Image

യുഎസ് സെനറ്റ് നഴ്‌സിംഗ് ഹോം ആയെന്നു  നിക്കി ഹെയ്‌ലി; വൃദ്ധന്മാർ വിരമിക്കണം 

Published on 02 September, 2023
യുഎസ് സെനറ്റ് നഴ്‌സിംഗ് ഹോം ആയെന്നു   നിക്കി ഹെയ്‌ലി; വൃദ്ധന്മാർ വിരമിക്കണം 

 

 

യുഎസ് സെനറ്റ് രാജ്യത്തെ ഏറ്റവും  പ്രത്യേക അവകാശങ്ങൾ ഉള്ളവരുടെ  നഴ്‌സിംഗ് ഹോം ആണെന്നു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ നിക്കി ഹെയ്‌ലി തുറന്നടിച്ചു. സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച് മക്കോണൽ പ്രസംഗിച്ചു നിൽക്കേ സ്തംഭിച്ചതു പരാമർശിച്ചാണ് ഹെയ്‌ലി അതു പറഞ്ഞത്. 

മക്കോണലിന്റെ രോഗാവസ്ഥ ദുഃഖകരമാണെന്നു അവർ പറഞ്ഞു. പ്രസിഡന്റ് ബൈഡനെക്കാൾ ഒരു വയസു മൂത്ത മക്കോണൽ (81) കഴിഞ്ഞയാഴ്ച രണ്ടാം തവണയാണ് പൊതു പരിപാടിക്കിടെ നിശ്ചലനായി പോയത്. 

ഏറ്റവുമധികം കാലം സെനറ്റിൽ അംഗമായിരുന്ന മക്കോണൽ മികച്ച സേവനമാണ് കാഴ്ച വച്ചിട്ടുള്ളതെന്നു അവർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിനു വിരമിക്കേണ്ട കാലമായി. സെനറ്റർ ഡയാനെ ഫെയ്ൻസ്റ്റീൻ (ഡെമോക്രാറ്റ്-കലിഫോർണിയ), ബൈഡൻ എന്നിവരും വിരമിക്കേണ്ട കാലം അതിക്രമിച്ചു. 

"സെനറ്റ് രാജ്യത്തു ഏറ്റവുമധികം പ്രത്യേക അവകാശങ്ങൾ ഉള്ളവരുടെ നഴ്‌സിംഗ് ഹോം ആണ്. മക്കോണൽ മികച്ച നേതാവാണ്. പക്ഷെ വിരമിക്കേണ്ട സമയം എല്ലാവരും അറിഞ്ഞിരിക്കണം."

75 വയസ് കഴിഞ്ഞവർക്കു മാനസികാരോഗ്യ പരിശോധന നടത്തണമെന്നു യുഎന്നിലെ മുൻ അംബാസഡറായ ഹെയ്‌ലി പറഞ്ഞിട്ടുണ്ട്. ബൈഡനെയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും (77) ഉദ്ദേശിച്ചാണ് അതു പറഞ്ഞത്. 

ജൂലൈ 27നു പൊതു ചടങ്ങിൽ വച്ച് രോഗബാധിതനായ മക്കോണലിനു വീണ്ടും ജോലി തുടങ്ങാമെന്നു യുഎസ് ക്യാപിറ്റോളിലെ ഡോക്ടർ ബ്രയാൻ മൊണാഹൻ ബുധനാഴ്ച പറഞ്ഞു.ഭാഗികമായ പക്ഷാഘാതം ആവാം അദ്ദേഹത്തിനു സംഭവിച്ചതെന്നു ചില ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. 

മാർച്ചിൽ രോഗബാധിതയായ ഡയാനെ ഫെയ്ൻസ്റ്റീൻ മാസങ്ങളോളം വിശ്രമിച്ച ശേഷമാണു മേയിൽ തിരിച്ചു സെനറ്റിൽ എത്തിയത്. 2024ൽ വീണ്ടും മത്സരിക്കില്ലെന്നു അവർ പിന്നീട് പ്രഖ്യാപിച്ചു.

സെപ്റ്റംബർ 5 നു സെനറ്റ് വീണ്ടും സമ്മേളിക്കുമ്പോൾ മക്കോണലിനു പകരം മറ്റൊരു നേതാവിനെ കണ്ടെത്തുന്ന കാര്യം ആലോചിക്കണമെന്ന നിർദേശം റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.  

മക്കോണലുമായി സംസാരിച്ചെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ബൈഡൻ വ്യാഴാഴ്ച പറഞ്ഞു. 

Haley says Senate a nursing home 

 

 

Join WhatsApp News
Mary mathew 2023-09-02 09:35:40
Yes Miss Nikky we have to put a curtain inorder to prohibit the nursing home inmates to get in to politics Anyway there brain might not be the same .So let the new generation in politics with new ideas .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക