Image

അടിയൊഴുക്കുകള്‍ നിര്‍ണായകമാകുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് (എ.എസ് ശ്രീകുമാര്‍)

Published on 03 September, 2023
അടിയൊഴുക്കുകള്‍ നിര്‍ണായകമാകുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് (എ.എസ് ശ്രീകുമാര്‍)

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആരവങ്ങള്‍ പാമ്പാടിയില്‍ മാറ്റൊലി കൊള്ളുന്നു. വിവിധ മുന്നണികളും പാര്‍ട്ടികളും കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തി വരുന്ന പല രീതിയിലുള്ള പ്രചാരണ പരിപാടികളുടെ അവസാനം പാമ്പാടിയില്‍ പടക്കംപൊട്ടിച്ച് കുറിക്കുമ്പോള്‍ അവസാന ലാപ്പില്‍ ഉണ്ടായേക്കാവുന്ന അടിയൊഴുക്കുകള്‍ നിര്‍ണായകമാവുകയാണ്.

ഇതിലേറ്റവും പ്രധാനം ചില സൈബര്‍ അറ്റാക്കുകളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യയും ഗര്‍ഭിണിയുമായ ഗീതു തോമസിനെ പ്രചാരണത്തിനിറക്കി വോട്ടു നേടാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം മണ്ഡലത്തിലാകെ ഉയര്‍ന്നിരുന്നു. ഗീതു തോമസ് വോട്ട് അഭ്യര്‍ഥിക്കുവാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്തായിരുന്നു സൈബര്‍ ആക്രമണം.

''എന്തെങ്കിലും തരണേ...'' എന്ന വിധത്തില്‍ വോട്ട് യാചിക്കുന്ന വിധമാണ് ഗീതുവിന്റെ വീഡിയോയ്‌ക്കൊപ്പമുള്ള ശബ്ദം. ''ഗര്‍ഭിണി എന്ന് അവകാശപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ പ്രചാരണത്തിനിറക്കി സഹതാപം ഉണ്ടാക്കുന്നത് പുതുപ്പള്ളിയില്‍ ചെലവാകില്ല ജെയ്ക് മോനെ...'' എന്ന താക്കീതും ഉണ്ട്.

സ്ത്രീകള്‍ക്കെതിരായുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം വ്യക്തിഹത്യകള്‍ ഒരിക്കലും അംഗീകരിക്കപ്പെടാനാകില്ല. പുതുപ്പള്ളിയിലെ സ്ത്രീകളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള സൈബര്‍ അറ്റാക്കായി ഇത് മാറിയിട്ടുണ്ട്. ഫാന്റം പൈലി എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ പോസ്റ്റ്.

ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവവും ഉണ്ടായി. ഐ.എച്ച്.ആര്‍.ഡി ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ ആണ് ആരോപണവിധേയന്‍. ഇയാളുടെ പുനര്‍നിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. സൈബര്‍ അറ്റാക്കിന്റെ മറ്റൊരു പതിപ്പാണ് ഇതും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ പരിഹസിച്ചും സൈബര്‍ ഇടങ്ങളില്‍ വലിയ പ്രചാര വേലകള്‍ നടന്നുവെന്നതും ശ്രദ്ധേയമാണ്.

ഒരു തിരഞ്ഞെടുപ്പില്‍ തികച്ചും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ജനകീയ കോടതിയെ സമീപിക്കേണ്ടവര്‍, അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരുമായിക്കൊള്ളട്ടെ, അവരൊക്കെ ഇത്തരത്തില്‍ ജീര്‍ണതയുടെ വക്താക്കളായി അധപ്പതിക്കുന്നത് നമ്മളുയര്‍ത്തി പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് ബലക്ഷയമുണ്ടാക്കും.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ നിശ്ചയിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനും അത്യാവശ്യം രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവുമുള്ള ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയായത് സ്വാഭാവികം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടനുബന്ധിച്ചുള്ള ദിനങ്ങളില്‍ രൂപപ്പെട്ട ഒരു സഹതാപ തരംഗത്തിന്റെ ആനുകൂല്യം ഇപ്പോള്‍ യു.ഡി.എഫിന് അവകാശപ്പെടാനാകില്ലെന്നാണ് പുതുപ്പള്ളിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ആ ഒരു തരംഗം ഒട്ടും ദുര്‍ബലമാകാതെ നിലനിന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തീര്‍ച്ചയായും 50,000ത്തിന് മുകളിലാകും.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടം, അവിടുത്തെ മണ്‍മറഞ്ഞ ആത്മീയചാര്യന്മാരുടെ അന്ത്യവിശ്രമസ്ഥലത്തിന് തൊട്ടടുത്താക്കിയതും, ഈ പള്ളി പരിസരം ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിന്റെ പേരില്‍ മാത്രം തീര്‍ത്ഥാടന കേന്ദ്രമാക്കിയതും അദ്ദേഹത്തെ വിശുദ്ധനാക്കി പ്രഖ്യാപിക്കാനുള്ള ചില ബോധപൂര്‍വമായ നീക്കങ്ങളും പല വിശ്വാസികളിലും കടുത്ത നീരസം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഉമ്മന്‍ ചാണ്ടി പകരം വയ്ക്കാനാകാത്ത നേതാവ് തന്നെയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയ ലാഭത്തിനായി കച്ചവടം ചെയ്യപ്പെടുന്നതിനോട് ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ പലര്‍ക്കും താത്പര്യമില്ല.

യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വിജയം ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം സംബന്ധിച്ച ചില ആശങ്കകള്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസിന്റെ ഭാവി വാഗ്ദാനമാണ്. അദ്ദേഹം യുവാവുമാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ അസൂയാവഹമായ സ്ഥാനങ്ങള്‍ ഭാവിയില്‍ വഹിക്കാന്‍ പ്രാപ്തനുമാണദ്ദേഹം. അഖിലേന്ത്യാ തലത്തിലും അറിയപ്പെടുന്ന പാര്‍ട്ടി വ്യക്തിത്വം തന്നെ. കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ച് നിലവിലുള്ള മുതിര്‍ന്ന സ്ഥാനമോഹികള്‍ ഇത്തരത്തില്‍ വളര്‍ന്നു വരുന്ന യുവ വ്യക്തിത്വങ്ങളെ പരമാവധി അടിച്ചമര്‍ത്താറാണ് പതിവ്.

ആ നിലയ്ക്ക് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനി കൂടിയായ ചാണ്ടി ഉമ്മന്റെ വ്യക്തിപ്രഭാവത്തിന് മങ്ങലേല്‍പ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. അതുപോലെ തന്നെ ഭൂരിപക്ഷം എത്രയായാലും ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

പാര്‍ട്ടിയിലെ താപ്പാനകളോട് പടവെട്ടി നില്‍ക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കനത്ത, കടുത്ത വെല്ലുവിളിയാണ്. വിജയിച്ചാല്‍ വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദത്തിലായിരിക്കും ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തുക. തുടക്കക്കാരനാണെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ മകനില്‍ നിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം പ്രതീക്ഷിക്കുന്നവരാണേവരും. ഏതെങ്കിലും തരത്തില്‍ ചെറിയൊരു പിഴവ് പറ്റിയാല്‍ പോലും അത് ചാണ്ടി ഉമ്മനെതിരെ പ്രയോഗിക്കുവാനുള്ള ബ്രഹ്‌മാസ്ത്രമായി തൊടുക്കപ്പെടുകതന്നെ ചെയ്യും.

പുതുപ്പള്ളി മണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ക്ക് ഏറെ മുന്‍തൂക്കമുണ്ട്. എന്‍.എസ്.എസ്, മാര്‍ത്തോമാ, കത്തോലിക്ക, ക്‌നാനായ, സി.എസ്.ഐ, പെന്തക്കോസ്ത്, മുസ്ലീം സംഘടനകളുടെയൊക്കെ  സാന്നിധ്യവുമുണ്ടവിടെ. പെന്തക്കോസ്തു സഭയ്ക്ക് ഏകദേശം 16,000ത്തോളം വോട്ടുകളുള്ള മണ്ഡലമാണ് പുതുപ്പള്ളി.

ഇവിടെയൊരു വിപുലമായ പെന്തക്കോസ്ത് സഭാസ്ഥാനം രൂപീകരിക്കുവാനും അവരുടെ ഇടയില്‍ ഉള്ള പ്രശ്‌നങ്ങള്‍ അനുതാപപൂര്‍വം പരിഗണിച്ച് പരിഹരിക്കാനും നല്‍കിയിട്ടുള്ള ഉറപ്പ് ഇതുവരെ പാലിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. പെന്തക്കോസ്തുകാരുടെ വോട്ടു ബാങ്ക് സുശക്തമാണ്. മുന്‍ കാലങ്ങളില്‍ അവര്‍ ഐക്യജനാധിപത്യ മുന്നണിയോട് അനുകൂലമായ സമീപനമാണ് പുലര്‍ത്തിയിരുന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കപ്പെട്ടതുകൊണ്ട് ഇക്കുറി അവരുടെ ഭൂരിപക്ഷം വോട്ടുകളും ഇടതുപക്ഷത്തിന്റെ പെട്ടിയില്‍ വീണേക്കാമെന്ന് പെന്തക്കോസ്തു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, വിശ്വകര്‍മജര്‍ തുടങ്ങിയ നിരവധി ഹിന്ദു സംഘടനകളുടെ വോട്ട് എങ്ങോട്ട് പോകും എന്നത് സംബന്ധിച്ചിട്ടുള്ള കൃത്യമായ വിവരങ്ങള്‍ ഇല്ല. മറ്റൊരു കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ പ്രകടനം ഇക്കുറി ആവര്‍ത്തിക്കപ്പെടില്ല എന്നുള്ളതാണ്. അങ്ങിനെയെങ്കില്‍ ബി.ജെ.പിയുടെ നല്ലൊരു ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടേക്കാം.

ചാണ്ടി ഉമ്മന്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സാരഥി യാക്കോബായക്കാരനുമാണ്. ഇരുവര്‍ക്കും അവരവരുടെതായ സഭാ വോട്ടുകളുടെ കാരുണ്യമുണ്ടാവും. ഏതായാലും കൃത്യമായ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ വെളിച്ചത്തില്‍ മാത്രമായിരിക്കില്ല പുതുപ്പള്ളിയിലെ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. അവിടെ വ്യക്തിപരമായും മതപരമായും ഉള്ള സങ്കുചിത താത്പര്യത്തിന്റെയും പ്രതിഷേധത്തിന്റെയുമൊക്കെ അടിയൊഴുക്കുകള്‍ ഉണ്ടാവുക തന്നെ ചെയ്യും.

കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ചില വോട്ടര്‍മാരോട്, ''പുതുപ്പള്ളിയില്‍ ആര് ജയിക്കും..?'' എന്ന് ചോദിച്ചപ്പോള്‍ അവരൊക്കെ ഒരേ സ്വരത്തില്‍ തിരിച്ച് ചോദിച്ചത്... ''ആഗ്രഹം പറയണോ, അതോ സത്യം പറയണോ..?'' എന്നാണ്. ഇതില്‍ നിന്നും പുതുപ്പള്ളിയുടെ പൊതു മനസ്സ് വായിച്ചെടുക്കാം. ഇതൊക്കെയാണെങ്കിലും പുതുപ്പള്ളിയില്‍ ഏത് തരം അത്ഭുതം സംഭവിച്ചാലും അതൊന്നും അത്ഭുതമാവില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക