Image

സഖറിയ മാര്‍ അന്തോണിയോസ് (77) കാലം ചെയ്തു, കബറടക്കം ചൊവ്വാഴ്ച

Published on 21 August, 2023
സഖറിയ മാര്‍ അന്തോണിയോസ് (77) കാലം ചെയ്തു, കബറടക്കം ചൊവ്വാഴ്ച

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പൊലീത്ത സഖറിയ മാര്‍ അന്തോണിയോസ് (77) കാലം ചെയ്തു. 1991 മുതല്‍ 2009 വരെ കൊച്ചി ഭദ്രാസനത്തിന്റെയും 2009 മുതല്‍ 2022 നവംബര്‍ 3ന് ചുമതലകളില്‍നിന്ന് വിരമിക്കുന്നതു വരെ കൊല്ലം ഭദ്രാസനത്തിന്റെയും അധ്യക്ഷനായിരുന്നു. ഇന്നലെ രാവിലെ 10ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ ഡോ. കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. 

ഭൗതികശരീരം ഇന്ന് 9.30ന് വിലാപയാത്രയായി മാവേലിക്കര, പുതിയകാവ് തട്ടാരമ്പലം, കായംകുളം വഴി കൊല്ലം ഭദ്രാസന അരമനയിലും തുടര്‍ന്ന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ എത്തിക്കും. കബറടക്കം നാളെ (ചൊവ്വാഴ്ച) 2.30ന്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൗണ്ട് ഹോറേബ് ആശ്രമത്തില്‍.

കൊല്ലം ഭദ്രാസന അധ്യക്ഷനായിരിക്കെ 75 വയസ്സു പൂര്‍ത്തിയായപ്പോള്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ച മാര്‍ അന്തോണിയോസ് കഴിഞ്ഞ നവംബര്‍ മുതല്‍ മല്ലപ്പള്ളിക്കു സമീപം ആനിക്കാട്ട് അന്തോണിയോസ് ദയറയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

പുനലൂര്‍ വാളക്കോട് സെന്റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി.ഏബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി 1946 ജൂലൈ 19നാണ് ഡബ്ല്യു.എ.ചെറിയാന്‍ (മാര്‍ അന്തോണിയോസ്) ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ഫാത്തിമമാതാ നാഷനല്‍ കോളജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. തുടര്‍ന്ന് കോട്ടയം വൈദിക സെമിനാരിയില്‍ പഠനം.  1974 ഫെബ്രുവരി 2ന് വൈദികനായി. 1989ല്‍ പത്തനംതിട്ടയില്‍ നടന്ന മലങ്കര അസോസിയേഷനില്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 1991ഏപ്രില്‍ 30ന് മെത്രാപ്പൊലീത്തയായി. 

സഹോദരങ്ങള്‍: അച്ചാമ്മ മാമ്മന്‍, ഡബ്ല്യു.എ.കുര്യന്‍, കുരുവിള ഏബ്രഹാം, സൂസന്‍ മാത്യു, സുജ ബൈജു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക