Image

ട്രംപിന്റെ ജോർജിയ കേസ് വിചാരണ ലൈവായി  ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും ഉണ്ടാവും 

Published on 01 September, 2023
ട്രംപിന്റെ ജോർജിയ കേസ് വിചാരണ ലൈവായി  ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും ഉണ്ടാവും 



ജോർജിയയിൽ 2020 തിരഞ്ഞെടുപ്പ് ഫലം തിരുത്താൻ ശ്രമം നടത്തിയെന്ന കേസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും 18 കൂട്ടുപ്രതികളുടെയും വിചാരണ ടെലിവിഷനിലും ഇന്റർനെറ്റിലും ലൈവായി സംപ്രേക്ഷണം ചെയ്യാൻ അനുമതി നൽകിയെന്നു കേസ് കൈകാര്യം ചെയ്യുന്ന ഫുൾട്ടൺ കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്‌ജ്‌ സ്കോട്ട് മക്കാഫി അറിയിച്ചു. 

യൂട്യൂബ്, റേഡിയോ എന്നീ മാധ്യമങ്ങളും അനുവദിച്ചു. നിശ്ചല ചിത്രങ്ങൾ എടുക്കാനും അനുമതിയുണ്ട്. 

വിചാരണയുടെ സുതാര്യത എന്ന നിയമം ആണ് ഈ തീരുമാനത്തിനു പ്രേരണയെന്നു ജഡ്‌ജ്‌ പറഞ്ഞു. വിചാരണ തീയതി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ 6നു കുറ്റപത്രം നൽകും. 

നാലു കേസുകളിൽ പ്രതിയായ ട്രംപ് ഈ കേസിലാണ് ആദ്യമായി പൂര്ണസമയം ക്യാമറകൾക്കു മുന്നിൽ നിൽക്കുക. 

പാർട്ടിയിൽ ഭിന്നത 

അതിനിടെ ഫുൾട്ടൺ കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോണി ഫാനി വില്ലിസിനെ സംസ്ഥാന കോൺഗ്രസിൽ വിചാരണ ചെയ്യണമെന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കളുടെ ആവശ്യം ഗവർണർ ബ്രയാൻ കെംപ് തള്ളി. അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം അസ്വീകാര്യമാണെന്നു അദ്ദേഹം പറഞ്ഞു. "നിയമം അതിന്റെ വഴിക്കു സഞ്ചരിക്കും. ഡി എ വില്ലിസിന്റെ നടപടികൾ അവരെ പ്രോസിക്യൂട്ട്  ചെയ്യാൻ കരണമാവുന്നതായി എനിക്ക് ഇത് വരെ തെളിവ് കിട്ടിയിട്ടില്ല.

"ഞാൻ ഗവർണർ ആയിരിക്കുന്ന കാലത്തോളം ഞങ്ങൾ നിയമവും ഭരണഘടനയും അനുസരിച്ചു മാത്രം പ്രവർത്തിക്കുമെന്നു ഞാൻ ഉറപ്പു പറയുന്നു. അതു കൊണ്ടു രാഷ്ട്രീയ നഷ്ടം ആർക്കുണ്ടായാലും." 

ജോർജിയയുടെ റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ ജോൺ ബേൺസും ഇക്കാര്യത്തിൽ ഗവര്ണറോടൊപ്പമാണ്. കോടതിയിൽ ഇരിക്കുന്ന ക്രിമിനൽ കേസിൽ ഇടപെടാൻ സഭയ്ക്കു അധികാരമുണ്ടെന്ന തെറ്റായ ധാരണ ചില കോൺഗ്രസ് അംഗങ്ങൾക്കുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രത്യേക സമ്മേളനം വിളിക്കാൻ കോൺഗ്രസിൽ വേണ്ടത്ര പിന്തുണ പോലുമില്ലെന്നു സ്റ്റേറ്റ് സെനറ്റ് മജോറിറ്റി ലീഡർ സ്റ്റീവ് ഗൂച് പത്രങ്ങളോടു പറഞ്ഞു. ട്രംപ് പക്ഷക്കാർ ചില അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്.

ട്രംപിനെ പ്രോസിക്യൂട്ട് ചെയ്താൽ അദ്ദേഹത്തിന്റെ അനുയായികൾ ആഭ്യന്തര യുദ്ധം തുടങ്ങുമെന്ന് സെനറ്റർ കോൾട്ടൻ മൂർ ഭീഷണി മുഴക്കിയിരുന്നു. 

Trump trial to be televised live 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക