Image

നാളെ കൊട്ടിക്കലാശം; ലാസ്റ്റ് ലാപ്പില്‍ കളംകൊഴുപ്പിക്കാന്‍ മുന്നണികള്‍ (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 02 September, 2023
 നാളെ കൊട്ടിക്കലാശം; ലാസ്റ്റ് ലാപ്പില്‍ കളംകൊഴുപ്പിക്കാന്‍ മുന്നണികള്‍ (എ.എസ് ശ്രീകുമാര്‍)

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സമ്മദതിദായകര്‍ പോളിങ് ബുത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ അതായത് സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് കൊട്ടിക്കലാശം. അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. മുന്നണികളുടെ കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. അവസാനവട്ടം കളം കൊഴുപ്പിക്കാന്‍ മുന്നണികള്‍ കച്ച കെട്ടിക്കഴിഞ്ഞു. ഓരോ വോട്ടും യന്ത്രത്തിലാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണിയും പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ അത് ഇരുവരും തമ്മിലുള്ള വാക്പോരിന് സാഹചര്യമൊരുക്കി. വികസനം പറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചും പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും പിണറായി വിജയന്‍ പ്രസംഗിച്ചു. മൂന്നു ദിവസമായിട്ടാണ് അദ്ദേഹം പര്യടനം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് ലൈഫ് മിഷന്‍, കെ-ഫോണ്‍, ദേശീയപാതാ വികസനം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസ മേഖല, ശബരിമല വിമാനത്താവണം, വാട്ടര്‍ മെട്രോ തുടങ്ങിയവയെല്ലാം എണ്ണിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനായി വോട്ട് അഭ്യര്‍ത്ഥച്ചത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി പറഞ്ഞു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കണ്ട് ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടിവിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചില്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരിക്കലും മാപ്പു കൊടുക്കരുത്. അവരുടെ സ്ഥാനാര്‍ഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്‍കാനെന്ന് അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിന്റെ ഈ അവസാന ഘട്ടത്തില്‍ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ഒരിക്കല്‍ക്കൂടി പരിശോധിക്കാം. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയക്കൊടി പാറിച്ച വ്യക്തി ഉമ്മന്‍ ചാണ്ടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉമ്മന്‍ ചാണ്ടിയല്ലാതെ പുതുപ്പള്ളിയില്‍ നിന്നും വിജയിച്ച് നിയമസഭയിലേക്ക് എത്തിയത് കോണ്‍ഗ്രസ് നേതാവ് പി.സി ചെറിയാന്‍, സി.പി.എമ്മിന്റെ ഇ.എം ജോര്‍ജ് എന്നീ രണ്ട് പേര്‍ മാത്രമാണ്.

1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ പി.സി ചെറിയാനായിരുന്നു പുതുപ്പള്ളിയിലെ വിജയി. 1960 ലും അദ്ദേഹം വിജയിച്ചു. 967 ല്‍ സ്വാതന്ത്ര്യ സമര നേതാവ് കൂടിയായിരുന്ന ഇ.എം ജോര്‍ജിലൂടെ മണ്ഡലം ആദ്യമായി സി.പി.എം പിടിച്ചെടുത്തു. 1965 ലെ തിരഞ്ഞെടുപ്പിലും ഇ.എം ജോര്‍ജ് പുതുപ്പള്ളിയില്‍ നിന്നും വിജയിച്ചിരുന്നെങ്കിലും നിയമസഭ പിരിച്ച് വിവിടുകയായിരുന്നു.

1970 ലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ കന്നിഅങ്കത്തിനിറങ്ങുന്നത്.  ഇ.എം ജോര്‍ജിനെ മലര്‍ത്തിയടിച്ച് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് എത്തി. പിന്നീട് ഉമ്മന്‍ ചാണ്ടിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 1975 സെപ്റ്റംബറില്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് 1977 മാര്‍ച്ച് 19 നാണ് നടന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമൂഴം. ജനതാ പാര്‍ട്ടിയിലെ പി.സി ചെറിയാന്‍ എതിര്‍ സ്ഥാനാര്‍ഥി. 15,910 വോട്ടിനായിരുന്നു ജയം.

1980 ലേക്ക് എത്തിയപ്പോള്‍ ഇത്തവണ ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താനായി ഇടതുപക്ഷം സ്വതന്ത്ര വേഷത്തില്‍ ഇറക്കിയത് എം.ആര്‍.ജി പണിക്കരെയായിരുന്നു. പക്ഷെ മുന്നാം വിജയവുമായി ഉമ്മന്‍ചാണ്ടി ഹാട്രിക് അടിച്ചപ്പോള്‍ ഭൂരിപക്ഷം 13659.  1982ല്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി തോമസ് രാജനെതിരെ 15,983 വോട്ടിനു ഉമ്മന്‍ ചാണ്ടിക്ക് ജയം. 1987ല്‍ ഉമ്മന്‍ ചാണ്ടി സി.പി.എമ്മിലെ വി.എന്‍ വാസവനെതിരെ 9,164 വോട്ടിനു ജയിച്ചു.

91 ലും വാസവന്‍ തന്നെ എതിരാളി, വീണ്ടും തോല്‍വി, ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 13811. 96 ല്‍ സി പി എമ്മില്‍ നിന്നും സ്ഥനാര്‍ത്ഥിയായി എത്തിയത് റജി സക്കറിയ. ശക്തമായ മത്സരമായിരുന്നെങ്കിലും 10155 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു കയറി.

2001 ല്‍ ഉമ്മന്‍ ചാണ്ടിയോട് തോല്‍ക്കാനുണ്ടായ നിയോഗം മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ചെറിയാന്‍ ഫിലിപ്പിനായിരുന്നു. ഭൂരിപക്ഷം 12575 വോട്ട്. 2006 ല്‍ 19863 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിജയം. എസ്.എഫ്.ഐ നേതാവായിരുന്ന സിന്ധു ജോയി ആയിരുന്നു എതിരാളി.

ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്നത് 2011 ലായിരുന്നു. സി.പി.എം സ്ഥാനാര്‍ത്ഥി സുജ സൂസന്‍ ജോര്‍ജിനെതിരെ 33,225 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പത്തരമാറ്റ് വിജയം. 2016 ലാണ് പുതുപ്പള്ളിക്കാരന്‍ കൂടിയായ ജെയ്ക്ക് സി തോമസ് ഉമ്മന്‍ ചാണ്ടിയുടെ എതിരാളിയായി ആദ്യമായി എത്തുന്നത്.

കന്നിയങ്കത്തില്‍ 27092 വോട്ടിന്റെ പരാജയമായിരുന്നു ജെയ്ക്ക് സി തോമസിന് ഇടത് തരംഗത്തിലും നേരിടേണ്ടി വന്നത്. എന്നാല്‍ 2021 ലേക്ക് എത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ തന്നെ ജെയ്ക്കിന് സാധിച്ചു. 9,044 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു പുതുപ്പള്ളിയിലെ അവസാന അങ്കത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് വിജയിക്കാന്‍ സാധിച്ചത്.

അതേസമയം, ഈ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ ഉപകരിക്കുന്ന പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. വോട്ടെടുപ്പ് ദിനത്തിലും തലേ ദിവസവും പോളിങ് ഉദ്യോഗസ്ഥരില്‍ നിന്നും പ്രധാന വിവരങ്ങള്‍ ഈ ആപ്പ് മുഖേന സ്വീകരിക്കും.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളുമായി വോട്ടെടുപ്പിന്റെ തലേന്ന് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുന്നതു മുതല്‍ വോട്ടെടുപ്പ് അവസാനിച്ച് തിരികെ സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നതു വരെയുള്ള വിവരങ്ങള്‍ തത്സമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനാണ് ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.

മണ്ഡലത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.  അഞ്ച് ഡി.വൈ.എസ്.പിമാര്‍, ഏഴ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കേന്ദ്രസേനയിലെയും, സായുധ സേനയിലെയും ഉദ്യോഗസ്ഥരെയും സുരക്ഷാസംഘത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ പുതുപ്പള്ളിയും പരിസരങ്ങളും കേന്ദ്രീകരിച്ച് പരിശോധനയ്ക്കായി പ്രത്യേകം പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

രാത്രികാല പട്രോളിങ് കൂടാതെ മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധനയും ശക്തമാക്കി. ജില്ലാ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തിവരുന്നു. അനധികൃത മദ്യവില്പനയും മറ്റും തടയുന്നതിനായി പ്രത്യേകം മഫ്തി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ഡ്യൂട്ടികളെ കുറിച്ച് പ്രത്യേക പരിശീലനവും നേരത്തെ നല്‍കിക്കഴിഞ്ഞതായും എസ്.പി പറഞ്ഞു.

പുതുപ്പള്ളി വോട്ടെടുപ്പ് ദിവസം എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. അഞ്ചാം തായതി രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതാണ് വിലക്കിയത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സര്‍വേയോ പ്രദര്‍ശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക