച ശേഷമാണ് എലിഫൻ്റ് ടാസ്ക് ഫോഴ്സിൻ്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
15 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കർണാടക സർക്കാർ വെങ്കിടേഷിൻ്റെ കുടുംബത്തിനു കൈമാറി. 

കാട്ടുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പ്രശ്നങ്ങൾ പുതിയതല്ല. എന്നാൽ മാറിയ കാലഘട്ടത്തിനനുസരിച്ച് വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള മാർഗങ്ങളും പുതുക്കേണ്ട ആവശ്യകത പ്രധാനമാണ്. അവിടെ രാഷ്ട്രീയവും, സാമ്പത്തിക പ്രശ്നങ്ങളും കൊണ്ട് ജനങ്ങൾക്കു സുരക്ഷയൊരുക്കാൻ വേണ്ടി പ്രയത്നിക്കുന്ന മനുഷ്യരുടെ ജീവൻ പ്രധാനമാണെന്ന ചിന്ത സർക്കാരിന് ഉണ്ടാകേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക